- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ!
ലണ്ടൻ: തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്റെ വകയായി ചിതറിയ ചിന്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ തലക്കെട്ടായി നിറയുകയാണ്. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന ഇപിയുടെ നിർദോഷം എന്ന മട്ടിൽ വന്നു വീണ ആയുധത്തിന്റെ മുറിവേറ്റു പിടയുകയാണ് സിപിഎം. ജയരാജൻ പറഞ്ഞതും അദ്ദേഹത്തിന്റെ എതിരാളികൾ ഏറ്റുപിടിച്ചതും ഇനിയും ദിവസങ്ങളോളം മലയാളികൾക്ക് സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടാനും മാധ്യമങ്ങൾക്ക് ആഘോഷിക്കാനും അവസരം നൽകും എന്നിരിക്കെയാണ് നിർദോഷം എന്ന മട്ടിൽ കാസർഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ വായിൽ നിന്നും വീണ അബദ്ധധോരണികൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മക്കൾ ലണ്ടനിൽ കൂലിപ്പണിക്കാരാണെന്നു പരിഭവത്തോടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
രാജ്‌മോഹന്റെ രണ്ടു മക്കളും യുകെയിൽ ആണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അതിൽ അൽപം അഭിമാനത്തോടെയല്ല മറിച്ചു ലേശം സങ്കടവും പരിഭവവും ഉൾപ്പെടുത്തിയാണ് നിലവിൽ എംപിയായ രാജ്‌മോഹന്റെ വാക്കുകൾ. മക്കളായ അമലും അഖിലും ലണ്ടനിൽ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത് എന്നാണ് രാജ്‌മോഹന്റെ പരിഭവം. മാത്രമല്ല അച്ഛനായ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങൾ ഒന്നും മക്കൾക്ക് ലഭിച്ചില്ല എന്ന സങ്കടവും കൂടെ ചേർക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു രാഷ്ട്രീയക്കാരനായി ജീവിച്ചാൽ കൂലിപ്പണിക്കാരുടെ അവസ്ഥയിൽ അല്ല ജീവിക്കേണ്ടി വരിക എന്ന സത്യം കൂടി രാജ്‌മോഹന്റെ വാക്കുകളിൽ നിന്നും വ്യാഖ്യാനിക്കാം.
മാത്രമല്ല കൂലിപ്പണിക്ക് വരുമാനം കുറവാണ് എന്ന അർത്ഥത്തിൽ ജോലിയുടെ അന്തസും എംപിയുടെ വാക്കുകളിൽ മുഴച്ചു നിൽപ്പുണ്ട്. യുകെയിൽ ഏതു ജോലിക്കും മാന്യത ഉണ്ടെന്നും എംപി ഉദ്ദേശിച്ച കൂലിപ്പണികളായ പെയിന്റിങ്, ഗാർഡനിങ്, പ്ലംബിങ് തുടങ്ങി കാർ കഴുകി കൊടുക്കുന്നതിനു വരെ കൈനിറയെ ശമ്പളമാണ് കിട്ടുക. ഓഫിസ് ജോലി യ് പലപ്പോഴും ഇത്രയും പണം കിട്ടിയെന്നു വരില്ല. ഇക്കാര്യം ഇന്ത്യയിലെ ഒരു എംപിക്ക് പോലും നിശ്ചയം ഇല്ലാതെയാണ് സ്വന്തം മക്കളെ ഓർത്തു പരിതപിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ ധാരണകൾ എത്രത്തോളം ചെറുതാണ് എന്നും വ്യക്തമാക്കുന്നു.
