- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനെ ഞെട്ടിച്ച് നഴ്സുമാർക്കിടയിലെ സർവേഫലം
ലണ്ടൻ: എൻ എച്ച് എസ്സ് ജീവനക്കാർക്കിടയിൽ 2023-ൽ നടത്തിയ വാർഷിക സർവ്വേയിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകരിൽ 12 ൽ ഒരാൾ വീതം ലൈംഗിക ചുവയുള്ള പരാമർശങ്ങൾക്കോ ലൈംഗികാതിക്രമത്തിനോ ഇടയാകുന്നു എന്നാണ് സർവ്വേ പറയുന്നത്. രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും, പൊതു ജനങ്ങളിൽ നിന്നുമായി 2023 - 58,000 എൻ എച്ച് എസ്സ് ജീവനക്കാർക്ക് ലൈംഗിക പീഡനമോ ലൈംഗിക അവഹേളനമോ അനുഭവിച്ചതായി ഹെൽത്ത് സർവ്വീസിന്റെ വാർഷിക സർവ്വേയിൽ പറയുന്നു.
ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, ലൈംഗിക ചുവയോടെയുള്ള നോട്ടം, സ്പർശനം എന്നിവയൊക്കെ ഇതിൽ ഉൾപ്പെറ്റും. ഇംഗ്ലണ്ട് എൻ എച്ച് എസ്സിലെ സർവ്വേയിൽ ഇതാദ്യമായിട്ടാണ് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 6,75,140 എൻ എച്ച് എസ്സ് ജീവനക്കാരിൽ84,000 ഓളം പേർ പറഞ്ഞത് കഴിഞ്ഞ വർഷം രോഗികളിൽ നിന്നോ, അവരുടെ ബന്ധുക്കളിൽ നിന്നോ മറ്റ് ജീവനക്കാരിൽ നിന്നോ അത്തരത്തിലുള്ള അനുഭവം ഉണ്ടായി എന്നാണ്.
12- ൽ ഒരാൾ വീതം (58,534 പേർ) പറഞ്ഞത് ചുരുങ്ങിയത് ഒരു തവണയെങ്കിലും അനാവശ്യമായ ലൈംഗിക ചുവയുള്ള പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്. 26,000 പേർ (3.8 ശതമാനം) പറഞ്ഞത് അത്തരത്തിലുള്ള പെരുമാറ്റം സഹപ്രവർത്തകരിൽ നിന്നുണ്ടായി എന്നാണ്. ആംബുലൻസ് ജീവനക്കാർക്കാണ് ഇതുപോലുള്ള പെരുമാറ്റം കൂടുതലായി അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഇവരിൽ 26 ശതമാനം പേർ പൊതുജനങ്ങളിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ ഉണ്ടായവരാണെങ്കിൽ 9 ശതമാനം പേർ പറയുന്നത് സഹപ്രവർത്തകരിൽ നിന്നും അനാവശ്യ പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്.
ഇക്കാര്യത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് നഴ്സിങ് ആൻഡ് ഹെൽത്ത്കെയർ അസിസ്റ്റന്റുമാരാണ്. ഈ വിഭാഗത്തിൽ പെട്ടവരിൽ 17 ശതമാനം പേർക്ക് പൊതുജനങ്ങളിൽ നിന്നും കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടായപ്പോൾ മൂന്നാം സ്ഥാനത്തുള്ള നഴ്സുമാരിലും മിഡ്വൈഫുമാരിലും 11 ശതമാനം പേർക്കാണ് ലൈംഗിക പരാമർശങ്ങളെയോ അതിക്രമങ്ങളെയോ നേരിടേണ്ടി വന്നത്. മാത്രമല്ല, വംശീയ വിവേചനം, ലിംഗ വിവേചനം, ഹോമോഫോബിയ, ഏബിളിസം എന്നിവയും ധാരാളമായി ആരോഗ്യ പ്രവർത്തകർക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്.
57,000 (8.5 ശതമാനം) ജീവനക്കാർക്ക് രോഗികളിൽ നിന്നും കഴിഞ്ഞ വർഷം വിവേചനം അനുഭവിക്കേണ്ടതായി വന്നു. ഇത് 2019-ൽ 7.2 ശതമാനമായിരുന്നു. സമാനമായ രീതിയിൽ ഇതെ കാലയളവിൽ മാനേജർമാർ, ടീം ലീഡർമാർ, സഹപ്രവർത്തകർ എന്നിവരിൽ നിന്നും വിവേചനം അനുഭവിക്കേണ്ടി വന്നവരുടെ എണ്ണവും കഴിഞ്ഞ വർഷം വർദ്ധിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും അവഹേളനങ്ങൾക്ക് പാത്രമാകുന്ന എൻ എച്ച് എസ്സ് ജീവനക്കാരുടെ എണ്ണവും കഴിഞ്ഞ വർഷം കൂടുതലായിരുന്നു.
എന്നാൽ, ചില ശുഭ സൂചനകളും ഈ സർവ്വേഫലത്തിലുണ്ട്. കൊഴിഞ്ഞുപോക്ക് കഴിഞ്ഞവർഷം ഏറെ കുറഞ്ഞിട്ടുണ്ട്. അതുപോലെ തൊഴിൽ വൈകാരികമായി തളർത്തുന്നു എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.