മ്മയെന്ന പുണ്യം മക്കൾക്ക് മാത്രം അവകാശപ്പെട്ടതല്ല, ലോകത്തിന്റെ മൊത്തം അവകാശമാണത്. ഓരോ അമ്മയും മക്കളുടെ മനസ്സിൽ എക്കാലത്തെയും ഹീറോ പരിവേഷം കൂടിയുമാണ്. അമ്മയിൽ നിന്നും ദൂരെ മാറി കഴിയേണ്ടി വരുന്ന പ്രവാസികളായ മലയാളി മക്കൾക്കാകട്ടെ ഓരോ നിമിഷവും അമ്മയെ ഓർക്കാതിരിക്കാനുമാകില്ല. അങ്ങനെ അമ്മമാർ എക്കാലത്തെയും ഓർമ്മയായി മാറിക്കഴിയുമ്പോൾ അതിന്റെ നീറുന്ന വേദന അനുഭവിക്കുന്നത് കൂടുതലും പ്രവാസികളായ മക്കൾ തന്നെയാണ്. ജീവിതത്തിലെ കുറെയേറെ നല്ല നിമിഷങ്ങൾ പ്രിയ അമ്മമാർക്ക് ഒപ്പം കഴിയാൻ പറ്റാതെ പോയ പ്രയാസം അനുഭവിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല.

എങ്കിലും മക്കൾ ആഗ്രഹിച്ച പോലെ നല്ല ജീവിതം ആസ്വദിക്കട്ടെ എന്നാകും മക്കൾ അടുത്തില്ലാത്തപ്പോഴും ഓരോ അമ്മമാരും അവർ അടുത്തില്ലാത്ത വേദന മാറ്റിവച്ചും ദൂരെയിരുന്നു ആഗ്രഹിച്ചിരിക്കുക. ഇത്തരത്തിൽ ഇരു ഭാഗത്തും അന്യോന്യം കാണാൻ ആഗ്രഹിക്കുമ്പോഴും ജീവിതം നൽകുന്ന സാഹചര്യങ്ങളിൽ സ്‌നേഹത്തിന്റെ കാണാച്ചരട് ചേർത്ത് പിടിച്ചു ജീവിക്കുന്ന അമ്മമാരും മക്കളും തമ്മിൽ ഉള്ള ഒരിക്കലും ഇഴപിരിക്കാനാകാത്ത കണ്ണികളിൽ ഏറ്റവും ദൃഢമാകുന്നതും പ്രവാസികൾക്കിടയിൽ തന്നെയാണ്.

ഇപ്പോൾ അത്തരം സുദൃഢമായ ഒരു ബന്ധത്തിന്റെ ഓർമ്മയിൽ യുകെ മലയാളിയായ സംരംഭകൻ തന്റെ പ്രിയപ്പെട്ട അമ്മയുടെ ഓർമ്മയിൽ നാട്ടിൽ നിസഹായരായ അനേകം അമ്മമാർക്ക് വേണ്ടി ഒരു തണൽ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം ജനുവരി ആറിന് ഓർമ്മയായ അമ്മ ഏലിക്കുട്ടി തോമസിന്റെ നിത്യസ്മരണയ്ക്കായാണ് യുകെയിലെ മുൻനിര സംരംഭകനായ അലൈഡ് ഗ്രൂപ് സാരഥികളിൽ ഒരാളായ ജോയ് തോമസ് ഇത്തരമൊരു ദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്. "നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാലം മുഴുവൻ അവളെ ആദരിക്കണം "... എന്ന ബൈബിൾ വാക്യം തന്നെ ഓർത്തെടുത്തു ശിലാഫലകത്തിൽ ചേർത്ത് പിതാവിന്റെ പേരിലാണ് ജോയ് തോമസ് സ്മാരക മന്ദിരം പൂർത്തിയായിരിക്കുന്നത്. ഏക സഹോദരൻ റോബിൻ തോമസും ഈ സദ് കർമത്തിൽ പങ്കാളിയാണ്.

