ലണ്ടൻ: കേരളത്തിൽ 2015നു ശേഷം അവിശ്വസനീയമായ തരത്തിൽ കൊലപാതകം നടക്കുമ്പോൾ എല്ലായ്‌പ്പോഴും കേൾക്കുന്ന പേരാണ് ദൃശ്യം മോഡൽ കൊലപാതകം എന്നത്. കൊലപാതകത്തിലെ വ്യത്യസ്ത രീതികളാണ് മാധ്യമങ്ങളെയും പൊലീസിനെയും ഒക്കെ അത്തരം വിശേഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ ഒരു ക്രൈം ത്രില്ലർ സിനിമ എന്നതിനേക്കാൾ ഉപരി തങ്ങൾക്കിടയിൽ എവിടെയോ ജീവിച്ചിരിക്കുന്ന ഒരാളായാണ് സിനിമയിലെ കഥാപാത്രമായ ജോർജ്ജുകുട്ടിയെ ഓരോ മലയാളി പ്രേക്ഷകനും ഏറ്റെടുത്തത്.

കൊലപാതകം മറച്ചു വയ്ക്കാൻ ജോർജുകുട്ടി നടത്തുന്ന ശ്രമങ്ങൾ ശ്വാസമടക്കി കാണുന്ന പ്രേക്ഷകരിൽ അയാളോട് വെറുപ്പോ പകയോ തോന്നുന്നില്ല എന്ന് മാത്രമല്ല അയാളിൽ പൊലീസിനെയും നിയമത്തെയും മറികടക്കാനുള്ള ഒരു ഹീറോയെ കണ്ടെത്തുകയാണ് സാധാരണക്കാർ. ഇന്നലെ അസാധാരണമായ കൊലപാതകത്തിൽ നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ നാലു മണിക്കൂർ നീണ്ട വിധി പ്രസ്താവ വിചാരണയിൽ തല കുനിച്ചിരുന്ന പ്രതി സാജു ചെലവേൽ അന്വേഷക സംഘത്തിന് മുന്നിൽ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ ബ്രില്യൻസ് കാഴ്ചവയ്ക്കാൻ ശ്രമിച്ചതുകൊലപാതക കുറ്റത്തിൽ നിന്നും രക്ഷപ്പെടാനല്ല, മറിച്ച് ഉറപ്പായ ശിക്ഷയിൽ ഇളവ് കണ്ടെത്താനാണ്.

ശിക്ഷ ഉറപ്പായതിനാൽ എങ്ങനെ കുറച്ചെടുക്കാം എന്ന ആസൂത്രണം

വധ ശിക്ഷ നൽകാത്ത യുകെയിൽ രണ്ടിൽ കൂടുതൽ കൊലപാതകം നടത്തിയാൽ പരമാവധി ശിക്ഷ എന്ന നിലയിൽ ശേഷ ജീവിതം ജയിലിൽ ആകുകയാണ് പതിവ്. ഇരകളിൽ ഒരാൾ എങ്കിലും മൈനർ ആയാൽ പ്രതിക്ക് ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷ നൽകാനാണ് കോടതി ശ്രമിക്കുക. കെറ്ററിങ് കൂട്ടക്കൊലയിൽ ഈ ഘടകങ്ങൾ എല്ലാം സാജുവിന് എതിരായിരുന്നു എന്ന് വിചാരണ വേളയിൽ തന്നെ അയാൾക്ക് അറിയാമായിരുന്നു. പ്രതിക്ക് വേണ്ടി സർക്കാർ ഏർപ്പാടാക്കിയ അഭിഭാഷകൻ ഇതേക്കുറിച്ചെല്ലാം സാജുവിനോട് വിശദമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ എങ്ങനെ എങ്കിലും ശിക്ഷയിൽ ഇളവ് കണ്ടെത്താനും എന്തിനു വേണ്ടി ആയിരുന്നു ഈ കൊലപാതകങ്ങൾ എന്ന് സ്വയം ന്യായീകരിക്കാനും വേണ്ടി സാജു നടത്തിയ ശ്രമങ്ങളാണ് ഇന്നലെ പ്രോസിക്യൂഷൻ വാദത്തിലൂടെ പുറത്തു വന്നത്.

