ലണ്ടൻ: ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടാം വാരത്തിൽ ലണ്ടനിൽ നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ ആകെ കൈയടി കിട്ടിയത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ രണ്ടു കാര്യങ്ങൾക്കാണ്. ഒന്ന് കേരളത്തിൽ നിന്നും 3000 നേഴ്സുമാരെ എത്തിക്കാൻ കേരളത്തിന് കരാർ ലഭിച്ചു. രണ്ടു എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാനം മൂന്നിൽ നിന്നും അഞ്ചു ദിവസമായി ഉയർത്താൻ ശ്രമം നടത്തും. രണ്ടു പ്രഖ്യാപനങ്ങളും പിന്നീട് എയറിൽ നിൽക്കുന്ന കാഴ്ചയാണ് പൊതു സമൂഹം കണ്ടത്. കാരണം കേരളത്തിന് നേരിട്ട് യുകെയുമായി ഏതെങ്കിലും വിധത്തിൽ ഉള്ള കരാറിൽ ഏർപ്പെടാൻ ആകില്ല എന്നായിരുന്നു പിന്നാലെ വന്ന വിശദീകരണം. വിമാനമാകട്ടെ ഉള്ളത് പോലും ഇല്ലാതാകുന്ന വാർത്തയും പിന്നാലെ വന്നു. അതിലും കേരള സർക്കാരിന് റോൾ ഇല്ല എന്ന സൂചന നൽകി എയർ ഇന്ത്യ തന്നെ ഹീത്രോവിനു പകരം നിലവിൽ ഉള്ള സർവീസ് ഗാറ്റ്‌വിക്കിലേക്ക് മാറ്റുകയാണ് എന്നും വിശദീകരിച്ചിരുന്നു. ഹീത്രോവിൽ നിന്നും ഗാറ്റ്‌വിക്കിൽ എത്തുമ്പോഴും മുഖ്യമന്ത്രി പിണറായി പറയും പോലെ അഞ്ചില്ല , പകരം മൂന്നു സർവീസുകൾ മാത്രമാണ് .

ഈ പശ്ചാത്തലത്തിലാണ് 3000 നേഴ്സുമാരുടെ ഒഴിവു നികത്തും എന്ന പ്രഖ്യാപനം ഒരിക്കൽ കൂടി ഓർക്കേണ്ടത് . എന്നാൽ പറഞ്ഞത് മുഴുവൻ പാഴായില്ല എന്ന ആശ്വാസം ഇപ്പോൾ മുഖ്യമന്ത്രിക്കുണ്ട്. യോര്കിൽ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ ശ്രമഫലമായി ആ പ്രദേശത്തെ ഒരു റിക്രൂട്ടിങ് ഏജൻസി മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ എത്തിയപ്പോൾ കൂടിക്കാഴ്ച നടത്തി നേഴ്സുമാരെ എത്തിക്കാൻ തയ്യാറാണ് എന്നറിയിച്ചതാണ് പിന്നീട് കേരളവും യുകെയും കരാറിൽ ഏർപ്പെട്ടു എന്ന വളച്ചൊടിച്ച പ്രസംഗമായി മാറിയതും വാർത്തകളുടെ തലക്കെട്ട് സൃഷ്ടിച്ചതും . ഇപ്പോൾ യോര്കിൽ നിന്നുള്ള അഞ്ചു അംഗ സംഘം കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയതോടെ പേരുദോഷത്തിൽ അല്പം മാറിക്കിട്ടുകയും ചെയ്തു . എന്നാൽ മുഖ്യമന്ത്രി പറഞ്ഞ 3000 നഴ്സുമാരിൽ എത്രപേരെ ഈ യോർക്ക് സംഘത്തിന് ആവശ്യമുണ്ടു എന്നത് കണ്ടറിയാനുള്ള കാര്യമാണ് .

അഞ്ചംഗ സംഘം ചെലവിടുക മൂന്നു ദിവസം

അതിനിടെ യോര്കിൽ നിന്നും കേരളത്തിൽ എത്തിയ അഞ്ചാംഗ സംഘം ചെലവിനായി 10000 പൗണ്ട് എൻഎച്എസിന് ബാധ്യത വരുത്തിയത് ബ്രിട്ടനിൽ മാധ്യമ വിവാദമായി മാറിയിട്ടുണ്ട് . മൂന്നു ദിവസമാണ് സംഘം കേരളത്തിൽ ചെലവിടുന്നത് . ഇത്തരം സന്ദർശങ്ങൾ എൻഎച്എസിന് പാഴ്ചെലവായി മാറുകയാണെന്നും ടെലിഗ്രാഫ് വായനക്കാരുടെ കമന്റുകൾ വർത്തയ്ക്കടിയിൽ നിറയുകയാണ് .

വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് റോബ് വെബ്സ്റ്റർ, നഴ്സിങ് ഡയറക്ടർ ബെവർലി ഗിയറി, അസോസിയേറ്റ് ഡയറക്ടർ ഓഫ് വർക്ക്ഫോഴ്സ് ജോനാഥൻ ബ്രൗൺ, ഇംഗ്ലണ്ട് എൻഎച്ച്എസ് ഹെൽത്ത് എഡ്യൂക്കേഷൻ ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡയറക്ടർ പ്രൊഫ. ഗെഡ് ബൈർണ്, ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡെപ്യൂട്ടി ഡയറക്ടർ റേച്ചൽ മോനാഗൻ എന്നിവരാണ് കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്തു വന്ന സൺഡേ ടെലിഗ്രാഫിലെ ഗബ്രിയേല സെർലിങ് ചെയ്ത റിപ്പോർട്ടാണ് നേഴ്സുമാരെ എത്തിക്കാൻ എന്ന പേരിൽ എൻഎച്എസ് സംഘം വിദേശ യാത്രകൾ സംഘടിപ്പിക്കുകയാണ് എന്ന ആക്ഷേപം കേൾപ്പിക്കുന്നത് . കാരണം മിക്ക എൻഎച്എസ് ട്രസ്റ്റുകളൂം ഇത്തരം റിക്രൂട്ടുകൾ യാതൊരു പണച്ചിലവും ഇല്ലാതെ ഓൺലൈൻ അഭിമുഖം നടത്തി ആളുകളെ യുകെയിൽ എത്തിക്കുമ്പോൾ ഇത്തരം വഴിവിട്ട ചെലവ് അനുവദിക്കുന്നതിൽ ഒരു നീതികരണവും ഇല്ലെന്നാണ് സൺഡേ ടെലിഗ്രാഫ് കണ്ടെത്തുന്നത് . പലപ്പോഴും ഇത്തരം സന്ദർശങ്ങൾ വഴി വിരലിൽ എണ്ണാവുന്ന നേഴ്സുമാരെ കണ്ടെത്തിയാണ് സംഘം മടങ്ങുന്നതും.

വിദേശ റിക്രൂട്‌മെന്റിന്റെ പേരിൽ ഫണ്ട് ധൂർത്ത് എന്നും ആരോപണം

അതിനിടെ വിദേശത്തു നിന്നും കൂടുതൽ നേഴ്സുമാരെ എത്തിക്കാൻ അധികമായി 15 മില്യൺ പൗണ്ട് കൂടി അനുവദിക്കാൻ ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായും ടെലിഗ്രാഫ് റിപ്പോർട്ട് തുടരുന്നു . കഴിഞ ഫെബ്രുവരിയിൽ ആരോഗ്യ പ്രവർത്തകരുടെ വിസ പ്രോസസിങ് ഏറ്റവും വേഗത്തിലും ലളിതവുമാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത് വഴി അനേകായിരം മലയാളികൾക്കാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ യുകെയിൽ എത്താനായത് . സർക്കാരുമായി നേരിട്ടു ബന്ധമുള്ള ഏജൻസിയല്ല ഇപ്പോൾ കേരളത്തിൽ നിയമനവുമായി ബന്ധപ്പെട്ടു എത്തിയിരിക്കുന്നതും . വെസ്റ്റ് യോർക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്ന സർക്കാരിതര ഏജൻസിയാണ് സംഘത്തിന്റെ യാത്ര പരിപാടികൾ ക്രമീകരിക്കുന്നത് . എന്നാൽ ഇത്തരത്തിൽ ഉള്ള യാത്രകൾ ഒന്നും നടത്തിയല്ലല്ലോ തങ്ങൾ ജീവനക്കാരെ ഇന്ത്യയിൽ നിന്നും എത്തിക്കുന്നതെന്നു പ്രദേശത്തെ കെയർ ഹോം ഉടമ പേര് വെളിപ്പെടുത്താതെ വക്തമാക്കി . എൻഎച്എസിൽ ലഭിക്കുന്ന ഫണ്ടുകൾ അകാരണമായി ചിലവഴിക്കപ്പെടുന്നു എന്ന സൂചനയാണ് ഇതിലൂടെ വക്തമാകുന്നത് .

സാമൂഹ്യ ആരോഗ്യ രംഗത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കിങ് ഫണ്ട് ചാരിറ്റി പ്രവർത്തകരിൽ ഒരാളായ സൈമൺ ബോട്ടെറി പറയുന്നത് ഭേദപ്പെട്ട ശമ്പളം നൽകിയാൽ യുകെയിൽ തന്നെ നേഴ്സിങ് ചെയ്യാൻ ആളെക്കിട്ടും എന്നാണ് . ഇപ്പോൾ നേഴ്സുമാരേക്കാൾ ജോലി ഭാരം കുറഞ്ഞ കടകളിൽ പോലും മികച്ച ശമ്പളം കിട്ടുമ്പോൾ എന്തിനു ആശുപത്രികളിൽ അധിക ജോലിയും കുറഞ്ഞ വേതനവും എന്ന നിലയിൽ തുടരണം എന്നും അദ്ദേഹം ചോദിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലെ കണക്ക് പ്രകാരം 1.65 ലക്ഷം ഒഴിവുകൾ എങ്കിലും ആരോഗ്യ രംഗത്തുണ്ടെന്നാണ് സി ക്യൂ സി റിപ്പോർട്ട് പറയുന്നത് .