- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ എത്തിയ രാഹുലിന് ഉജ്ജ്വല സ്വീകരണം; 'വിദേശിയായ തനിക്കു യുകെയിൽ സ്വീകരണം, എന്നാൽ ഇന്ത്യയിപ്പോൾ ഒരു വിദേശിയെ സ്വീകരിക്കുവാൻ ഉള്ള അവസ്ഥയിലാണോ?'; രാഹുൽ ഉന്നം വയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യവും മതേതര്വത നിലപാടും അപകടത്തിൽ ആണെന്ന വാദം; പേരെടുത്തു പറയാതെ അദാനിക്ക് നേരെയും ആക്രമണം
ലണ്ടൻ: ജോഡോ യാത്ര കഴിഞ്ഞ ആത്മവിശ്വാസത്തിൽ യുകെയിൽ എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് പ്രവർത്തകരുടെ അണപൊട്ടിയ ആവേശം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ എത്തിയ രാഹുൽ ഗാന്ധി ഇന്നലെ ലണ്ടനിലെ ഹെൻസ്ലോവിൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസുകാരെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ ഒരു രാഷ്ട്രീയ സദസ് എന്നതിനേക്കാൾ ഉപരി ഏറെ അടുപ്പമുള്ള ഒരാളെ ഏറെക്കാലം കഴിഞ്ഞു കാണുന്ന സന്തോഷവും വികാര പ്രകടനങ്ങളുമാണ് എങ്ങും ദൃശ്യമായത്. ഒരു രാഷ്ട്രീയ നേതാവിന്റെ കെട്ടും മട്ടും കാട്ടാതെ സുഹൃത്തുക്കളോട് സംസാരിക്കും വിധമാണ് രാഹുൽ സംസാരിച്ചു തുടങ്ങിയത്. തന്നെ കാണാൻ എത്തിയവരോട് ആദ്യമേ നന്ദി പറഞ്ഞു ജോഡോ യാത്രയിലെ അനുഭവങ്ങളിലേക്ക് കടക്കുക ആയിരുന്നു അദ്ദേഹം.
രാഹുൽ മുൻപ് പലപ്പോഴും യുകെയിൽ വന്നപ്പോളൊക്കെ നേരിൽ കാണാൻ അവസരം ലഭിക്കാതിരുന്നതിനാൽ ഒട്ടേറെ മലയാളികളാണ് ഇത്തവണ വെറും ഒരാഴ്ച മുൻപ് മാത്രം അറിഞ്ഞ സന്ദർശന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. കനത്ത സുരക്ഷയിൽ കഴിയുന്ന നേതാവാണെങ്കിലും ലണ്ടനിൽ അതിന്റെ പ്രഭാവലയം ഇല്ലാതെ അടുത്ത് നിന്നും അരികിൽ നിന്നുമൊക്കെ ഭൂരിഭാഗം പേർക്കും രാഹുലിനെ കാണാനും കുശലം പറയാനും ആശയങ്ങൾ പങ്കുവയ്ക്കാനുമൊക്കെ സാധിച്ചു എന്നത് പ്രത്യേകതയായി. മലയാളികളിൽ പരിപാടിക്ക് എത്തിയ രണ്ടു വനിതകളുമായി രാഷ്ട്രീയവും യുകെ ജീവിതവും ഒക്കെ സംസാരിച്ചാണ് രാഹുൽ മടങ്ങിയത്.
