- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ്സ് വിസയിൽ യുകെയിൽ എത്തി മുങ്ങിയ മലയാളികളുടെ ജീവിത കഥയുമായി സ്‌കൈ ന്യൂസ്; ഏജന്റുമാരാൽ കബളിക്കപ്പെട്ടവർ, വിസയില്ലാതെ സ്ഥലങ്ങൾ മാറി ജീവിക്കുന്ന ഞെട്ടിക്കുന്ന കഥ
ലണ്ടൻ: ഒരു ജീവിതം കെട്ടിപ്പടുക്കാൻ എന്ത് ത്യാഗവും സഹിച്ച് അക്കരപ്പച്ചകൾ തേടിപ്പോകുന്ന മലയാളി സമൂഹത്തിന്റെ ദയനീയമായ ഒരു ചിത്രം വരച്ചു കാട്ടുകയാണ് സ്‌കൈ ന്യുസ്. സ്റ്റുഡന്റ്സ് വിസയിൽ യു കെയിൽ എത്തിയ മലയാളികളായ ചില ചെറുപ്പക്കാരുടെ ജീവിത കഥകളാണ് സ്‌കൈ ന്യുസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യു കെയിൽ തുടരുന്നവർ നയിക്കുന്നത് തീർത്തും പരിതാപകരമായ ജീവിതമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.
തനിക്ക് തന്റെ ജീവിതം രക്ഷപ്പെടുത്തണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഈ മാർഗ്ഗം തിരഞ്ഞെടുത്തത് എന്ന് ധനപാൽ എന്ന യുവാവ് പറയുന്നു. ഏജന്റുമാരാൽ ചതിക്കപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നത് മറ്റൊരു വസ്തുത. സ്റ്റുഡന്റ്സ് വിസയിൽ യു കെയിൽ എത്തിയ പലരും യൂണിവേഴ്സിറ്റി ഫീസ് അടച്ചതിനു ശേഷം തൊഴിലു തേടി പോവുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രത്യേകിച്ച് രേഖകൾ ഒന്നും തന്നെയില്ലാതെ തീർത്തും അനധികൃതമായി യു കെയിൽ ജീവിക്കുന്ന ഇവർക്ക് ജീവിതച്ചെലവുകൾക്കായി പല വിധത്തിലുള്ള തൊഴിലുകളിലും ഏർപ്പെടേണ്ടതായി വരുന്നു. വീടുപണി മുതൽ റെസ്റ്റോറന്റുകളിലും മറ്റും പാത്രം കഴുകുന്നവർ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 83,600 ൽ അധികം പേർ വിസ കാലാവധി കഴിഞ്ഞിട്ടും യു കെയിൽ തുടരുകയാണെന്നും പറയുന്നു.
ഇതിനു പുറമെയാണ് ബോട്ടുകളിൽ ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാർ. ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാണ് ഇമിഗ്രെഷൻ സോളിസിറ്റർ വാസുകി മുറഹത്താസ് പറയുന്നത്. സഹായം അഭ്യർത്ഥിച്ചുകൊണ്ട് എത്തുന്നവരുടെ എണ്ണം 50 ശതമാനത്തോളം വർദ്ധിച്ചു എന്നും അവർ പറയുന്നു.
ബ്രിട്ടനിലെ ഇമിഗ്രേഷൻ സിസ്റ്റം ആകെ താറുമാറായി കിടക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. സ്റ്റുഡന്റ്സ് വിസയിലും സന്ദർശക വിസയിലുമൊക്കെയായി ഇവിടെയെത്തുന്നവരിൽ ചിലർ വിസ കാലാവധി കഴിഞ്ഞും തിരികെ പോകാതെ ബ്രിട്ടനിൽ കൂടുകയാണെന്ന് അവർ പറയുന്നു. അത്തരക്കാരെ കണ്ടെത്താനോ, തിരികെ നാട്ടിലേക്ക് അയയ്ക്കാനോ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംവിധാനം ഇവിടെയില്ലെന്നും അവർ പറയുന്നു.
കുടിയേറ്റ പ്രശ്നം സുപ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വരുന്നത്. വരുന്ന പൊതു തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട കുടിയേറ്റമായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ശ്രമിക്കുന്നതും. യൂറോപ്യൻ കോടതിയുടെ ഇടപടെലിലൂടെ താത്ക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്ന റുവാണ്ടൻ പദ്ധതി പുനരാരംഭിക്കാനും ശ്രമങ്ങൾ തുടരുന്നു.
മറുനാടന് ഡെസ്ക്