സ്റ്റാവഞ്ചർ (നോർവെ): നോർവ്വയിൽ നടക്കുന്ന ചെസ്സ് ടൂർണമെന്റിൽ ഇന്ത്യൻ ചെസ്സ് താരം പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെയും അട്ടമറിച്ചിരുന്നു. ഇതിന് പിന്നാലെ ലോക രണ്ടാം നമ്പർ താരവും പ്രഗ്നാനന്ദയ്ക്ക് മുന്നിൽ വീണു. ഇങ്ങനെ നോർവയിൽ ഗംഭീര പ്രകടനം നടത്തുകയാണ് ഇന്ത്യൻ താരം. മനസ്സും ശരീരവും ഒരുപോലെ പാകപ്പെടുത്തിയാണ് ഇന്ത്യൻ ചെസ്സ് താരത്തിന്റെ കുതിപ്പ്. നോർവെയിലെ ഭക്ഷണം വെല്ലുവിളിയാകുമെന്ന് ആശങ്കയുണ്ടായിരുന്ന ഇന്ത്യൻ ചെസ്സ് താരം പ്രാഗ്നാനന്ദക്ക് ഇക്കുറി സഹായമായത് ഒരു ദക്ഷിണേന്ത്യൻ റെസ്‌റ്റോറന്റാണ്. നോർവേയിൽ ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലയായ സ്പിസോയാണ് അവർക്ക് വീട്ടിലേതുപോലെ ഭക്ഷണം ഒരുക്കിയയത്.

ഐ ടി, എനർജി മേഖലയിൽ ജോലി ചെയ്യുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നോർവ്വേയിലെ സ്റ്റാവഞ്ചറിൽ നടത്തുന്ന ദക്ഷിണേന്ത്യൻ ഭക്ഷണശാലയാണ് സ്പിസോ. ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങളോടുള്ള താൽപര്യവും ചെറിയ വരുമാനവുമാണ് ഈ സുഹൃത്തുക്കള മേഖലയിലേക്ക് എത്തിച്ചത്. നോർവ്വേക്കാരുടെ പ്രഭാതഭക്ഷണത്തിൽ മസാല ദോശയും കൂടി ഉൾപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അൽപ്പം തമാശയോടെ പറയുന്നത്. അവിടെയെത്തുന്ന ഇന്ത്യൻ ഭക്ഷണ പ്രിയർക്കൊപ്പം പ്രശസ്തരായ ചെസ്സ് താരങ്ങൾക്കും ആതിഥ്യമരുളാനായതിന്റെ സന്തോഷത്തിലാണ് സ്പിസോയുടെ ഉടമകൾ.

ചെസ്സിലെ യുവപ്രതിഭ പ്രാഗ്നാനന്ദയുടെ സന്ദർശനത്തെക്കുറിച്ച് ഉടമകളിൽ ഒരാളായ നിതീഷ് കാമത്ത് പറഞ്ഞത് ഇങ്ങനെ: പ്രഗ്നാനന്ദയും സഹോദരി വൈശാലിയും അമ്മ നാഗലക്ഷ്മിയും മെനു ഏറെ നേരം പരിശോധിച്ച ശേഷമാണ് ഭക്ഷണം ഓർഡർ ചെയ്തത്. അമ്മയും സഹോദരിയും മസാല ദോശയും പൊടിയും കഴിച്ചപ്പോൾ തമിഴ്‌നാടൻ ചിക്കൻ കറിയും കേരളാ പൊറോട്ടയുമാണ് പ്രാഗ്നാനന്ദ ആസ്വദിച്ച് കഴിച്ചതെന്ന് നിതീഷ് പറഞ്ഞു.

പ്രാഗ്നാനന്ദ മാത്രമല്ല ഇന്ത്യൻ ചെസ്സ് താരങ്ങളായ ഗുകേഷും, കൊനേരു ഹംപിയും, സ്പിസോ ആരാധകരാണ്. നാട്ടിലെന്നപോലെ അവർ ഇവിടെ ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാറുണ്ടെന്ന് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണമെന്നാൽ ബട്ടർ ചിക്കനും, നാനും, ടിക്കാ മസാലയും മാത്രമാണ്. അവർക്ക് നമ്മുടെ വിഭവവൈവിധ്യം പരിചയപ്പെടുത്തണം. പക്ഷെ സ്റ്റാവഞ്ചർ നോർവേയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്. 2000 ത്തോളം ഇന്ത്യക്കാർ മാത്രമുള്ള ഈ നഗരത്തിൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് മാത്രമായി ഒരു ഭക്ഷണശാല നടത്തുന്നതിലെ വെല്ലുവിളികൾ ഏറെയാണെന്നും നിതീഷ് കാമത്ത് വ്യക്തമാക്കി.

വിഭവങ്ങൾക്കാവശ്യമുള്ള ചേരുവകൾ പലതും ഇവിടെ എളുപ്പത്തിൽ ലഭ്യമല്ല. വെണ്ടക്കയും മുരിങ്ങയ്ക്കയും വാഴയിലയുമെല്ലാം പുറത്ത് നിന്ന് എത്തിക്കണം. എന്നാലും വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിൽ തങ്ങൾക്ക് അഭിമാനമേയുള്ളുവെന്നും നിതീഷ് പറയുന്നു.