മസ്‌കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിനടുത്ത് എത്തിയതായി ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം അറിയിച്ചു. 2022 നവംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരിൽ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകളിൽ മസ്‌കത്തിലാണ് ഏറ്റവും കൂടുതൽ പേർ താമസിച്ചു വരുന്നത്. 1,463,218 ആണ് മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യ. അതേസമയം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് അൽ വുസ്ത ഗവർണറേറ്റിലാണ്. 58,519 ആളുകളാണ് ഇവിടെയുള്ളത്. ഒരു മാസം കൊണ്ടുമാത്രം ജനസംഖ്യയിൽ 27,922ന്റെ വർദ്ധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ അവസാനത്തിൽ 48,76,125 ആയിരുന്നു രാജ്യത്തെ ജനസംഖ്യയെങ്കിൽ നവംബർ അവസാനത്തിലെത്തിയപ്പോൾ ഇത് 49,04,047 ആയി ഉയർന്നിട്ടുണ്ട്.

പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ അവസാനത്തിൽ രാജ്യത്തെ പ്രവാസികളുടെ എണ്ണം 20,19,348 ആയിരുന്നുവെങ്കിൽ നവംബർ അവസാനത്തോടെ ഇത് 20,42,630 ആയി. സ്വദേശികളുടെ എണ്ണം ഒക്ടോബറിൽ 28,56,777 ആയിരുന്നത് ഒരു മാസം കൊണ്ട് 28,61,417 ആയാണ് വർദ്ധിച്ചത്. ആകെ 4640 പേരുടെ വർദ്ധനവ് സ്വദേശികളുടെ എണ്ണത്തിലുണ്ടായി.

അതേസമയം ഒമാനിൽ അടുത്ത വർഷം മൂല്യ വർദ്ധിത നികുതി (വാറ്റ്) നിരക്ക് വർദ്ധിപ്പിക്കില്ലെന്നും ആദായ നികുതി നടപ്പാക്കില്ലെന്നും ധനമന്ത്രി സുൽത്താൻ ബിൻ സലീം അൽ ഹബ്‌സി പറഞ്ഞു. 2023ലേക്കുള്ള ബജറ്റിൽ ആകെ 1295 കോടി ഒമാനി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ബജറ്റ് കമ്മി 130 കോടി റിയാൽ ആയിരിക്കും.

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജിഡിപിയുടെ മൂന്ന് ശതമാനവും വരും പ്രതീക്ഷിത കമ്മി. എന്നാൽ എണ്ണ ഉത്പാദനം ദിവസം ശരാശരി 11.75 ലക്ഷം ബാരലായി ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആഗോള സമ്പദ്ഘടനയുടെ വളർച്ചയിൽ ഇടിവുണ്ടായാലും ദേശീയ സമ്പദ്ഘടന അഞ്ച് ശതമാനം വളരുമെന്നും വിലയിരുത്തുന്നു.