പീറ്റര്‍ബറോ: പീറ്റര്‍ബറോ മലയാളി സോജന്‍ തോമസ് (49) വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് മരണത്തിന് കീഴടങ്ങി. വീടിന്റെ മുകള്‍ നിലയില്‍ താഴത്തെ നിലയിലേക്ക് വരികയായിരുന്നു സോജന്‍. അതിനിടെയാണ് കാല്‍ തെറ്റി താഴേക്ക് വീണത്. വലിയ ശബ്ദം കേട്ട് മക്കള്‍ ഓടിയെത്തി അടിയന്തിര സേവന വിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി പാരാമെഡിക്‌സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6.40നായിരുന്നു സംഭവം. വീഴ്ചയില്‍ കഴുത്തിനേറ്റ ക്ഷതമാകാം മരണ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

പീറ്റര്‍ബറേയിലെ സ്പാള്‍ഡിംഗില്‍ കുടുംബസമേതമായിരുന്നു സോജന്‍ തോമസ് താമസിച്ചിരുന്നത്. മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു സോജന്‍. നാട്ടില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ്. കെയര്‍ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജന്‍, കെവിന്‍ സോജന്‍ എന്നിവരാണ് മക്കള്‍. കഴിഞ്ഞ മാര്‍ച്ചില്‍ യുകെയിലെത്തിയ സോജനെ തേടിയാണ് ഒരു തികയും മുന്നേ മരണമെത്തിയത് എന്ന സങ്കട വിവരവും പുറത്തുവന്നിട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍പാണ് സോജന്റെ ഭാര്യ സജിനി യുകെയില്‍ എത്തിയത്. തുടര്‍ന്നാണ് സോജനും മക്കളും യുകെയില്‍ എത്തിയത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പില്‍ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സജി, സുജ, സൈജു (യുകെ) എന്നിവരാണ് സഹോദരങ്ങള്‍. കുറുമ്പനാടം അസംപ്ഷന്‍ സിറോ മലബാര്‍ ചര്‍ച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. സംസ്‌കാരം നാട്ടില്‍ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.