ലണ്ടൻ: ബോക്സിങ് റിങ്ങുകൾ അസാധാരണ ധൈര്യശാലികൾക്കുള്ളതാണ്. നല്ല കായിക പുഷ്ടിയും ശരീര പേശികളും മാത്രം പോരാ തീർച്ചയായും ബുദ്ധിമാന്മാരുടെ കായിക ഇനം കൂടിയാണ് ബോക്സിങ്. കാരണം എതിരാളികളുടെ സൂക്ഷ്മ ചലനങ്ങൾ പോലും ഒരു നിമിഷം മനസിലാക്കാൻ വൈകിയാൽ പല്ലോ കണ്ണോ ഒക്കെ താഴെ കിടക്കും. അത്തരം അസാധാരണ കാഴ്ചകൾ ഏതു നിമിഷം വേണമെങ്കിലും സംഭവിക്കാം എന്ന റിസ്‌ക് ഉള്ളതിനാൽ കൂടിയാണ് മനസ്സിൽ നിറയെ ആഗ്രഹം ഉണ്ടെങ്കിലും സാധാരണക്കാർ ബോക്സിങ് റിങ്ങുകൾ കണ്ടാൽ പോലും എത്തിനോക്കാൻ എങ്കിലും മടിക്കുന്നതും. എന്നാൽ ഏതൊരു ചെറുപ്പക്കാരനായ യുവാവിനും മനസ്സിൽ താലോലിക്കുന്ന, ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം കൂടിയായിരിക്കും റിങ്ങിലെ ഫൈറ്റും അതിൽ ജേതാവാകുന്നതും.

പക്ഷെ നോർവിച്ചിലെ ആൽബിൻ ജോർജ് എന്ന കിടങ്ങൂർക്കാരൻ യുവാവ് ആ സ്വപ്നം കാണുക മാത്രമല്ല അതിപ്പോൾ സാധ്യമാക്കുകയും ചെയ്തിരിക്കുന്നു. ഓരോ യുകെ മലയാളി ചെറുപ്പക്കാരുടെയും സിരകളിൽ തീ പടർത്തി കൊണ്ട് തന്നെ. ഇടയ്ക്കിടെ റിങ്ങിൽ തടിച്ചു കൂടിയവർ ആരോ ഉയർത്തിയ ടൈഗർ, ടൈഗർ എന്ന വിളി ആസ്വദിച്ച് തന്നെ എതിരാളിയെ ഇടിച്ചിട്ട ആൽബിൻ ജോർജ് ഇപ്പോൾ ശരിക്കും ഒരു കടുവക്കുട്ടിയുടെ ശൗര്യത്തോടെയാണ് മലയാളി മനസുകളിൽ നിറയുന്നത്. മത്സരം കാണാൻ എത്തിയ കുടുംബാംഗങ്ങൾ നെഞ്ചിൽ തീ പിടിച്ചെന്ന വിധം മത്സരത്തിലെ ഓരോ നിമിഷത്തിനും സാക്ഷികൾ ആകുമ്പോൾ പോലും ആ സമയങ്ങളിൽ തനിക്ക് എതിരാളിയെ അല്ലാതെ മറ്റൊന്നും ഓർക്കാനാകുമായിരുന്നില്ല എന്നാണ് ആൽബിൻ പ്രതികരിച്ചത്.

ഈ ശനിയാഴ്‌ച്ച നോർവിച്ച് ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ബോക്സിങ്ങ് മത്സരം കാണികൾക്ക് ആവേശമുണർത്തുന്നതായിരുന്നു. പ്രമുഖ ബോക്സിങ്ങ് ക്ലബ്ബായ പ്രോസ്‌പെക്ട് ബോക്സിങ്ങ് പ്രൊമോഷൻസാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൂന്ന് റൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ രണ്ടു റൗണ്ടിലും വിജയം നേടിയ ആൽബിന്റെ വലതു കൈയുയർത്തി വിജയിയായി പ്രഖ്യാപിക്കുമ്പോഴും ഹർഷാരവം നിലച്ചിരുന്നില്ല. വിജയം ലക്ഷ്യമാക്കിയുള്ള മത്സരത്തിൽ തികച്ചും മാന്യതയുടെയും ബോക്സിങ്ങിന്റെ നിയമവ്യവസ്ഥകൾ പാലിച്ചും എതിരാളിയെ കീഴടക്കിയ ആൽബിൻ മത്സരം കാണികളുടെയും കണ്ണിലുണ്ണിയായി മാറി.

കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ നിന്നും 18 വർഷങ്ങൾക്ക് മുൻപ് യുകെയിലേക്ക് കുടിയേറിയ കുന്നേൽ കുടുംബാഗമായ ജോർജ്ജിന്റെയും ഷിജിയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ആൽബിൻ ജോർജ്ജ്. സ്‌കൂൾ പഠനകാലം മുതൽ ബോക്സിങ്ങിൽ താൽപര്യം കാണിച്ചിരുന്ന ആൽബിൻ പഠനത്തിന് ശേഷം നോർവിച്ചിൽ റോട്ടർബീ ബോക്സിങ്ങ് ക്ലബ് അംഗമായി പരിശീലനം തുടരുകയാണ്. ചിട്ടയായ പരിശീലനവും അനുദിനമുള്ള വ്യായാമ മുറകളും അച്ചടക്കത്തോടെയുള്ള ജീവിത രീതിയുമാണ് ബോക്സിങ്ങിൽ മുന്നേറാൻ കഴിയുന്നതിന്റെ അടിസ്ഥാനമെന്ന് ആൽബിൻ ജോർജ്ജ് കരുതുന്നത്.

ബോക്സിങ്ങിൽ കൂടുതൽ പടവുകൾ താണ്ടി മലയാളികൾക്കും ഭാരതത്തിനും ഇംഗ്ലണ്ടിനും അഭിമാനാകുവാൻ ആഗ്രഹിക്കുന്ന ആൽബിനെ പരിശീലിപ്പിക്കുന്നതും നിരവധി ബോക്സിങ്ങ് മത്സരങ്ങൾ വിജയിച്ച വ്യക്തിയാണ്. ആൽബിന്റെ ബോക്സിങ്ങിനോടുള്ള താൽപര്യത്തേയും പരിശീലനരീതികളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ആത്മാർത്ഥമായ പരിശീലനത്തോടൊപ്പം ബ്രിട്ടന്റെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആത്മവിശ്വാസം വർധിക്കുന്നതായും ആൽബിൻ വിവരിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ വിജയം കാണുവാനായി കഴിഞ്ഞ ആറു മാസമായി പരിശീലിക്കുകയായിരുന്നുവെന്നും ഈ കൊച്ചു മിടുക്കൻ എടുത്തു പറഞ്ഞു.

നോർവിച്ചിൽ തന്നെയുള്ള ഇറാൻഡ് പ്ലസ്സ് പേർസണൽ ആൻഡ് സർവീസസിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ആൽബിൻ ഭാവിയിൽ ബോക്്സിങ്ങിൽ ഉന്നത നേട്ടങ്ങൾ കൈവരിക്കുവാനും ആഗ്രഹിക്കുന്നു. ബോക്സിങ്ങ് റിങ്ങിൽ എതിരാളികളെ തറപറ്റിക്കുന്ന ശക്തനാണെങ്കിലും സാമൂഹ്യ ജീവിതത്തിൽ തികച്ചും സൗമ്യനായ വ്യക്തിയുമാണ്. ഇംഗ്ലണ്ടിലും കേരളത്തിലും നിരവധി സുഹൃത്ത് ബന്ധങ്ങളുള്ള ആൽബിൻ അവരോടൊപ്പം സമയം ചിലവഴിക്കുവാനും ആഗ്രഹിക്കുന്നു. മലയാളികൾ നേതൃത്വം നൽകുന്ന കലാസാംസ്‌കാരിക സംഘടനകളിലും സാമൂഹികോത്സവങ്ങളിലും നിറസാന്നിധ്യമാണ് ആൽബിൻ ജോർജ്ജ്.

കായികശേഷിയോടൊപ്പം ശാരീരിക ശേഷി അധികമാവശ്യമുള്ള കായിക മത്സര ഇനമാണ് ബോക്സിങ്ങ്. അതിനാൽ തന്നെ മലയാളി സാന്നിധ്യം കുറഞ്ഞ ഇടവുമാണ്. എങ്കിലും കഠിനാധ്വാനത്തിലൂടെ ആൽബിൻ ജോർജ്ജ് -നെപ്പോലുള്ളവർ സധൈര്യം മുന്നോട്ടിറങ്ങുമ്പോൾ ആഗോള തലങ്ങളിലെ മലയാളികൾ അഭിനന്ദനങ്ങളോടെ ആശംസകൾ നേരുന്നു. തന്റെ മത്സരവീര്യത്തെ നെഞ്ചോട് ചേർത്തു പിടിക്കുകയും എല്ലായ്‌പ്പോഴും വിജയാശംസകൾ നേരുകയും ചെയ്യുന്ന കുടുംബാംഗങ്ങളാണ് തന്റെ പ്രചോദനമെന്ന് ആൽബിൻ ജോർജ്ജ് ആവർത്തിക്കുന്നു.