ലണ്ടൻ: രണ്ടു വർഷം മുമ്പ് എയർ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷ ദൗത്യത്തിൽ പങ്കാളിയായി വാർത്തകളിൽ ഇടം നേടിയ കേംബ്രിഡ്ജിലെ മലയാളി നഴ്സ് ആയ വീട്ടിൽ മരിച്ച നിലയിൽ. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ പ്രതിഭ കേശവനാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, യുകെ മലയാളികൾക്കു മുഴുവൻ പരിചിതയായ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവർക്കും വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്.

രണ്ടു വർഷം മുമ്പാണ് കുമരകം സ്വദേശിനിയായ പ്രതിഭ നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് തുണയായി ഒപ്പം നിന്നത്. 2021 ഒക്ടോബർ അഞ്ചിനായിരുന്നു ആ സംഭവം. രാത്രി ലണ്ടനിൽനിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ യാത്രക്കായായിരുന്നു പ്രതിഭയും മരിയയും എല്ലാം. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിർദ്ദേശിച്ചിരുന്നു.

എന്നാൽ വിമാനം ലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാർത്ഥിയും നാലു നഴ്സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരിൽ ഒബ്സ്ട്രറ്റിക് തിയേറ്റർ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടർന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നൽകുകയായിരുന്നു.

വിമാനത്തിൽ താൽക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആൺ കുഞ്ഞിനും അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനാൽ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്.

എങ്കിലും അടിയന്തിര വൈദ്യസഹായം നൽകിയ പ്രതിഭ അടക്കമുള്ള മെഡിക്കൽ സംഘത്തിന് കൊച്ചിയിലെത്തിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻപും ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. പിതാവ് കുമരകം കദളിക്കാട്ടുമാലിയിൽ കെ. കേശവൻ റിട്ടയേർഡ് അദ്ധ്യാപകനാണ്.