- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആലപ്പുഴ നെടുമുടി ശശിനിവാസിൽ ശശിധരൻ നായരുടെയും ശ്യാമളകുമാരിയുടെയും മകൻ ശരത് കുമാറി(37)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ ലബ്ബകടവ് ചെമ്പകത്തിനാൽ ബാബു ജോർജിന്റെയും ലൈലയുടെയും മകൻ ഫെർസിൽ ബാബു(36)വിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി.
ശരത്കുമാർ ന്യൂസിലാൻഡിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ശരത്കുമാർ ന്യൂസിലാന്റിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെ കുടുംബ സമേതം താമസിച്ചു വരവേയാണ് അപകടം. ന്യൂസീലൻഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീൻപിടിത്തത്തിനിടെയാണ് ഇവരെ കാണാതായത്. ഫിഷിംങ് മത്സരത്തിലെ ജോഡികളായിരുന്നു ഇരുവരും.
സംഭവസ്ഥലത്തു നിന്നു മൂന്നു കിലോമീറ്റർ മാറി തീരക്കടലിൽനിന്നാണു ശരത് കുമാറിന്റെ മൃതദേഹം ലഭിച്ചത്. എംബാം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ വിട്ടുകൊടുക്കൂ. ഇതു സംബന്ധിച്ച് തീരുമാനം ഇന്ന് അറിയാം. നോർത്ത്ലൻഡിലെ തൈഹരൂരിന് അടുത്തുള്ള ദി ഗ്യാപ്പിലെ പാറക്കെട്ടുകൾക്കു സമീപമാണ് ഇരുവരം ചൂണ്ടയിടാൻ പോയത്.
കഴിഞ്ഞ ഒന്നിനു ന്യൂസിലൻഡ് സമയം വൈകിട്ട് നാലോടെയാണ് ഇവരെ കാണാതായത്. ചൂണ്ടയിടുന്നതിനിടയിൽ ശരത് കുമാർ ഭാര്യക്ക് ലൊക്കേഷൻ സ്‌കെച്ച് അയച്ചിരുന്നു. വൈകിയും ഭർത്താവ് തിരിച്ചെത്താതിരുന്നതോടെ ലൊക്കേഷൻ വിവരം അടക്കം കാണിച്ച് ഇവർ നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തായ്ഹാരുരു ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ രാത്രി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വീണ്ടും നടത്തിയ തെരച്ചിലിലാണു ശരത് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. നഴ്സ് ആയ ശരത്തും ഫെർസിലും കുടുംബത്തോടൊപ്പം ന്യൂസിലൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണു താമസം മാറിയത്. സൂര്യയാണു ശരത്തിന്റെ ഭാര്യ. അഞ്ചു വയസുള്ള മകളുമുണ്ട്.
മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബു ന്യൂസിലൻഡിൽ എത്തിയത് മികച്ച തൊഴിലവസരം തേടിയാണ്. കാത്തിരിപ്പിന് ഒടുവിൽ വർക്ക് പെർമിറ്റ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിന് ഇടയിലാണു ദുരന്തം എത്തിയത്. ദുബായിൽ ജോലി ചെയ്ത് വരവെ ന്യൂസിലൻഡിൽ സർക്കാർ നഴ്സായ തിരുവല്ല കാവുംഭാഗം കൈലാത്ത് (മോഹൻ വില്ല) മോഹൻ-അനിത ദമ്പതികളുടെ മകൾ ആഷ്ലിയെ ഫെർസിൽ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പോയി. സ്പൗസ് വിസയിലായിരുന്നു ഫെർസിൽ പോയത്. തുടർന്ന് ജോലി നേടാനുള്ള പരിശ്രമത്തിലായിരുന്നു.
വിവാഹത്തിനു തൊട്ടുപിന്നാലെ ന്യൂസിലൻഡിലേക്കു പോയ ദമ്പതികൾക്ക് അവിടെവച്ചാണ് ആൺകുഞ്ഞ് പിറന്നത്. ആറു മാസമായ മിഖായിലിന്റെ മാമോദീസയ്ക്കു കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ വരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഫെർസിലിനു വർക്ക്പെർമിറ്റ് ലഭിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം.
