ലണ്ടൻ: ബ്രിട്ടനിൽ ഏതാനും വർഷമായി കുടിയേറ്റക്കാർ നേടിക്കൊണ്ടിരുന്ന മേൽക്കൈ സാവധാനം കുറയുകയാണ് എന്ന് വ്യക്തമായതോടെ അടുത്ത സ്ഥലം വേഗത്തിൽ പിടിയിൽ ഒതുക്കാനുള്ള ശ്രമം കേരളത്തിലെ റിക്രൂട്ടിങ് മാഫിയ തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വർഷം മുന്നിൽ എത്തിയതോടെ കുടിയേറ്റം ശക്തമായി നിയന്ത്രിക്കണം എന്ന ചിന്തയിൽ വിദ്യാർത്ഥി വിസക്കാരെ ലക്ഷ്യം വച്ചുള്ള നിയന്ത്രണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം ജനുവരിയിൽ പ്രവേശനം നേടുന്ന ഭൂരിഭാഗം പേർക്കും കൂടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ. യുകെയിൽ പഠിക്കാൻ വരുന്നതിനൊപ്പം സാധ്യമായാൽ കുടിയേറ്റം കൂടി ശരിപ്പെടുത്തുക എന്ന ചിന്തയോടെയാണ് ഭൂരിഭാഗം പേരും കുടുംബ വിസ കൂടി തയ്യാറാക്കി യുകെയിൽ എത്തുന്നത്.

എന്നാൽ ഇങ്ങനെ എത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായതോടെയാണ് കർക്കശ നടപടി വേണം എന്ന് ഹോം ഓഫിസ് മന്ത്രാലയം സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. അടുത്ത ഏഴു വർഷത്തിനുള്ളിൽ എത്തും എന്ന് കരുതിയ എണ്ണം വിദ്യാർത്ഥി വിസക്കാരാണ് ഇതിനകം യുകെ മണ്ണിൽ കാലുകുത്തി കഴിഞ്ഞിരിക്കുന്നത്. ഈ എണ്ണപ്പെരുപ്പം മൂലം അടുത്തിടെ എത്തിയവരിൽ നല്ലപങ്കും ജോലി കണ്ടെത്താൻ കഴിയാതെ വിഷമിക്കുക്കയാണ്.

പട്ടിണി കിടന്നു ശീലം ഇല്ലാത്ത തലമുറക്കാർ യുകെയിൽ എത്തിയപ്പോൾ അതും ശീലമായി എന്നതിൽ നിന്നും തെളിയുകയാണ് മോഹിച്ചെത്തിയ നാട്ടിലെ ദുരിതം എത്ര വലുതാണ് എന്നതും. ഇക്കാര്യങ്ങൾ വാർത്തകൾ ആയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയും എത്തി തുടങ്ങിയതോടെ യുകെയിൽ ഇനി രക്ഷയില്ല എന്ന സന്ദേശം സാവധാനം എങ്കിലും കേരളത്തിലും എത്തിയിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ നടപടികൾ കടുപ്പിക്കുകയാണ് എന്ന വാർത്ത കൂടി പുറത്തു വന്നതോടെയാണ് മലയാളി വിദ്യാർത്ഥികളും ചെറുപ്പക്കാരും ഓസ്‌ട്രേലിയ, കാനഡ, ന്യുസിലാൻഡ് എന്നിവിടങ്ങളിൽ മരുപ്പച്ച തേടി തുടങ്ങിയത്.

ഇതിൽ ഓസ്‌ട്രേലിയ കുറച്ചു കൂടി താമസത്തിനു പറ്റിയ സ്ഥലം എന്ന നിലയിൽ ആകർഷണീയം ആയതോടെ അന്വേഷകരുടെ എണ്ണവും കൂടി. ഇതനുസരിച്ചു വിദ്യാർത്ഥി ഏജൻസികളുടെ പരസ്യത്തിലും വർധന വന്നിട്ടുണ്ട്. ഒരു പ്രയാസവും കൂടാതെ ഓസ്‌ട്രേലിയയിൽ എത്തിക്കാം എന്നതാണ് പതിവ് പോലെ എജൻസികളുടെ വാഗ്ദാനം. ഓസ്‌ട്രേലിയയിൽ ജീവിക്കാൻ ചുരുങ്ങിയത് ഒരു വർഷം പത്തു ലക്ഷം രൂപയ്ക്ക് തുല്യമായ ഇന്ത്യൻ തുക ആവശ്യം ഉണ്ടെന്നു ഓസ്‌ട്രേലിയൻ സർക്കാർ മുൻകൂട്ടി വ്യക്തമാക്കുന്നത് ആ പണം അവിടെ എത്തിയ ശേഷം കണ്ടുപിടിക്കാം എന്ന് ചിന്തിക്കുന്നവരുടെ തലയിലേക്ക് കേറുവാൻ കൂടിയാണ്.

