ദമാം: ജീവിതപ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ കടൽ കടന്നെത്തി കഠിനമായ മാനസിക പീഡനങ്ങൾക്കിരയായ മലയാളി യുവതിയെ ഒഐസിസി ഹഫർ അൽ ബത്തീൻ നാട്ടിലെത്തിച്ചു. ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു സൗദിയിലെത്തിച്ച് വീട്ടുജോലിക്കാരിയാക്കിയ ഏജന്റിന്റെ ചതി മൂലം പ്രവാസ ലോകത്ത് ഏറെ ദുരിതങ്ങൾ സഹിക്കേണ്ടിവന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ മിനി ശ്യാമിനെയാണ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്.

കേരളത്തിലെ ഏജന്റ് ഒരു വലിയ ധനിക കുടുംബത്തിൽ രോഗിയായ വൃദ്ധയെ പരിചരിക്കാൻ നഴ്‌സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇവരെ സമീപിച്ചത്. 60000 രൂപയോളം സർവ്വീസ് ചാർജ് നൽകിയാണ് ജോലി വാഗ്ദാനം സ്വീകരിച്ചത്. വീട്ടുജോലിക്കാരിയായിട്ടാണ് തന്നെ കൊണ്ടുവന്നിരിക്കുന്നത് എന്ന് സൗദിയിൽ എത്തിയതിന് ശേഷമാണ് മനസ്സിലായത്. വീട്ടുജോലി ചെയ്യാൻ തയ്യാറല്ല എന്ന നിലപാടെടുത്തപ്പോൾ വഴക്കും, ശകാരവും, മർദ്ദനങ്ങളും തുടങ്ങി. ഗത്യന്തരമില്ലാതെ അവിടെ അവർ വീട്ടുലോലി ചെയ്യാൻ തുടങ്ങി.

വീട്ടുജോലിയിൽ പരിചയമില്ലാത്ത മിനിക്ക് അവിടുത്തെ ജീവിതം അസ്സഹനീയമായി മാറി. ഈ വിവരം അറിഞ്ഞ വീട്ടുകാർ വിവിധ അധികൃതർക്കും നാട്ടിലെ ഏജൻസിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മിനി ഫേസ്‌ബുക്ക്ഗ്രൂപ്പിൽ സഹായ അഭ്യർത്ഥന നടത്തിയത് റിയാദിലെ സാമൂഹിക പ്രവർത്തകർ ഹഫർ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ ശ്രദ്ധയിൽ പെടുത്തി. അപ്പോൾ തന്നെ മിനിയുടെ കുടുംബത്തെ വിളിച്ചു ഒഐസിസി അവർക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടത്താൻ വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തി. ഒഐസിസി ദേശീയ ജീവകാരുണ്യ കൺവീനർ സിറാജ് പുറക്കാടിന്റെ സഹായത്താൽ രണ്ട് പൊലീസ് സാന്നിധ്യത്തിൽ വിബിൻ മറ്റത്തും, ഷിനാജ് കരുനാഗപ്പള്ളിയും, സൈഫുദ്ധീൻ പള്ളിമുക്കും ചേർന്ന് മിനി താമസിക്കുന്ന വീട്ടിൽ പോയി അടച്ചിട്ടിരിക്കുന്ന മുറിയിൽ നാല് ദിവസമായി ആഹാരം ഒന്നും കഴിക്കാതെ അബോധാവസ്ഥയിലായിരുന്ന മിനിയെ മോചിപ്പിച്ചു.

രണ്ട് മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് മിനിയെ ഒഐസിസി ക്ക് നാട്ടിലെത്തിക്കാൻ സാധിച്ചത്. നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ വിബിൻ മറ്റത്തിനും , ഷിനാജ് കരുനാഗപ്പള്ളിക്കും , സൈഫുദ്ധീൻ പള്ളിമുക്കിനും,താമസ സൗകര്യമൊരുക്കിയ ഷിനാജിന്റെ കുടുംബത്തിനും , ജിതേഷ് തെരുവത്തിന്റെ കുടുംബത്തിനും , ടിക്കറ്റ് നൽകിയ ജോമോൻ ജോസഫിനും ഒഐസിസി ഹഫറിലെ മുഴുവൻ അംഗങ്ങൾക്കും, ധനസഹായം നൽകിയ ഹഫറിലെ മുഴുവൻ സുമനസ്സുകൾക്കും മിനിയുടെ കുടുംബം നന്ദി അറിയിച്ചു