പൊലീസ് കസ്റ്റഡിയിൽ ആയ ശേഷം പലവട്ടം മലയാളി സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കേണ്ടി വന്നപ്പോഴൊക്കെ നിശബ്ദതയും മനോനില തകർന്നവനെ പോലെയും ഒക്കെ പെരുമാറിയ സാജു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭാര്യ തന്നെ വഞ്ചിച്ചതിൽ ഉള്ള പ്രതികാര കൊലയായി ചിത്രീകരിക്കാൻ വളരെ മികച്ച ശ്രമങ്ങളാണ് നടത്തിയത്. അതിനായി ഭാര്യയുടെ സ്വഭാവദൂഷ്യ ചിത്രീകരണം നടത്തിയ കൊലപാതകി ഫോണിന് പകരം ഹോസ്പിറ്റലിലെ ഇമെയിൽ ആണ് ഭാര്യ തന്നെ വഞ്ചിക്കാൻ ഉപയോഗിച്ചത് എന്നുവരെ പ്രസ്താവിച്ചു. മാത്രമല്ല ഈ വഴിയേ പൊലീസ് സഞ്ചരിക്കുമ്പോൾ തന്നെ ഒരു നിഷ്‌കളങ്കനായ ഭർത്താവായി കരുതുമെന്നും അയാൾ സ്വപ്നം കണ്ടിരിക്കണം.

സാജു ഉയർത്തിയ ആരോപണം നേരെ തിരിഞ്ഞു വന്നപ്പോൾ

എന്നാൽ അഞ്ജുവിന്റെ ഇമെയിലുകൾ വിശദമായി പരിശോധിച്ച പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല സാജുവിന്റെ ഫോണിൽ നിന്നും പലതും കണ്ടെത്തുകയും ചെയ്തിരുന്നു. ഭാര്യ ജോലിയിൽ ആയിരിക്കുമ്പോൾ ഡേറ്റിങ് സൈറ്റുകളും അശ്ലീല സൈറ്റുകളും പതിവായി നോക്കുന്നതായിരുന്നു സാജുവിന്റെ രീതി. ഇതോടെ ഭാര്യയെ വഞ്ചിക്കുന്ന ഭർത്താവിന്റെ ഇമേജാണ് നിയമത്തിനു മുന്നിൽ സാജുവിന് ലഭിച്ചത്. മാത്രമല്ല കൊലപാതക ശേഷം പൊലീസ് വീട് പരിശോധിക്കുമ്പോൾ സാജുവിന്റെ ബെഡ്‌റൂമിൽ നിന്നും ഒരു ലൈംഗിക കുറ്റവാളിയുടെ സ്വഭാവ വൈകൃതത്തിനുള്ള മറ്റു ചില തെളിവുകളും കണ്ടെത്തി. ഇക്കാര്യങ്ങൾ അറിയാതെയാണ് സാജു നല്ല പിള്ള ചമയാൻ ശ്രമം നടത്തിയതും സ്വയം ഒരുക്കിയ കെണിയിൽ കുടുങ്ങി പരമാവധി ശിക്ഷ വാങ്ങിച്ചെടുത്തതും.

ഭാര്യയെ അവിശ്വസിക്കുകയും ഭാര്യ തന്നിൽ വിശ്വസ്ത അല്ലെന്നു സ്ഥാപിക്കാനും ശ്രമിച്ചതിലൂടെ ഒരു ബ്രിട്ടീഷ് ജോർജ്ജുകുട്ടിയായി സ്വയം മാറി ശിക്ഷയിൽ ഇളവ് തേടാൻ ശ്രമിച്ച സാജുവിനെ കുരുക്കാൻ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചത് പൊലീസിനും ജോലി എളുപ്പമാക്കി. സംഭവം നടന്ന ഡിസംബർ 14 നു ജോലി കഴിഞ്ഞെത്തിയ അഞ്ജുവിനു മുന്നിൽ മദ്യപിച്ചു വഴക്കിട്ട സാജുവിന്റെ ഫോൺ ഒന്നര മണിക്കൂറോളം അയാൾ അറിയാതെ വീട്ടിൽ നടന്ന കാര്യങ്ങൾ വോയ്‌സ് റെക്കോർഡ് ആയി രേഖപ്പെടുത്തുക ആയിരുന്നു. ഈ വോയ്‌സ് റെക്കോർഡിലെ 90 സെക്കൻഡ് ശബ്ദ ശകലം പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചപ്പോൾ അതിൽ നിറഞ്ഞത് അഞ്ജുവിന്റെ അവസാന നിമിഷങ്ങളും ശ്വാസം കിട്ടാൻ പിടയുന്ന മരണ രംഗങ്ങളും ആയിരുന്നു.

