ലണ്ടൻ: യുകെയിൽ എത്തിയാൽ ഒരു പാർട്ട് ടൈം ജോലി എങ്കിലും കണ്ടെത്തുക എന്നത് സ്റ്റുഡന്റ് വിസയിൽ എത്തുന്നവരുടെയും അവരുടെ കൂടെ എത്തുന്ന ആശ്രിത വിസക്കാരുടേയും കാര്യത്തിൽ ലോട്ടറി കിട്ടുന്നതിന് തുല്യമാണ്. കാരണം അത്തരത്തിൽ നിയമം കർക്കശമാകുകയും ജോലി സാധ്യതകൾ ഇല്ലാതാവുകയുമാണ് ബ്രിട്ടനിൽ എന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നതിൽ കൂടുതലും. എന്നാൽ അത്തരം കഷ്ടപ്പാടുകളെ തരണം ചെയ്തു മാന്യമായ ജോലി സ്വന്തമാക്കിയ ഒരു മലയാളി യുവാവ് വെറും 12 ദിവസം മാത്രം ജോലി ചെയ്തു താൻ ശുശ്രൂഷിക്കേണ്ട വനിതയായ രോഗിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം ഇപ്പോൾ ബ്രിട്ടനിൽ പ്രാദേശിക, ദേശീയ മാധ്യമങ്ങളിൽ നിറയുകയാണ്. ലിവർപൂളിലെ വിസ്റ്റാൻ ഹോസ്പിറ്റലിൽ നടന്ന സംഭവം ചൂണ്ടിക്കാട്ടി ലിവർപൂളിൽ ഒരാഴ്ചയിൽ കോടതി ജയിലിൽ എത്തിച്ചത് 18 കൊടും കുറ്റവാളികളെ ആണെന്നാണ് പ്രാദേശിക മാധ്യമം ലിവർപൂൾ ഏകോ റിപ്പോർട്ട് ചെയ്യുന്നത്.

ഒരാഴ്ചക്കിടയിൽ ജയിലിൽ എത്തിയ മുഴുവൻ കുറ്റവാളികളുടെയും ചിത്രങ്ങൾ സഹിതമാണ് മാധ്യമങ്ങൾ വാർത്തകൾക്ക് പ്രാധാന്യം നൽകുന്നത്. ജനുവരി 18 നു ജോലിക്ക് കയറിയ വ്യക്തി ജനുവരി 30നു സ്വന്തം ജോലി സ്ഥലത്തു ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ അപൂർവതയാണ് സിദ്ധാർത്ഥിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ എന്ത് ചെയ്യാനാകും എന്ന ചർച്ചയാണ് എൻഎച്ച്എസിൽ ഇപ്പോൾ നടക്കുന്നത്. രോഗികൾ പോലും ആശുപത്രി കിടക്കയിൽ പീഡിപ്പിക്കപെടുന്ന സാഹചര്യം ബ്രിട്ടന് അത്ര പരിചിതവും അല്ല എന്നത് ഇക്കാര്യത്തിൽ ഞെട്ടൽ സൃഷ്ടിക്കുന്നുണ്ട്.

കസേരയിൽ ഇരുന്നു കൈകൾ കെട്ടി വീഡിയോ കോളിലൂടെ കോടതി നടപടികൾ വീക്ഷിച്ച സിദ്ധാർഥ് 13 വർഷത്തെ നീണ്ട ജയിൽ ജീവിതം എന്ന വിധി പ്രസ്താവം കേട്ടതോടെ വിങ്ങി പൊട്ടുക ആയിരുന്നു. തനിക്ക് കുറഞ്ഞ ശിക്ഷ ലഭിക്കണമേ എന്ന ഭാവത്തിൽ കൂപ്പുകൈകളുമായി പ്രാർത്ഥനാ രൂപത്തിൽ ഇരിക്കുന്ന യുവാവ് ആയും 46 നമ്പർ കോടതി മുറിയിലെ വീഡിയോ ദൃശ്യത്തിൽ സിദ്ധാർഥ് പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനതു ചെയ്തില്ല എന്നയാൾ സ്വയം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇക്കഴിഞ്ഞ മേയിൽ നടന്ന മറ്റൊരു വിചാരണ ഘട്ടത്തിൽ സിദ്ധാർത്ഥ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു നിമിഷത്തെ വൈകല്യ ചിന്തയ്ക്ക് ഇയാൾ യൗവന ജീവിതമാണ് ജയിലറയിൽ ഹോമിക്കേണ്ടി വരുന്നത്.