എന്നാൽ രാജ്‌മോഹന്റെ വായിൽ നിന്നും തെറിച്ചു വീണ അബദ്ധ പഞ്ചാംഗം എതിരാളികളും സോഷ്യൽ മീഡിയയും അതി മനോഹരമായി ആസ്വദിച്ചു എന്നതാണ് പിന്നീട് ഉണ്ടായ രസകരമായ കാഴ്ച. വാട്സാപ്പിൽ രാജ്‌മോഹന്റെ വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു കൂലിപ്പണി രാജൻ എന്ന അഭിസംബോധനയോടെയാണ് പ്രചരിച്ചത്. ലണ്ടനിൽ കൂലിപ്പണി ചെയ്യുന്ന മക്കളുടെ അച്ഛൻ എന്ന തലക്കെട്ടോടെ ഫേസ്‌ബുക് പോസ്റ്റുകളിലും രാജ്‌മോഹന് വിഡ്ഢി വേഷം അണിയേണ്ടി വന്നു. ഇതോടൊപ്പം മുൻപ് അദ്ദേഹത്തിന്റേതായി പിറന്നു വീണ അബദ്ധങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കി. എംപി എന്ന നിലയിലെ ശമ്പളവും അലവൻസും തികയുന്നില്ല, മാസം തോറും ഒരു ലക്ഷം രൂപ കടമാണ് എന്നൊക്കെയുള്ള പരിഭവങ്ങളുടെ തലക്കെട്ടും ഇന്നലെ വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി.
എതിരാളി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി തന്നെ
എന്നാൽ മക്കൾ രണ്ടും ലണ്ടനിൽ ആണെന്ന കോൺഗ്രസ് എംപിയുടെ വെളിപ്പെടുത്തൽ കളിയാക്കാൻ പോലും ഉപയോഗിക്കാനാകാത്ത സങ്കടത്തിലായി പോയി പ്രധാന എതിരാളികളായ സിപിഎം അണികൾ. കാരണം അവരുടെ സ്ഥാനാർിത്ഥിയായ എം വി ബാലകൃഷ്ണന്റെ മകളും യുകെ മലയാളിയാണ്. വെംബ്ലി നിവാസിയായ മകൾ പ്രവീണയും കുടുംബവും ഏറെനാളായി യുകെ മലയാളികളാണ്. ഐടി രംഗത്ത് ജോലി ലഭിച്ചാണ് പ്രവീണയും കുടുംബവും യുകെ മലയാളിയാകുന്നത്.
ഇക്കാര്യമറിഞ്ഞു യുകെ മലയാളികൾക്ക് വേണ്ടി പ്രവീണയുടെ വിശേഷങ്ങളും അച്ഛൻ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ മകൾക്ക് എന്ത് പറയാനുണ്ട് എന്ന കാര്യങ്ങളും ഒക്കെ വാർത്തയാക്കുന്നതിൽ വിരോധമുണ്ടോ എന്ന് കാസർഗോട്ടെ സിപിഎം സ്ഥാനാർത്ഥി എംവി ബാലകൃഷ്ണനോട് മറുനാടൻ തിരക്കിയത് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ്. എന്നാൽ ഈ വിവരം എങ്ങനെ നിങ്ങൾ അറിഞ്ഞുവെന്നായിരുന്നു അദ്ദേഹം തിരികെ ചോദിച്ചത്. മകൾ വാർത്തയിൽ എത്തുന്നതിനോട് അദ്ദേഹം അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞുമില്ല.
വീണ്ടും ബന്ധപ്പെടാൻ മറ്റൊരു നമ്പർ ലഭ്യമാക്കിയെങ്കിലും ആ ഫോണിൽ നടത്തിയ സന്ദേശങ്ങൾക്ക് ഒരിക്കലും മറുപടി ലഭിച്ചതുമില്ല. ഒരു പക്ഷെ ഇടതു സ്ഥാനാർത്ഥിയുടെ മകൾ ലണ്ടനിൽ ആണെന്നത് അണികൾക്കിടയിൽ പ്രയാസം സൃഷ്ടിച്ചേക്കും എന്നതിനാലാകും പ്രവീണയെ കുറിച്ച് വാർത്ത തയ്യാറാക്കുന്നതിൽ അദ്ദേഹം വലിയ താൽപര്യം എടുക്കാതിരുന്നത്. മുൻപ് ഇടതു നേതാക്കളുടെ മക്കൾ വിദേശത്തു പഠനമോ ജോലിയോ ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുമ്പോൾ സോഷ്യൽ മീഡിയ വലിയ തോതിൽ പ്രതികരണം നടത്തുന്നതും അദ്ദേഹത്തെ പിന്നോക്കം പിടിച്ചു വലിച്ചിരിക്കാം.