ഈ ഘട്ടത്തിൽ കുട്ടി എത്തി അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് പറയുന്നതും കുട്ടിയോട് സാജു തിരിച്ചു ആക്രോശിക്കുന്നതും എല്ലാം വോയ്‌സ് റെക്കോർഡിൽ വ്യക്തമാണ്. ഇതോടെ സാക്ഷി മൊഴികൾ ഇല്ലാത്ത ഒരു കൂട്ടക്കൊലക്കേസിൽ മൊബൈൽ ഫോൺ സ്വയം സാക്ഷി ആയി മാറുന്ന അസാധാരണ സംഭവവും ഈ കേസിൽ സാജുവിന് എതിരെ കുരുക്ക് മുറുക്കാൻ പ്രധാന കാരണമായി.

മലയാളികളടക്കം കേസിൽ സഹകരിച്ചവർക്ക് കോടതിയുടെ പ്രശംസ

എത്ര വിദഗ്ധമായി പ്ലാൻ ചെയ്താലും ഒരു കൊലപാതക കേസ് നിയമത്തിനു മുന്നിൽ എത്തുമ്പോൾ വളരെ നിസാരമായി കൊലപാതകിയെ ചൂണ്ടിക്കാണിച്ചു തരുന്ന സ്വാഭാവികതയിലേക്ക് ഒരു ഉദാഹരണം കൂടി ആയി മാറുകയാണ് ഇപ്പോൾ കെറ്ററിങ് കൂട്ടക്കൊല. ഓവർ സ്മാർട്ട് ആയി പെരുമറിയാലും കൊലപാതകിക്ക് ലഭിക്കേണ്ട ശിക്ഷ ലഭിച്ചിരിക്കും എന്നതാണ് അന്വേഷണ സംഘം ഈ കേസിലൂടെ തെളിയിച്ചതും. കൊലപാതകിയെ നിസാരമായി തുറന്നു കാട്ടാൻ സാധിച്ച അന്വേഷണ സംഘത്തിൽ ഉള്ളവരെ പേരെടുത്ത് അഭിനന്ദിക്കാനും കോടതി തയ്യാറായി.

പ്രതിയെ വിധി പ്രസ്താവത്തിനു ശേഷം കോടതി മുറിയിൽ നിന്നും മാറ്റിയ ശേഷമാണ് ജഡ്ജി പേപ്പറാൾ ഇക്കാര്യം ചെയ്തത്. ഇക്കൂട്ടത്തിൽ മലയാളികളെ തേടിയും പ്രശംസയെത്തി. കേസിന്റെ തുടക്കം മുതൽ തർജ്ജമക്ക് ഹാജരായ ഫെൽത്താമിലെ മലയാളി അഭിഭാഷകൻ കൂടിയായ ജേക്കബ് എബ്രഹാം, അഞ്ജുവിന്റെ സഹപ്രവർത്തകൻ കൂടിയായ കെറ്ററിങ് ഹോസ്പിറ്റൽ നഴ്സ് മനോജ് മാത്യു എന്നിവരെ ഒക്കെ കേസിൽ സഹായിച്ചതിന് കോടതി അഭിനന്ദനം അറിയിച്ചു. ഇന്നലെ വിധി പ്രസ്താവ വേളയിൽ പൊലീസ് സഹായത്തോടെ ഇവരെയൊക്കെ ക്ഷണിച്ചു വരുത്തുക ആയിരുന്നു. കെറ്ററിങ് മലയാളി അസോസിയേഷനിൽ നിന്നും സോബിനും ഐറിനും ആണ് വിധി കേൾക്കാൻ എത്തിയിരുന്നത്. കേസിൽ സാജുവിന്റെയും അഞ്ജുവിന്റെയും കുടുംബങ്ങൾ കേരളത്തിൽ ആയതിനാൽ കോടതി മുറിയിൽ മാധ്യമ പ്രവർത്തകർ മാത്രമാണ് കാര്യമായ സാന്നിധ്യമായത്.