- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജുവിനെയും മക്കളെയും ഉറക്കത്തിൽ സാജു കൊലപ്പെടുത്തി; അഞ്ജു ചെറുത്തുനിൽപ് നടത്താത്തത് ശ്വാസമുട്ടിച്ചുള്ള കൊലയ്ക്ക് തെളിവ്; ആ ക്രൂരന് 30 കൊല്ലം ജയിലിൽ കിടക്കേണ്ടി വരും; അഞ്ജുവിനേയും മക്കളേയും കൊന്ന സാജുവിനെതിരെ അതിവേഗ വിചാരണ; തെളിവുകൾ യുകെയിലെ കൊലപാതകിക്ക് എതിരാകുമ്പോൾ
ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാജുവിനെ വിചാരണ ചെയ്തു തുടങ്ങി.കഴിഞ്ഞദിവസം കൊല നടന്ന വില്ലയിലും മറ്റു സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടക്കൊലയിൽ സാജുവിന്റെ പങ്ക് തെളിയിക്കാനുള്ള തെളിവ് ലഭിച്ച സാഹചര്യത്തിലാണ് വിചാരണ തുടങ്ങുന്നത്.
അഞ്ജുവിനെയും മക്കളെയും ഉറക്കത്തിൽ സാജു കൊലപ്പെടുത്തി എന്നാണ് പൊലീസ് നിഗമനം. അഞ്ജു ചെറുത്തുനിൽപ് നടത്തിയതായി സൂചന ലഭിക്കാത്തതുകൊണ്ടാണ് ഈ നിരീക്ഷണം. ശ്വാസംമുട്ടിച്ചു കൊന്നശേഷം മൂവരുടെയും ദേഹത്ത് മുറിവുകളുമുണ്ടാക്കി. കഴിഞ്ഞ 15ന് രാത്രി ഒമ്പതിന് ശേഷമാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. അഞ്ജു ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് രാത്രി 11.15ഓടെ വീട്ടിലെത്തിയ സഹപ്രവർത്തകരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
കേസിൽ യുകെയിലെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയ്യാറാക്കിരുന്നു. മൂന്ന് കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതി ഗുരുതര വകുപ്പുകൾ പ്രകാരം ചാർജ് ചെയ്തിരിക്കുന്ന കേസിൽ പരമാവധി ശിക്ഷ ലഭിക്കാനും സാധ്യതയേറെയാണ്. പലപ്പോഴും ഇത്തരം കേസുകളിൽ 30 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്തതിനാൽ സാജു ശേഷ ജീവിതം ജയിലിൽ കഴിയാൻ സാധ്യത ഏറെയാണെന്ന് ക്രോൺ പ്രോസിക്യൂഷൻ സർവീസിൽ ജോലി ചെയ്യുന്ന നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
അഞ്ജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ ഉറക്കത്തിൽ തലയിണ അമർത്തിയുള്ള കൊലയാണെന്നാണ് ലഭ്യമാകുന്ന സൂചന. പിന്നീട് മരണം ഉറപ്പാക്കാനായി ആഴത്തിൽ ഉള്ള മുറിവുകളും പ്രതി സാധ്യമാക്കി. ഒരു കാരണവശാലും മരണത്തിൽ നിന്നും രക്ഷപ്പെടരുത് എന്ന നിഗമനമാകും ഇതിനു പ്രതിയെ പ്രേരിപ്പിച്ചിരിക്കുക. ആഴത്തിൽ ഉള്ള ഏഴു മുറിവുകൾ എങ്കിലും അഞ്ജുവിന്റെ ശരീരത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
രണ്ടിൽ കൂടുതൽ കൊല ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യവും 18 വയസിൽ താഴെയുള്ള രണ്ടു കുട്ടികളുടെ കൊലപാതകവും ചേർന്ന ചാർജ് ഷീറ്റ് സാജുവിനെ ഇനി പുറം ലോകം കാണിക്കില്ലെന്ന സൂചനയാണ് പ്രാഥമികമായി നൽകുന്നത്. ഇതോടെ ഈ കേസിൽ അതിവേഗ വിചാരണയും ഉണ്ടായേക്കും എന്നും സൂചനയുണ്ട്. കൊലപാതകം നടന്ന ഉടൻ പ്രതിയെ സംഭവസ്ഥലത്തു നിന്നും തന്നെ അറസ്റ്റ് ചെയ്യാനായതും തെളിവുകൾ അതിവേഗം കണ്ടെത്താനായതും പൊലീസിന് ഈ കേസിൽ നിർണായക നേട്ടമായി. ഇതോടെ കൃത്യം നടന്നു 72 മണിക്കൂറിനകം കുറ്റപത്രവും (ചാർജ് ഷീറ്റ്) തയ്യാറാവുക ആയിരുന്നു.
ലെസ്റ്റർ റോയൽ ഇൻഫാർമറി ഹോസ്പിറ്റലിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മൂവരും ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുന്നത്. വെവ്വേറെ വിഭാഗമായി കേസ് അന്വേഷണം ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പൊലീസ് സാജുവിനെ വിചാരണയ്ക്ക് നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അഞ്ജുവിനും ജീവക്കും ജാൻവിക്കും നീതികിട്ടാനുള്ള എല്ലാ വഴികളും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെയും സീനിയർ ഇൻവെസ്റ്റിഗെറ്റിങ് ഓഫിസറും ഡിക്ടറ്റിവ് ഇൻസ്പെക്ടറുമായ സൈമൺ ബാർനെസ് അറിയിച്ചത്.
അതിനിടെ, പൊലീസ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എംപിയുടെയടക്കം ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസി, നോർക്ക, യു.കെ മലയാളി അസോസിയേഷനും ശ്രമം ആരംഭിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് ഇന്ത്യൻ എംബസിയും നോർക്കയും മലയാളി അസോസിയേഷനും ചേർന്ന് വഹിക്കുമെന്ന് എംപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