ലണ്ടൻ: എൻ എച്ച് എസ് നഴ്സുമാർ സമരം തുടങ്ങിയ നാളുകളിൽ അവർക്ക് ഏറെ ജനപിന്തുണ ഉണ്ടായിരുന്നു. ആതുര ശുശ്രൂഷ രംഗത്തെ മാലാഖമാരുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ പൊതുജനം അവരെ കൂടെ നിർത്തുകയായിരുന്നു. എന്നാൽ, സർക്കാർ നൽകിയ പുതിയ ശമ്പള പാക്കേജ് മറ്റു വിഭാഗക്കാർ അംഗീകരിച്ചിട്ടും, അത് അംഗീകരിക്കാതെ സമരത്തിനിറങ്ങുന്ന നഴ്സുമാർക്ക് ജനപിന്തുണ കുറഞ്ഞുവരുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനു പുറകെയാണ് ഇന്നലെ ഇന്റൻസീവ് കെയർയൂണിറ്റുകൾ പോലും പ്രവർത്തിപ്പിക്കാതെ നഴ്സുമാർ സമരം നടത്തിയത്. ചിലയിടങ്ങളിൽ, യൂണിയൻ നിർദ്ദേശം നൽകിയിട്ട് പോലും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് രോഗികളെ പ്രവേശിപ്പിക്കാൻ നഴ്സുമാർ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകളും വരുന്നു. ഈസ്റ്റ് സ്ഫോക്ക് ആൻഡ് നോർത്ത് എസെക്സ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യുട്ടീവ് നിക്ക് ഹ്യും പറഞ്ഞത് നഴ്സുമാരി പരിപാലിക്കാൻ വിസമ്മതിച്ചതിനാൽ ഒരു രോഗിയെ മാത്രമെ ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞുള്ളു എന്നാണ്.

നേരത്തെ 48 മണിക്കൂർ സമരം പ്രഖ്യാപിച്ചിരുന്ന ആർ സി എൻ, 2-ാം തീയതിയിലെ സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ സമരം 28 മണിക്കൂർ ആയി ചുരുക്കിയിരുന്നു ഞയറാഴ്‌ച്ച 8 മണിക്ക് ആരംഭിച്ച സമരം മെയ്‌ 1 പാതിരാത്രിയോടെ അവസാനിക്കുകയായിരുന്നു. രാജ്യത്തെമ്പാടുമായി ആയിരക്കണക്കിന് നഴ്സുമാർ സമരത്തിൽ പങ്കെടുത്തു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരം എന്നായിരുന്നു റോയൽ കോളേജ് ഓഫ് നഴ്സിങ് ഈ സമരത്തെ വിശേഷിപ്പിച്ചത്. എമർജൻസി റൂമ്മ്, ഇന്റൻസീവ് കെയർ യൂണിറ്റ്, കാൻസർ കെയർ വാർഡ് തുടങ്ങിയവ പോലും പലയിടങ്ങളിലും അടഞ്ഞു കിടന്നു. ഈ വിഭാഗത്തിലെ നഴ്സുമാർ പണിമുടക്കുന്നത് ഇതാദ്യമായിട്ടാണ്. എന്നിരുന്നാലും, അവസാന നിമിഷം ചില അംഗങ്ങൾക്ക് സമരം അവസാനിപ്പിക്കാനും, രോഗികളെ ശുശ്രൂഷിക്കുവാനുമുള്ള അനുവാദം ആർ സി എൻ നൽകുകയുണ്ടായി.

എന്നാൽ, കോൾചെസ്റ്റർ ഹോസ്പിറ്റലിലെ ചില നഴ്സുമാർ നേതാക്കൾ നൽകിയ ഈ അനുമതിയെ നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. നേതാക്കളുടെ വാക്കുകൾക്ക് വില കൊടുക്കാതെ അവർ ഞായറാഴ്‌ച്ച ജോലിയിൽ നിന്നും വിട്ടുനിന്നു. ആശുപത്രി അധികൃതരും ആർ സി എനും നിർദ്ദേശിച്ചിട്ടും ജോലിക്ക് ഹാജരാകാത്ത നഴ്സുമാരുടെ നടപടി പരക്കെ വിമർശനങ്ങൾ ഉയർത്തുകയാണ്.