പാലാ രാമപുരം വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് ദയാ ഭവനിലാണ് ആറു ഹോസ്പിറ്റൽ ബെഡ് ചേർന്ന വലിയ ഹാളും ജീവനക്കാർക്കുള്ള വിശ്രമ മുറിയും സ്റ്റോർ റൂമും ചേർന്ന ആയിരം സ്‌ക്വയർ ഫീറ്റ് മന്ദിരം പൂർത്തിയായത്. തുടക്കത്തിൽ മറ്റേതെങ്കിലും കാര്യത്തിനായി ഒരു തുക സംഭാവന നൽകാൻ ആണ് ജോയ് ആലോചിച്ചതെങ്കിലും പൊടുന്നനെ തന്റെ പ്രായമുള്ള അമ്മമാരിൽ ഒരാളുടെ എങ്കിലും ജീവിതത്തിൽ ഒരു കൈത്തിരി വെട്ടമാകാൻ ലഭിക്കുന്ന അവസരം എന്തുണ്ട് എന്ന ചിന്തയിലാണ് ദയാ ഭവനിലെ കന്യാസ്ത്രീകൾ തങ്ങൾ നേരിടുന്ന സ്ഥല പരിമിതി ശ്രദ്ധയിൽ പെടുത്തിയത്. ഇതോടെ എന്തുകൊണ്ട് എന്നാൽ ഇങ്ങനെ ഒരു സൗകര്യം ചെയ്തു കൊടുത്തുകൂടാ എന്ന ചിന്തയിൽ എത്തുക ആയിരുന്നു.

അപ്പോഴാണ് ജോയിയുടെ സുഹൃത്തും മുൻ യുകെ മലയാളിയുമായ മനോജ് ചേങ്കല്ലേലും ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്. അദ്ദേഹം ഇപ്പോൾ രാമപുരം പഞ്ചായത്ത് മെമ്പർ കൂടിയാണ്. ഈ പ്രൊജക്ടിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങൾക്കും മേൽക്കൈ എടുത്ത് നിർവ്വഹിച്ചതും മനോജ് ആണ്. യുകെയിലെ ബേസിങ്സ്റ്റോക്കിലായിരുന്നു മനോജ് ആദ്യം ഉണ്ടായിരുന്നത്. തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോയി. പക്ഷെ ഇപ്പോൾ വീണ്ടും പഠനാവശ്യത്തിനായി മകളും ഭാര്യയും യുകെയിലുണ്ട്.

നാട്ടിൽ ആരും സംരക്ഷിക്കാൻ ഇല്ലാത്ത വൃദ്ധ ജനങ്ങളുടെ എണ്ണം കൂടുന്നതിനാൽ ദയാ ഭവനിൽ ഒരു ബെഡ് ലഭിക്കുമോ എന്നറിയാൻ എത്തുന്ന അന്വേഷകരുടെ എണ്ണം പരിധി ഇല്ലാത്തതാണ് എന്ന പരിദേവനമാണ് ദയ ഭവൻ നടത്തിപ്പിൽ ചുമതലയുള്ള സി ലിസ്‌ബ, മദർ സുപ്പീരിയർ തെരേസ കോയിപ്പുറം എന്നിവർ പറയുന്നത്. വൃദ്ധ ജന സംരക്ഷണത്തിൽ കേരളത്തിൽ നേരിടുന്ന പ്രതിസന്ധി കൂടിയാണ് ഇവരുടെ വാക്കുകളിൽ നിറയുന്നത്. ഈ സാഹചര്യത്തിൽ ജോയിയെ പോലെ ചിന്തിക്കുന്ന അനേകം സുമനസുകളുടെ കൈതാങ്ങ് ആണ് ഇപ്പോൾ നാടിന് ആവശ്യം. ഇക്കാര്യം തന്നെയാണ് ചടങ്ങിൽ നിറസാന്നിധ്യമായ യുകെ സീറോ മലബാർ ബിഷപ്പും നാട്ടുകാരനുമായ മാർ ജോസഫ് സ്രാമ്പിക്കൽ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, മാണി സി കാപ്പൻ എംഎൽഎ എന്നിവർ പറഞ്ഞതും.

