ലണ്ടൻ: ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തി നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ബോർഡർ പൊലീസ് സജീവമായി രംഗത്ത്. മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ബ്രിട്ടനിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇവരെല്ലാം ഇപ്പോൾ നിയമ നടപടി നേരിടുകയാണെന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ വിദ്യാർത്ഥി വിസക്കാരെ തേടിയെത്തിയ ഹോം ഓഫിസ് അധികൃതർ അനധികൃത കുടിയേറ്റത്തിന് ഒരു മലയാളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെ വീണ്ടും സമാനതരത്തിലുള്ള വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് 2023 ജനുവരി മുതൽ ബോർഡർ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ലിവർപൂളിലെ വീടുകളിൽ ബോർഡർ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ ഇപ്പോഴിതാ, യുകെയിലുടനീളമുള്ള നിരവധി റെസ്റ്റോറന്റുകളിലും പരിശോധന നടത്തിയിരിക്കുകയാണ്. ഫെബ്രുവരി 17ന് സോമർസെറ്റ് നെയിൽസീ ഹൈ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ നടത്തിയ റെയ്ഡിനെ തുടർന്ന് യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്തതിന് മൂന്ന് അനധികൃത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജോലിക്ക് നിയോഗിച്ചതിന് സ്ഥാപനത്തിന് ബിസിനസ്സിന് റഫറൽ നോട്ടീസും നൽകി. ഈ സ്ഥാപനത്തിന് മേൽ 60,000 പൗണ്ട് വരെ പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി എട്ടിന് ലെവിഷാമിലെ ലോംപിറ്റ് വെയ്‌ലിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിനെതിരെ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃത തൊഴിൽ ചെയ്യിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇമിഗ്രേഷൻ കുറ്റങ്ങൾ ആരോപിച്ച് ഒരാളെ അറസ്റ്റും ചെയ്തു. ഒരു നിയമവിരുദ്ധ തൊഴിലാളിക്ക് 20,000 പൗണ്ട് വരെ സാമ്പത്തിക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല, റസ്റ്റോറന്റിന് സിവിൽ പെനാൽറ്റി നോട്ടീസും നൽകിയിട്ടുണ്ട്. അനധികൃത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിന് ബോൾട്ടണിലെ ഡെർബി സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിന് 10,000 പൗണ്ട് പിഴ ചുമത്തി.

ഇത്തരത്തിൽ അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിലൂടെ തൊഴിലുടമകൾ ഗുരുതരമായ കുറ്റമാണ് ചെയ്യുന്നത്. ഇതുവഴി സത്യസന്ധരായ തൊഴിലുടമകൾ ഇല്ലാതാവുകയും കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിലുള്ള മാർഗങ്ങൾ ഉണ്ടാവുകയും യഥാർത്ഥ തൊഴിൽ അന്വേഷണകർക്ക് അതു ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ കുറ്റകൃത്യം ചെയ്യുന്നവരെ തടയുന്നതിനാണ് ഗവൺമെന്റ് ഇപ്പോൾ ഏറ്റവും അധികം മുൻഗണന നൽകുന്നതെന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു.

നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് തടയാൻ എല്ലാ തൊഴിലുടമകൾക്കും ബാധ്യതയുണ്ട്. കൂടാതെ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ നിയമിച്ചാൽ അതിനുള്ള പിഴകൾ കഠിനവുമാണ്. യുകെയിൽ ജോലി ചെയ്യാൻ അവകാശമില്ലാത്തവരെ ജോലി ചെയ്യിപ്പിച്ചുവെന്ന് കണ്ടെത്തിയാൽ തൊഴിലുടമകൾക്ക് അഞ്ച് വർഷം തടവും പരിധിയില്ലാത്ത പിഴയും അടയ്ക്കേണ്ടി വന്നേക്കാം. തൊഴിലുടമകൾക്കെതിരെ നടപടികൾ എടുക്കുന്നത് തടയാൻ ഒരാളെ ജോലിക്കെടുക്കുമ്പോൾ കൃത്യമായ പരിശോധനയും മറ്റും പൂർത്തിയാക്കേണ്ടതാണ്.