ഒടുവിൽ കുറ്റസമ്മതം, ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം, രോഗി മാനസിക സമ്മർദ്ദത്തിൽ

തുടക്കത്തിൽ പൂർണ സമയവും താൻ നിരപരാധി ആണെന്ന നിലപാട് എടുത്ത മലയാളി യുവാവ് ഒടുവിൽ തുടർച്ചയായ ചോദ്യം ചെയ്യലിൽ തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ബന്ധപ്പെടലാണ് നടന്നത് എന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. താൻ ശുശ്രൂഷിക്കേണ്ട 41 കാരിയായ രോഗിയെ ആശുപത്രിയിൽ കിടക്കയിലാണ് പ്രതി പീഡിപ്പിച്ചത്. സംഭവ ശേഷം മാനസികമായ അസ്വാസ്ഥ്യത്തിലേക്ക് എത്തിയ രോഗിക്ക് തുടർച്ചയായ കൗൺസിലിങ് നടത്തിയാണ് അധികൃതർ സാധാരണ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്.

ഏതാനും വർഷം മുൻപ് സമാന സാഹചര്യത്തിൽ എക്സ് ഫാക്ടർ സെലിബ്രിറ്റി ആയ ഗായികയെ ഫൈനൽ മത്സര തലേന്ന് മലയാളി യുവാവ് അവരുടെ ഹോട്ടൽ കിടക്കയിൽ ബലാത്സംഗത്തിന് ഇരയാക്കിയതോടെ ഗായികയുടെ ഭാവി തന്നെ ഇല്ലാതായി പോയിരുന്നു. ഒടുവിൽ ബ്രിട്ടനിൽ നിന്നും കുടുംബത്തെ പോലും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറുക ആയിരുന്നു ഗായിക. ഓരോ ബലാത്സംഗ സംഭവത്തിലും ഇത്തരത്തിൽ കടുത്ത മാനസിക പ്രയാസത്തിലേക്ക് കൂടിയാണ് ഇരകളാക്കപ്പെടുന്നവർ എത്തിച്ചേരുന്നത് എന്ന സാഹചര്യത്തിൽ കൂടിയാണ് ഇരപിടിയന്മാരായ ക്രിമിനലുകൾക്ക് ബ്രിട്ടനിലെ കോടതികൾ നീണ്ട കാല ജയിൽ ജീവിതം ഉറപ്പാക്കുന്നത്.

നടന്നത് ക്രൂരമായ പീഡനം, ഞെട്ടലോടെ കോടതിയും എൻഎച്ച്എസ് ട്രസ്റ്റും

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം എന്ന നിലയിലാണ് സിദ്ധാർത്ഥ് നായരുടെ ക്രൂരത ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ വിവരം വിചാരണ കോടതിയും സിദ്ധാർത്ഥിന്റെ തൊഴിൽ ഉടമ ആയിരുന്ന മേഴ്‌സിസൈഡ് ആൻഡ് ലങ്കാഷെയർ ടീച്ചിങ് ഹോസ്പിറ്റൽ എൻഎച്ചഎസ് ട്രസ്റ്റ് ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. എങ്ങനെ ഇത്രയും ക്രിമിനൽ മൈൻഡ് ഉള്ള ഒരാൾ രോഗി പരിചരണ വിഭാഗത്തിൽ ജോലി നേടി എന്നാണ് ഇപ്പോൾ ട്രസ്റ്റ് ചർച്ച ചെയ്യുന്നത്.

എന്നാൽ വിശദമായ ഡിബിഎസ് പരിശോധന നടന്നതാണെന്നും അതിൽ മുൻകാല കുറ്റകൃത്യ സൂചന ഒന്നും ലഭിച്ചില്ലെന്നുമാണ് ട്രസ്റ്റ് കണ്ടെത്തിയിരിക്കുന്നത്. വിദേശ പൗരൻ എന്ന നിലയിൽ ഇത്തരക്കാരുടെ പെരുമാറ്റ രീതികൾ പരിചിതമാകാൻ കൂടുതൽ കാലം വേണ്ടി വരും എന്നതിനാൽ ഭാവിയിൽ ഇന്ത്യയിൽ നിന്നും എത്തി ഉടൻ ജോലി ലഭിക്കുക എന്ന സാഹചര്യത്തിന് കൂടുതൽ തടസം സൃഷ്ടിക്കാൻ ഉള്ള ഉദാഹരണമാണ് സിദ്ധാർത്ഥിന്റെ ചെയ്തിയിലൂടെ സംഭവിച്ചിരിക്കുന്നത്.