പായ്ക്കപ്പലിൽ കടലിൽ സഞ്ചരിക്കുന്നതും കടൽ ഇടുക്കിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും തിരമാലകളെ കീറിമുറിച്ച് നീന്തുന്നതും എല്ലാം ഫെർസിലിന്റെ വിനോദങ്ങളായിരുന്നു. ആറു മാസം മുമ്പാണ് സെൻട്രൽ വാങ്കാരെയിലേക്ക് താമസം ആരംഭിച്ചത്. ന്യൂസിലൻഡിലെ ഗ്രാമീണ മേഖലയാണിത്. ഈ ഭാഗത്തെ കടൽ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. കാഴ്ചയിൽ ശാന്തമെന്നു തോന്നുമെങ്കിലും പെട്ടെന്ന് തിരയുയരുകയും താഴുകയും ചെയ്യുന്ന ഇടമാണ്. തിര കയറി ഇറങ്ങുന്നതിനാൽ വഴുക്കലുള്ള പാറ കൂട്ടങ്ങളാണ്. അപകടകരമായ പാറ ഇടുക്കുകളുമുണ്ട്. ഫെർസിലും ശരതും. ഇവിടെ ചൂണ്ട ഇടാനെത്തിയാണ് അപകടത്തിൽപെട്ടത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ഫെർസിലിന്റെ ഭാര്യ ആഷ്ലിയാണ് വിവരം മൂവാറ്റുപുഴയിലെ വീട്ടിൽ അറിയിച്ചത്. ശരത് കുമാർ ഭാര്യക്കയച്ച ലൊക്കേഷൻ മാപ്പിൽനിന്നാണ് പൊലീസ് ഇവർ എവിടെയാണു പോയതെന്ന് കണ്ടെത്തിയത്. ശരത്കുമാറിന്റെ ഭാര്യ സൂര്യ എസ്. നായരും മകളുംന്യൂസീലൻഡിലാണ്.
മലയാളി അസോസിയേഷനും കൂട്ടുകാരുംചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ഇവരുടെ വാഹനം, വസ്ത്രം, പാദരക്ഷകൾ എന്നിവ കണ്ടെത്തിയിരുന്നു. ന്യൂസീലൻഡിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ഇരുവരും കൂടി അപകട സാധ്യതയുള്ള ബീച്ചിൽ മീൻപിടിക്കാൻ പോയതാണ്. വഴുവഴുപ്പുള്ള പാറപ്പുറത്തുനിന്ന് കടലിലേക്ക് വീണു പോയിരിക്കാമെന്നാണ് നിഗമനം. ആദ്യം വീണുപോയ ആളെ രക്ഷിക്കാനായി അടുത്തയാൾ ഷൂസ് അഴിച്ചുെവച്ച് വെള്ളത്തിലിറങ്ങിയതാകുമോ എന്ന് സംശയിക്കുന്നുണ്ട്.
ശരത്കുമാറിന്റെ മരണവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും ഞെട്ടലിലാണ്. സംഭവത്തിൽ ഫാങ്കരെ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പ്രദേശത്തെ മലയാളി കമ്മ്യൂണിറ്റിയിലെ സജീവ അംഗമായിരുന്നു മരിച്ച ശരത് കുമാർ. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനുമായി ന്യൂസിലാൻഡ് മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ധനശേഖരണവും നടത്തുന്നുണ്ട്. ഫെൻസിനെ കണ്ടെത്താനുള്ള തിരച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തകരെയും മലയാളി സമൂഹം സജീവമായി ബന്ധപ്പെടുന്നുണ്ട്.
പാറക്കെട്ടുകളിൽനിന്ന് ചൂണ്ടയിട്ട് കടലിലെ മീൻ പിടിക്കുന്നതാണ് റോക്ക് ഫിഷിങ്. പാറക്കെട്ടുകളിലേക്കുള്ള ശക്തമായ തിരമാലകളും പാറയിടുക്കുകളിലെ അപകടങ്ങളും കടൽജീവികളും ഈ വിനോദത്തെ അപകടകരമാക്കുന്നു. ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഇതൊരു ജനപ്രിയ വിനോദമാണ്.