സമാനമായ ചെലവ് യുകെയിൽ ആവശ്യമാണ് എങ്കിലും വിമാനം ഇറങ്ങിയാൽ ജോലികൾ നിങ്ങളെ കാത്തുകിടക്കുകയാണ് എന്ന വഞ്ചന വാക്കുകൾ കേട്ടാണ് നല്ല പങ്കു മലയാളി വിദ്യാർത്ഥികളും യുകെയിൽ കാലുകുത്തിയത്. ഇപ്പോൾ പലരും മാസം പട്ടിണി കൂടാതെ പിടിച്ചു നിൽക്കാൻ 50,000 രൂപ വീതം നാട്ടിൽ നിന്നും യുകെയിൽ എത്തിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിടയിൽ ഓസ്‌ട്രേലിയയിൽ 29,000 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് എത്തിച്ചേർന്നത്. ഇത് തൊട്ടു തലേവർഷത്തേക്കാൾ 160 ശതമാനം അധികം ആണെന്ന് ഓസ്‌ട്രേലിയൻ സർക്കാർ കണക്കുകൾ പറയുന്നു. ഈ ട്രെൻഡ് തുടർന്നാൽ ബ്രിട്ടനിലേക്കാൾ കഷ്ടമാകും ഓസ്‌ട്രേലിയയിലെ കാര്യം എന്നുറപ്പാണ്. ഇത് മുൻകൂട്ടി കണ്ടു നടപടികൾ കടുപ്പിക്കുകയാണ് ഓസ്‌ട്രേലിയൻ സർക്കാരും. വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി ഓസ്‌ട്രേലിയയിൽ കൂട്ടത്തോടെ എത്തി എന്ന കാരണത്താൽ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരുടെ വിസ തടയാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. മിക്ക യൂണിവേഴ്സിറ്റികളിലും ഈ നിരോധനം പ്രാബല്യത്തിൽ എത്തിക്കഴിഞ്ഞു.

നിരോധനം താൽക്കാലികം ആണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി അഡ്‌മിഷൻ തരപ്പെടുത്തി എന്ന കുറ്റത്തിന് ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകളാണ് പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. മുൻപ് യുകെയിൽ പഞ്ചാബിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകൾ ഇത്തരത്തിൽ നിരസിക്കപ്പെട്ടിരുന്നു.

വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് എല്ലാം ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസികളുടെ കത്ത് കിട്ടിക്കഴിഞ്ഞു. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ അപേക്ഷകൾ എത്തിയപ്പോൾ അതിൽ 25 ശതമാനവും പ്രാഥമിക പരിശോധനയിൽ യോഗ്യത ഇല്ലെന്നു കണ്ടതോടെയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ യൂണിവേഴ്‌സിറ്റികൾ തയ്യാറായത്.

വിദ്യാർത്ഥി നിരോധനത്തിന് പ്രത്യക്ഷമായി ഓസ്‌ട്രേലിയൻ സർക്കാർ പറയുന്നതും ബ്രിട്ടൻ പറയുന്ന അതേ കാരണങ്ങൾ തന്നെയാണ്. പഠിക്കാൻ എത്തുന്നു എന്ന വ്യാജേന കുടിയേറ്റത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മുൻകൈ എടുക്കുന്നത് എന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഇത് തന്നെയാണ് ബ്രിട്ടന്റെ ഭാഷയും. ബ്രിട്ടനിൽ എത്തിയവർ യൂണിവേഴ്‌സിറ്റിയിൽ പോകാതെ നേരെ കെയർ ഹോമുകളിൽ വിസ അന്വേഷിച്ച് എത്തിയതും നടപടികൾ കടുപ്പിക്കാൻ സർക്കാരിന് ആവശ്യമായ തെളിവായി മാറുക ആയിരുന്നു. ഇപ്പോൾ ഇതേവഴിയിലാണ് ഓസ്‌ട്രേലിയൻ കുടിയേറ്റവും.

കേരളത്തിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന എജൻസികൾ തന്നെ പറയുന്നത് ഓസ്‌ട്രേലിയയിൽ എത്തിയാൽ കെയർ ഹോം ജോലികൾ ശരിപ്പെടുത്താം എന്നാണ്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് ഇത്തരം ഏജൻസികൾ കേരളത്തിൽ ഇരുന്നു ചെയ്യുന്നത്. താൽക്കാലികമായി കിട്ടുന്ന ബിസിനസ്സിൽ മാത്രമാണ് അവരുടെ ശ്രദ്ധ. എന്നാൽ ഭാവിയിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർക്ക് പഠിക്കാൻ ലഭിക്കുന്ന അവസരമാണ് ഇതിലൂടെ ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും മലയാളികൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു വഴി ഒരുക്കുന്നവരെ തടയാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരാകട്ടെ ഇതൊക്കെ തങ്ങളുടെ പണിയേ അല്ലെന്ന മട്ടിലാണ് യുകെയിൽ നിന്നും എത്തിയ പരാതികളോട് മൗനത്തിന്റെ ഭാഷയിലൂടെ നൽകിയ പ്രതികരണം വഴി തെളിയിക്കുന്നതും.