വിദേശ രാജ്യത്ത് നിന്നും എത്തി ആദ്യ ജോലി ലഭിക്കുന്ന ഒരാൾ തികച്ചും മാനസിക, ശാരീരിക അവശത ഉള്ള രോഗികളെ നേരിട്ട് കൈകാര്യം ചെയ്യുന്ന സാഹചര്യവും ഒക്കെ ഭാവിയിൽ ഒഴിവാക്കപ്പെടും എന്ന സൂചനയും എൻഎച്ച്എസിൽ നിയമന വിഭാഗത്തിൽ ജോലി ചെയ്യുന്നവർ തന്നെ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളെ പരിശീലന പരിപാടികളിൽ ചർച്ച ചെയ്തു ഒഴിവാക്കാവുന്ന സാഹചര്യം കണ്ടെത്തി നടപ്പാക്കുക എന്നതാണ് എൻഎച്ച്എസ് അടക്കമുള്ള യുകെയിലെ സ്ഥാപനങ്ങൾ ചെയ്യുക എന്നും നിയമന നടപടികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ വെളിപ്പെടുത്തി.

അത്തരം കാര്യങ്ങൾ വംശീയത ചൂണ്ടിക്കാട്ടിയിട്ടു കാര്യം ഇല്ലെന്നും ഇവർ പറയുമ്പോൾ മലയാളികൾ മലയാളികളുടെ കഞ്ഞിയിൽ കല്ല് വാരിയിടുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. അടുത്ത കാലത്ത് എത്തിയ മലയാളികളിൽ പലരും തങ്ങൾ യുകെയിൽ താൽക്കാലികമായി തങ്ങാൻ എത്തിയതാണ് എന്ന സൂചനയും പങ്കുവയ്ക്കുമ്പോൾ കൂടുതൽ സിദ്ധാർത്ഥമാർ സൃഷ്ടിക്കപ്പെടാനായുള്ള സാധ്യതയാണ് ഉയരുന്നത്.

ഒരു പക്ഷെ ബ്രിട്ടനിലെ രീതികൾ പരിചിതമാകാൻ ഉള്ള സമയം ലഭിക്കും മുൻപേ കേരളത്തിലെ രീതിയിൽ അറിയാതെ രോഗിയെ തൊട്ടതോ ശരീരത്തിൽ അകാരണമായി സ്പർശിച്ചതോ ഒക്കെയാകാം പരാതിക്ക് കാരണമായത് എന്ന സൂചനയിൽ സിദ്ധാർത്ഥ് അറസ്റ്റിൽ ആയപ്പോൾ പേരോ ചിത്രമോ മറ്റു സൂചനകളോ നൽകാതെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ ഇയാൾ നിരപരാധി ആണെങ്കിൽ അകാരണമായി ജയിലിൽ കിടക്കരുത് എന്ന ചിന്തയിൽ പ്രാദേശികമായി മലയാളി സംഘടനാ പ്രവർത്തകരും സഹായ ശ്രമം നടത്തിയിരുന്നു.

മാത്രമല്ല റിമാൻഡിൽ കിടക്കവേ കോടതിയിൽ ഹാജരാക്കിയ ആദ്യ ഘട്ടത്തിൽ താൻ നിരപരാധിയാണ്, തനിക്ക് ഒന്നും അറിയില്ല എന്ന് ഇയാൾ പറഞ്ഞതും നിരപരാധി ആകാനിടയുണ്ട് എന്ന ചിന്തയാണ് മലയാളി സമൂഹത്തിൽ പടർത്തിയത്. എന്നാൽ അറസ്റ്റിൽ ആയിട്ടും കോടതിയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ശ്രമമാണ് സിദ്ധാർത്ഥ് നടത്തിയത്. ഇതും നീണ്ട കാല ജയിൽ ജീവിതത്തിലേക്ക് നയിച്ച വിധിയിൽ പ്രതിഫലിക്കുന്നുണ്ട്.