- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യുകെ മലയാളിക്ക് ആകസ്മിക മരണം; നോട്ടിംഗാമിലെ ദിലീപ് ഫ്രാൻസിസ് ജോർജ്ജിന് വിമാനത്തിൽ വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ കാക്കാനായില്ല; ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയ ഭാര്യക്ക് മുന്നിലെത്തിയത് നെഞ്ചു പിളർക്കുന്ന മരണ വാർത്ത
കവൻട്രി: ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത യുകെ മലയാളിക്ക് ആകസ്മിക മരണം. നോട്ടിങ്ഹാമിന് അടുത്ത ഇക്കിൾസൻ എന്ന പ്രദേശത്തു താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് എന്ന വ്യക്തിയാണ് മരിച്ചത്. വിമാനത്തിൽ വച്ച് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ദിലീപിന് വിമാന യാത്രക്കാരുടെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും ജീവൻ കാക്കാൻ സാധിക്കാതെ വരികയായിരുന്നു. ലണ്ടനിലേക്ക് പറന്നു കൊണ്ടിരിക്കെ തന്നെ വിമാനത്തിൽ നിന്നും എയർ ഇന്ത്യയുടെ ഓഫീസിലേക്കു രാവിലെ അടിയന്തര സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ കുടുംബത്തെ കണ്ടെത്തി വിവരം അറിയിക്കണം എന്നും സന്ദേശം ലഭിക്കുക ആയിരുന്നു.
രാവിലെ പതിനൊന്നരക്ക് ലാൻഡ് ചെയ്യേണ്ട വിമാനത്തിൽ നിന്നും എയർ ഇന്ത്യ ഓഫിസിൽ വിവരം എത്തുന്നത് ഒൻപതര കഴിഞ്ഞ ശേഷമാണ്. തുടർന്ന് യാത്രക്കാരന്റെ കുടുംബത്തെ കണ്ടെത്താൻ എയർ ഇന്ത്യയിൽ ബിസിനസ് ബന്ധമുള്ള ലണ്ടൻ മലയാളിയുടെ സഹായം തേടുക ആയിരുന്നു. ഓക്‌സ്‌ഫോർഡിൽ ഉള്ള ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായതോടെ ട്രാവൽ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവരുടെ കൈവശം യാത്രക്കാരന്റെ വിവരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാവിലെ പത്തു മണിയോടെ ഇത് സംബന്ധിച്ച ആദ്യ സന്ദേശം ഡയറക്റ്റ് ഫ്‌ളൈറ്റ് എന്ന കാംപയിൻ ഗ്രൂപ്പിൽ എത്തുക ആയിരുന്നു. തുടർന്ന് യുകെ മലയാളി സമൂഹം അതിവേഗത്തിൽ പരസ്പരം ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്താൻ ശ്രമിക്കുക ആയിരുന്നു. വിവരം അറിയിക്കാൻ വീട്ടിൽ എത്തിയ നോട്ടിൻഹാമിലെ മലയാളിക്ക് വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടെത്താനായത്. ഇതോടെ ഭാര്യയും മക്കളും എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന ദിലീപ് ഫ്രാൻസിസ് ജോർജിനെ സ്വീകരിക്കാൻ പുറപ്പെട്ടതായാണ് അനുമാനിക്കാൻ കഴിഞ്ഞത്. അയൽവാസികൾ നൽകിയ സൂചനയും അത് തന്നെയാണ്.
എന്നാൽ പതിനൊന്നരയോടെ വിമാനം ലാൻഡ് ചെയ്യുമ്പോഴേക്കും പൊലീസ് സഹായം ആവശ്യമുണ്ടെന്നു കൂടി വിമാനത്തിൽ നിന്നും പൈലറ്റ് എയർ ഇന്ത്യ ഓഫിസിനെ അറിയിച്ചതായും സൂചനയുണ്ട്. ഈ സമയമൊക്കെയും ഇതൊന്നും അറിയാതെ യാത്രക്കാരന്റെ ഭാര്യ അദ്ദേഹത്തെ സ്വീകരിക്കാൻ എയർപോർട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