ക്രോയ്ഡോൺ മുൻ മേയർ മഞ്ജു ശാഹുൽ ഹമീദും ഒഐസിസി വനിതാ വിഭാഗം കൺവീനർ ഷൈനു ക്ലെയർ മാത്യൂസുമാണ് രാഹുലുമായി സംസാരിക്കാൻ സമയം കണ്ടെത്തിയ വനിതകൾ. ബ്രിട്ടനിലെ രാഷ്ട്രീയ വിശേഷങ്ങൾ മഞ്ജു പങ്കുവച്ചപ്പോൾ ജീവകാരുണ്യ രംഗത്ത് സജീവമായ ബ്രിട്ടനിലെ മലയാളികളെ കുറിച്ചാണ് ഷൈനു ക്ലെയർ സംസാരിച്ചത്. രണ്ടു തവണ സ്‌കൈ ഡൈവിങ് നടത്തിയ കാര്യമൊക്കെ ഷൈനു പറഞ്ഞപ്പോൾ സാകൂതം കേട്ട രാഹുൽ അത് നൽകുന്ന അനുഭവം പോലും വിശദമായി ചോദിച്ചറിഞ്ഞു. ഇത്തരത്തിൽ സമ്മേളനത്തിൽ എത്തിയ ഒട്ടുമിക്കവരോടും കുശലം പറയാൻ അവസരം കണ്ടെത്തിയ രാഹുൽ കാണികൾക്കും ഒരു അത്ഭുതമായി മാറി.
വേദിയിൽ കത്തിക്കയറുന്ന രാഹുലിന് പകരം പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന രാഹുലിനെയാണ് ഇന്നലെ ലണ്ടൻ കണ്ടത്. ഇന്ത്യയിൽ ജോഡോ യാത്രയിൽ താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ സുദീർഘം വിവരിച്ച രാഹുൽ രാജ്യത്തു പടരുന്ന തൊഴിൽ ഇല്ലായ്മയും സ്ത്രീ സുരക്ഷയിൽ നേരിടുന്ന അസാധാരണ വെല്ലുവിളികളും സാമൂഹ്യ സാമ്പത്തിക അസമത്വവും ഒക്കെയാണ് രാഹുൽ സംസാര വിഷയമാക്കിയത്. സമ്പത്ത് ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണ് എന്ന് രാഹുൽ പറഞ്ഞപ്പോൾ സദസിൽ നിന്നും അംബാനിയുടെയും അദാനിയുടേയുമൊക്കെ പേരുകൾ ഉയരുക ആയിരുന്നു. അതോടെ നിങ്ങൾക്കെല്ലാം അറിയാമല്ലോ എന്നായി രാഹുലും.
ജോഡോ യാത്രയിലെ അനുഭവം വച്ച് ഇന്ത്യ ഇപ്പോൾ പഴയ ഇന്ത്യ അല്ലെന്നാണ് രാഹുൽ സമർത്ഥിച്ചത്. വിദേശിയായ തനിക്കു കേംബ്രിഡ്ജ് സർവ്വകലാശാലയിൽ വന്നു പ്രസംഗിക്കാം. കേൾക്കാനും പറയാനും ഒക്കെ സ്വാതന്ത്ര്യമുള്ള സ്ഥലം. പക്ഷെ ഇന്ത്യയിൽ ഇത് നടക്കുമോ? ഒരു വിദേശിക്ക് എത്രത്തോളം സംസാര സ്വാതന്ത്രം ഇന്ത്യ നൽകുന്നുണ്ട്? വെറുപ്പും വിദ്വേഷവും ആണ് പ്രചരിപ്പിക്കപ്പെടുന്നത്. കേൾക്കുവാനും പറയാനുവാനും ആർക്കും കഴിയില്ല. ജനാധിപത്യം ഇത്രത്തോളം അപകടമായ സമയം വേറെയില്ല. അതിനാൽ ഇന്ത്യയെ വീണ്ടെടുക്കുക എന്ന കടമയാണ് ജോഡോ യാത്രയിലൂടെ നടത്തിയത്. അത് മനസിലാക്കി ലോകത്തിന്റെ നാനാ കോണിൽ നിന്നും ആളുകൾ എത്തി. യാത്രയുടെ സന്ദേശവും ലോകമെങ്ങുമെത്തി. അതിനായി പ്രവർത്തിച്ച ബ്രിട്ടനിൽ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞാണ് രാഹുൽ മടങ്ങിയത്.