- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത്തെ കൺമണിയെ കൺകുളിർക്കെ കാണും മുന്നേ പിതാവിനെ തേടി മരണമെത്തി; ആശുപത്രിയിൽ ഭാര്യയെയും നവജാത ശിശുവിനെയും കാണാനെത്തിയ ഷൈജു സ്കറിയ ഹൃദയാഘാതത്തിനു കീഴടങ്ങിയത് നിമിഷ വേഗത്തിൽ; കുഞ്ഞോമനയുടെ വരവറിയിച്ചു ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് കരൾ പിളർക്കുന്ന കാഴ്ചയാകുമ്പോൾ; കണ്ണീരോടെ യുകെ മലയാളികൾ
ലണ്ടൻ: രണ്ടാമത്തെ കണ്മണി പിറന്ന് ഒരു ദിവസം പൂർത്തിയാകും മുന്നേ വിധിയുടെ ക്രൂരതയിൽ പിതാവിനെ തേടി മരണമെത്തി. യുകെയിൽ എത്തി രണ്ടു വർഷം മാത്രമായ കുടുംബത്തെ തേടിയാണ് ദുരന്തമെത്തിയത് എന്നത് നിസ്സഹായതയുടെ ആഴം വർധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇതോടെ യുകെ മലയാളികളെ തേടിയെത്തുന്ന മൂന്നാമത്തെ മരണമാണ് പ്ലിമൗത്തിൽ സംഭവിച്ചിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശിയായ ഷൈജു സ്‌കറിയയാണ് ആകസ്മിക മരണത്തിനു ഇന്നലെ ഉച്ചക്ക് കീഴടങ്ങിയത്.
നവജാത ശിശുവിനെയും ഭാര്യയെയും സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണം ഷൈജുവിനെ തേടിയെത്തിയത്. ഭാര്യയെയും കുഞ്ഞിനേയും സന്ദർശിച്ച ശേഷം കാന്റീനിൽ ഭക്ഷണം കഴിക്കാൻ പോകവേ ബാത്‌റൂമിൽ കയറിയ ഷൈജു നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും 35കാരനായ ഷൈജുവിന് ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഭക്ഷണം കഴിക്കാൻ പോയ സമയം അതിക്രമിച്ചിട്ടും മടങ്ങി വരാതായതോടെ ഭാര്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. മൂത്ത കുട്ടിയെ സ്‌കൂളിൽ നിന്നും കൂട്ടിവരാൻ സമയം ആയതോടെ ഭർത്താവിനെ കണ്ടെത്താൻ ഹോസ്പിറ്റൽ അധികൃതരുടെ സഹായം തേടുക ആയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ബാത്‌റൂമിൽ കിടക്കുന്ന ഷൈജുവിനെ കണ്ടെത്തിയത്. ആരോഗ്യ പ്രവർത്തകർ ഓടിയെത്തി ജീവൻ രക്ഷിക്കാൻ നടത്തിയ സകല ശ്രമങ്ങളും വിഫലമായി.
അതിനിടെ നാല് നാൾ മുന്നേ ഷൈജു നവജാത ശിശു അന്ന മേരിയുടെ ഭൂമിയിലേക്കുള്ള വരവറിയിച്ചു നടത്തിയ ഫേസ്‌ബുക് പോസ്റ്റ് ഇപ്പോൾ കാഴ്ചയുടെ നൊമ്പരമായി മാറുകയാണ്. ഭാര്യ നിത്യ ഷൈജുവിനെ ടാഗ് ചെയ്തു ഇട്ട പോസ്റ്റിൽ ആരവിന്റെ കുഞ്ഞിപ്പെങ്ങൾ, ഞങ്ങളുടെ സന്തോഷത്തിന്റെ ഭാണ്ഡക്കെട്ട് എന്ന വിശേഷണവുമായാണ് ഷൈജു വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ ആയി ആഹ്ലാദം പങ്കുവയ്ക്കുന്ന പോസ്റ്റ് ഇട്ടിരിക്കുന്നത്.
നഴ്സ് ആയി ഭാര്യയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്നാണ് ഈ കുടുംബവും രണ്ടു വർഷം മുൻപ് യുകെയിൽ എത്തിയത്. പുതിയ കുടുംബം ആണെങ്കിലും പ്ലിമൗത്തിലെ മലയാളി സംഘടനാ പ്രവർത്തനത്തിൽ സജീവ സാന്നിധ്യം ആയിരുന്നു ഷൈജു. ഇതോടെ പ്രാദേശിക സമൂഹം കാര്യമായ സഹായ ഹസ്തവുമായി രംഗത്ത് വരാൻ തയ്യാറെടുത്തിട്ടുണ്ട്. നവജാത ശിശുവിന് പാസ്പോർട്ട് അടക്കമുള്ള യാത്രാ രേഖകൾ വേണ്ടതിനാൽ എമർജൻസി ട്രാവൽ ഡോക്യുമെന്റ് സംഘടിപ്പിക്കുക എന്ന ആദ്യ കടമ്പയാണ് സാമൂഹ്യ പ്രവർത്തകർ മറികടക്കേണ്ടത്. ഇതിനായി എംബസിയുടെ സഹായം തേടുകയാണ് ഷൈജുവിന്റെ സുഹൃത്തുക്കൾ.
മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണമാണ് ഇപ്പോൾ ആലോചിക്കുന്നതെങ്കിലും നവജാത ശിശുവുമായി നാട്ടിലേക്ക് യാത്ര ചെയ്യാൻ ഷൈജുവിന്റെ ഭാര്യയ്ക്ക് കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ചു വയസുകാരൻ ആയ മൂത്ത കുട്ടിയുമായി മറ്റാരുടെയും സഹായമില്ലാതെ യാത്ര ചെയ്യുക എന്നതും ദുഷ്‌കരം ആയിരിക്കും. ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ പ്ലിമൗത്തിലെ മലയാളികൾ ഷൈജുവിന്റെ ഭാര്യയെ സാവധാനം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.
രണ്ടാമത്തെ കുഞ്ഞുണ്ടായ സന്തോഷത്തിന്റെ നിമിഷങ്ങൾക്ക് ഒരു ദിവസത്തെ ആയുസു പോലും നൽകാതിരുന്ന വിധിയുടെ ക്രൂരതയിൽ അസ്വസ്ഥരായ മലയാളി സമൂഹം എന്ത് ചെയ്യണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടുകയാണ്. കാരണം ഇത്തരം ആകസ്മിക സാഹചര്യങ്ങൾ വളരെ അപൂർവ്വമാണ് യുകെ മലയാളികൾക്കിടയിൽ. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷൈജുവിന് മരണാനന്തര സഹായങ്ങൾ ലഭ്യമാകുവാനുള്ള സാഹചര്യവും വിരളമാണ് എന്നത് അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഉള്ള കുടുംബത്തിന്റെ ഭാവി സംബന്ധിച്ചും ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഇതോടെ ആവശ്യമായ സഹായം ഏതു വിധത്തിലും ലഭ്യമാക്കാനുള്ള ശ്രമമാണ് പ്രാദേശിക മലയാളി സമൂഹം ആരായുന്നത്.