റിയാദ്: കരിപ്പൂരിൽ നിന്നും റിയാദിലേക്കുള്ള വിമാനത്തിൽ പാസ്പോർട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321-ാം നമ്പർ വിമാനത്താവളത്തിൽ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് ആണ് തന്റെ പാസ്പോർട്ട് വിമാനത്തിൽ മറന്നുവെച്ചത്.

റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്പോർട്ട് മറന്ന വിവരം ഇവർ അറിയുന്നത്. ചൊവ്വാഴ്ച രാത്രി 11.18നാണ് വിമാനം ലാൻഡ് ചെയ്തത്. പാസ്പോർട്ട് മറന്നത് അറിഞ്ഞ യാത്രക്കാരി ഈ വിവരം ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ വിമാനത്തിനകത്തെ സീറ്റുകളിൽ തെരച്ചിൽ നടത്തിയപ്പോൾ പാസ്പോർട്ട് കണ്ടെത്താനായില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ പറഞ്ഞത്.

വിശദമായ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോഴിക്കോടേക്കുള്ള യാത്രക്കാരുമായി വിമാനം തിരികെ പറന്നു.വിവരം അറിഞ്ഞ നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെയും എയർപോർട്ട് മേധാവിയെയും കണ്ട് പരാതിപ്പെട്ടതോടെ വിമാനത്തിനുള്ളിൽ വീണ്ടും തെരച്ചിൽ നടത്തി. സക്കീനയുടെ പാസ്പോർട്ട് കണ്ടെത്തുകയും ചെയ്തു.