- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ നിന്നും ചികിത്സാ തേടി പിറന്ന നാട്ടിലെത്തിയപ്പോൾ ഷിംജയെ കാത്തിരുന്നത് മരണം; സ്റ്റുഡന്റ് വിസയിലും വർക്ക് വിസയിലും യുകെയിൽ പ്രയാസപ്പെട്ടു കഴിഞ്ഞത് അനേക വർഷങ്ങൾ; ഡാബൻഹാമിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുകെ മലയാളികളെ തേടി രണ്ട് ആകസ്മിക മരണങ്ങൾ
ലണ്ടൻ: യുകെ മലയാളികളായ രണ്ട് പേർ മരിച്ചു. ചെറുപ്പക്കാരായ രണ്ടു മലയാളികളുടെ മരണമാണ് ലണ്ടനിലെ രണ്ടു നഗരങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ടവരാണ് രണ്ടു പേരും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇക്കാരണത്താൽ തന്നെ ലണ്ടൻ വൈറ്റ് ചാപ്പൽ റോയൽ ഹോസ്പിറ്റൽ നഴ്സ് ആയിരുന്ന ഷിംജയുടെ മരണവും ഈസ്റ്റ് ഹാമിന് അടുത്ത് ഡെബൻഹാമിൽ താമസിച്ചിരുന്ന യുവാവിന്റെ മരണവും പ്രിയപെട്ടവരെ ഏറെ ദുഃഖത്തിലാഴ്‌ത്തുകയാണ്. ഈസ്റ്റ് മലയാളിയായ യുവാവിനു 30 വയസിൽ തന്നെ ജീവിത യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ഷിംജക്ക് 35 വയസു വരെയാണ് വിധി ജീവിക്കാനായി അനുവാദം നൽകിയത്.
ഈസ്റ്റ് ഹാമിൽ മരിച്ച യുവാവിന്റെ പിതാവ് നാട്ടിൽ ആയതിനാലും ബന്ധുക്കൾ അടക്കം ഉള്ളവർ മരണ വിവരം അറിഞ്ഞിട്ടില്ലാത്തതിനാലും കൂടുതൽ വിവരങ്ങൾ പുറത്തു വിടരുത് എന്ന പ്രിയപ്പെട്ടവരുടെ അഭ്യർത്ഥനയെ തുടർന്നാണ് പേരടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്താത്തത്. സ്വന്തമായി ബിസിനസ് സംരഭം ആരംഭിച്ചിരുന്ന യുവാവിന് യുകെയുടെ പലഭാഗത്തും നിരവധി സുഹൃത്തുക്കളുമുണ്ട്. ഇവരെല്ലാം പ്രിയ മിത്രത്തിന്റെ ആകസ്മിക വേർപാടിൽ സ്വയം തകർന്ന അവസ്ഥയിലാണ് എന്നതും മരിച്ചയാൾ എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു.
സ്റ്റുഡന്റ് വിസയിലും പിന്നീട് കെയർ ഹോമിലെ വർക്ക് വിസയിലും ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഷിംജയുടെ മരണം യുകെ മലയാളികൾക്ക് മറ്റൊരു ആകസ്മിക വേർപാടായി മാറുകയാണ്. ഏതാനും നാളുകളായി വയർ വേദന അനുഭവപ്പെട്ടിരുന്ന ഷിംജ അൾസർ ആയിരിക്കുമെന്ന ധാരണയിൽ എൻഎച്ച്എസ് ചികിത്സയ്ക്ക് വൈകുന്ന സാഹചര്യം മനസിലാക്കി നാട്ടിൽ എത്തിയതായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടും മുൻപേ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ആദ്യം സ്‌ട്രോക്കും പിന്നീട് ഹൃദയാഘാതവുമാണ് മരണ കാരണമായി ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ശനിയാഴ്ച മരിച്ച ഷിംജയുടെ സംസ്‌കാര ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. ഷിംജ കഴിഞ്ഞ ഏതാനും വർഷമായി സ്റ്റുഡന്റ് വിസയിലും പിന്നീട് വർക്ക് വിസയിലും യുകെയുടെ പല ഭാഗങ്ങളിൽ കഴിഞ്ഞിട്ടുള്ളതിനാൽ ആകസ്മിക മരണം സൃഷ്ടിച്ച ആഘാതം പ്രിയപ്പെട്ടവർക്കെല്ലാം ഏറെ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്.
സ്റ്റുഡന്റ് വിസയിൽ എത്തിയ ഷിംജ ഏകദേശം അഞ്ചു വർഷത്തോളം യുകെയിൽ പിടിച്ചു നിൽക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു ഒടുവിൽ നാട്ടിലേക്ക് തിരിച്ചെത്തുക ആയിരുന്നു. പിന്നീട് വർത്തിങ് എന്ന സ്ഥലത്തു കെയർ ഹോമിൽ വർക് വിസ നേടിയും ജോലി ചെയ്തു. ഈ സമയങ്ങളിൽ ഒക്കെ പ്രാർത്ഥന ഗ്രൂപ്പുകളിൽ അടക്കമുള്ളവരുടെ സ്നേഹസാന്ത്വനങ്ങളാണ് ഷിംജയ്ക്ക് ജീവിതത്തെ നേരിടാൻ ധൈര്യം നൽകിയിരുന്നത്.
ഏറെ കഷ്ടപ്പാടുകളാണ് അക്കാലങ്ങളിൽ എല്ലാം ഷിംജ അനുഭവിച്ചിരുന്നത്. തുടർന്ന് വിവാഹം നടന്നെങ്കിലും യുകെ മലയാളികൾ സ്വർഗീയ ജീവിതം നയിക്കുന്നവരാണ് എന്ന കാഴ്ചപ്പാടിൽ അനേകമാളുകൾ ഇന്നും നാട്ടിലുണ്ട് എന്നോർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളാണ് ഷിംജയെ കാത്തിരുന്നതെന്നു ഈ യുവതിയുടെ പ്രിയ കൂട്ടുകാർ വെളിപ്പെടുത്തുന്നു. ഇക്കാരണത്താൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്നു ഷിംജ. വിവാഹ മോചനത്തിനുള്ള ശ്രമങ്ങൾ അടുത്തിടെ ആരംഭിച്ചിരുന്നതായാണ് സഹപ്രവർത്തകർ വെളിപ്പെടുത്തുന്നത്.
ഒടുവിൽ ലണ്ടൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ലഭിച്ചതോടെയാണ് വീണ്ടും ജീവിത പ്രതീക്ഷകൾ തളിരിടുന്നത്. തിരികെ ജീവിതത്തിലേയ്ക്ക് ഉറച്ച മനസോടെ നടക്കാൻ തുടങ്ങവേയാണ് ഷിംജയെ തേടി അസുഖം എത്തുന്നതും ഒടുവിലത് മരണത്തിലേക്ക് നയിക്കുന്നതും. ചികിത്സയെല്ലാം നടത്തി വേഗം മടങ്ങിവരാം എന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞു പോയ പ്രിയ കൂട്ടുകാരിയുടെ ചിരിക്കുന്ന മുഖമാണ് ഇപ്പോൾ സഹപ്രവർത്തകരുടെ മുന്നിൽ ഉള്ളത്. ശനിയാഴ്ച മരണം നടന്നത് ഏറെ വൈകിയാണ് ലണ്ടനിൽ ഉള്ള പ്രിയപ്പെട്ടവർ പലരും അറിയുന്നതും.