പിറന്ന നാടിനെ കൈവിട്ടു കളയാത്ത പ്രവാസികൾ ഓരോ നാടിന്റെയും ഭാഗ്യം കൂടിയാണെന്നും അതിഥികൾ ചടങ്ങിൽ വ്യക്തമാക്കി. ഏറത്തു കുടുംബം നടത്തുന്ന പുണ്യം നിറഞ്ഞ ഈ പ്രവർത്തി എന്നും രാമപുരം നിവാസികളുടെ മനസ്സിൽ നിറപ്പകിട്ടോടെ ഉണ്ടാകുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യൻ കരസേനയിൽ ജോയിന്റ് കമാൻഡ് ഓഫിസർ ആയി വിരമിച്ച തോമസ് തന്റെ ഭാര്യയുടെ പേരിൽ ഇത്തരം ഒരു സംരംഭം നാട്ടിൽ യാഥാർഥ്യമാകുന്നതിനു സാക്ഷിയാകാൻ ഭാഗ്യം ചെയ്തതും മക്കൾ ചെയ്യുന്ന പുണ്യത്തിന്റെ ഫലം കൂടിയാണെന്നും ചടങ്ങിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. 1973 മുതൽ രാമപുരത്തെ സെന്റ് ജോസഫ് ദയഭാവൻ ഫോർ വുമൺ എന്ന അഗതി മന്ദിരം ജാതി മത വ്യത്യസമില്ലാതെ ആരുടേയും ആശ്രയ കേന്ദ്രവും കൂടിയാണ്.

മന്ദിര സമർപ്പണ ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര ചടങ്ങിൽ അധ്യക്ഷയായി. ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, മനോജ് ചീങ്കല്ലേൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഇതിനും മുൻപും ജോയിയുടെ വക സഹായം ജന്മനാട്ടിൽ പലതവണ എത്തിയിട്ടുണ്ട്. നിർധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് വച്ച് നൽകിയ കാര്യം ഇനിയും ഇരുചെവി അറിഞ്ഞിട്ടില്ലാത്ത വസ്തുതയാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റുള്ളവർ കൂടി അറിഞ്ഞിരിന്നാൽ കൂടുതൽ പേർക്ക് പ്രചോദനമാകാൻ ഉള്ള സന്ദേശമാകും എന്ന് ജോയിയെ ബോധ്യപെടുത്തിയതുകൊണ്ടാണ് ഇക്കാര്യം ഇപ്പോൾ ബ്രിട്ടീഷ് മലയാളി വായനക്കാരെയും തേടിയെത്തുന്നത്.

ജീവിച്ചിരുന്ന കാലത്ത് എന്നും അമ്മ വീട്ടിൽ സഹായം ചോദിച്ച് എത്തുന്നവരെ നിരാശരാക്കാതെ കയ്യിൽ ഉള്ളതിന്റെ ഒരു ഓഹരിയിൽ നിന്നും സഹായിക്കുന്നത് കണ്ടു വളർന്നതുകൊണ്ടാകും ജോയിയും ഇപ്പോൾ ഇത്തരം നന്മകളുടെ ഓരം ചേർന്ന് നടക്കുന്നത് എന്ന് ചടങ്ങിന് മുന്നോടിയായി ഉള്ള കൂടിക്കാഴ്ചയിൽ വൈദികരും സന്യസ്തരും ഒക്കെ പറഞ്ഞതും ശ്രദ്ധേയമായി. ജോയിയുമായി കുടുംബ ബന്ധമുള്ള ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യവും ചടങ്ങിൽ ധന്യതയായി.

അതിനിടെ നാട്ടിൽ പ്രത്യേക ബിസിനസ് സംരംഭങ്ങളോ മറ്റോ ഇല്ലാത്ത ജോയിയെ പോലെ ഉള്ളവർ ചെയ്യുന്ന സദ് കർമങ്ങൾ എന്നും നാടിനെ സ്‌നേഹിക്കുന്നവർക്ക് പ്രചോദനവും മാതൃകയും ആണെന്നാണ് ചടങ്ങിന് എത്തിയവർ വിസിറ്റേഴ്‌സ് ബുക്കിൽ എഴുതി ചേർത്തത്. വല്ലപ്പോഴും നാട്ടിൽ അവധിക്ക് എത്തുന്ന ജോയിയെ പോലെയുള്ള പ്രവാസി കുടുംബങ്ങൾ പിറന്ന നാടിനോട് കാണിക്കുന്ന കലർപ്പില്ലാത്ത ഇത്തരം സ്‌നേഹം തന്നെയാണ് നന്മയുടെ വഴികളിൽ മറ്റുള്ളവരെയും എത്തിക്കുന്നതെന്നും വ്യക്തം.