ലണ്ടൻ: മൂന്നു യുകെ മലയാളി ചെറുപ്പക്കാർ. അവരുടെ പേര് സനിൽ കുമാർ, മനാസ് ബാബു, അരുൺദേവ്. രണ്ട് പേർ ഐ ടി പ്രൊഫഷണലുകൾ. ഒരാൾ ഹോസ്പിറ്റൽ നഴ്സ്. മൂന്നു പേരും യുകെയിലെത്തി കണ്ടു മുട്ടിയ ചങ്കുകൾ. എന്തിനും ഏതിനും ഒന്നിച്ചു നിൽക്കുന്ന ത്രിമൂർത്തികൾ. ജീവിതത്തെ അസാധാരണമായ കാര്യങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർ. ഇവരിപ്പോൾ യുകെ മലയാളികളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു പേജുകൾ തയ്യാറാക്കിയിരിക്കുകയാണ്. ഒട്ടേറെ വൈവിധ്യമായ കാര്യങ്ങൾ യുകെ മലയാളികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇവരെപ്പോലെ ധീരതയുടെ അസാധാരണ കാഴ്ചകൾ സമ്മാനിച്ചവർ അധികമില്ല. പറഞ്ഞു പറഞ്ഞു കാടു കേറാതെ നേരെ കാര്യത്തിലേക്ക് വരാം.

അത്ഭുതത്തോടെയും അതിശയത്തോടെയും ടെലിവിഷൻ സ്‌ക്രീനുകളിൽ കണ്ടിട്ടുള്ള ആർട്ടിക് ദേശത്ത് എത്തി, ഐസിൽ തെന്നിമറിഞ്ഞു, ഐസിനേക്കാൾ തണുപ്പേറിയതെന്നു വിശേഷിപ്പിക്കാവുന്ന കടലിൽ കട്ടി ജാക്കറ്റിൽ ഊളിയിട്ടു മടങ്ങി വന്നിരിക്കുന്ന ഹീറോകളായി മാറിയിരിക്കുകയാണ് മൂവരും. ഇവർ നടത്തിയ അസാധാരണ സാഹസിക യാത്രയെ കുറിച്ച് ആഴ്ചകൾക്ക് മുൻപേ ബ്രിട്ടീഷ് മലയാളിക്ക് വിവരം ലഭിച്ചെങ്കിലും കൂടുതൽ ഹീറോകൾ ഉണ്ടാകാൻ കാരണമാകട്ടെ എന്ന് മൂവരെയും ബോധ്യപ്പെടുത്തിയെടുക്കാനുള്ള സമയം വേണ്ടിവന്നതിനാലാണ് ഈ വിവരം അൽപം വൈകിയാണെങ്കിലും ഇപ്പോൾ യുകെ മലയാളികളെ തേടി എത്തുന്നത്.

ആകസ്മികമായി വാട്സാപ്പ് ഗ്രൂപ്പിൽ, പിന്നെല്ലാം അതിവേഗത്തിൽ

ഇപ്പോൾ എന്തിനും ഏതിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവരാണ് അധികവും, പ്രത്യേകിച്ചും ചെറുപ്പക്കാർ. അങ്ങനെയാണ് മൂവരും സൗത്താംപ്ടണിലെ അഡ്വഞ്ചർ ക്ലബ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എത്തിപ്പെടുന്നത്. ഗ്രൂപ്പിന്റെ പേര് പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് ഗ്രൂപ്പ്. വിവിധ തരം സാഹസിക കാര്യങ്ങൾ ഗ്രൂപ്പിൽ എത്തുമ്പോൾ അതിനോട് താൽപര്യം ഉള്ളവർ അതേറ്റെടുക്കും. ഇത്തരത്തിലാണ് പോളാർ അഡ്വഞ്ചർ എന്നറിയപ്പെടുന്ന ആർട്ടിക് ഐസ് ബ്രേക്കിങ് ചലഞ്ചിനെ കുറിച്ച് അറിയാൻ ഇടയായത്. മൂവർക്കും ഇക്കാര്യത്തിൽ കൗതുകം തോന്നിയതോടെ കൂടുതൽ അന്വേഷണമായി.

മുൻപ് സൈക്കിളിങ്, മാരത്തൺ, കൂറ്റൻ മലകയറ്റം എന്നിവയ്‌ക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിജനമായ ഇടങ്ങളിൽ പോലും എത്തി ക്യാംപിങ് നടത്തിയ അനുഭവവും ഒക്കെ പോളാർ അഡ്വെഞ്ചർ ട്രിപ്പിന് കരുത്തായി മാറിയ ഘടകമാണ് എന്ന് മൂവരും പറയുന്നു. ആഗ്രഹം ഉള്ളിൽ കൂടു കൂട്ടിയത് മുതൽ മുട്ടയിടാൻ വെമ്പുന്ന കോഴിയെ പോലൊരു ഇരിക്കപ്പെറുതി ഇല്ലാതായതോടെ വീട്ടിൽ കാര്യം അവതരിപ്പിക്കുകയും സമ്മതത്തിനു പോലും കാത്തു നിൽക്കാതെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ആയിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളികളായ മൂവരും വന്ന കാലം മുതൽ സുഹൃത്തുക്കളുമാണ്. സൗത്താംപ്ടൺ ഹോസ്പിറ്റലിൽ നഴ്സ് ആയ മനാസ് ബാബു, ഐടി പ്രൊഫഷണലുകളായ സൗത്താംപ്ടണിലെ സനിൽ കുമാർ, സ്വിണ്ടനിലെ ഐ അരുൺദേവ് പുത്തൻപുരയിൽ എന്നിവർ കൂട്ടുകൂടിയതും പരിചയപ്പെട്ടതും സാഹസികതയിലെ പൊരുത്തം കൊണ്ട് തന്നെയാണ്. സാധാരണ താപനില -5 മുതൽ -20 വരെ, കപ്പൽ പോകുന്നത് പാറ പോലെ ഉറച്ച ഐസിനെ കീറിമാറ്റി, ഐസ് മലകൾക്കൊപ്പം കടലിൽ നീന്തുന്നത് പ്രധാന വിനോദം

ജീവിതത്തിൽ ഒരിക്കലും കാണുകയോ സങ്കൽപിക്കുകയോ പോലും ചെയ്യാത്ത കാഴ്ചകളാണ് ആർട്ടിക് പര്യവേഷണത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. തണുപ്പെന്നൊക്കെ കേൾക്കുമ്പോൾ ശൈത്യകാലം നല്ല തണുപ്പിൽ ജീവിക്കുന്ന യൂറോപ്യരുടെ അനുഭവം ഒന്നുമല്ല ബ്രിട്ടനിലേത്. താരതമ്യേനേ തണുപ്പ് കുറഞ്ഞ പ്രദേശമാണ് ഇപ്പോൾ യൂറോപ്പിന്റെ ഭാഗം അല്ലെങ്കിലും ബ്രിട്ടനിലേത്. പോളണ്ടിലും മറ്റും -20 താപനില ശൈത്യകാലത്തിൽ പരിചിതവുമാണ്.

എന്നാൽ ഈ തണുപ്പിന് സമാനമാണ് ആർട്ടിക് പര്യവേഷണത്തിന് എത്തുന്നവർക്കും നേരിടേണ്ടത്. പല ലേയറുകളായി ജാക്കറ്റുകൾ ധരിച്ചാൽ പോലും അരിച്ചു കയറുന്ന തണുപ്പിൽ നിന്നും രക്ഷപ്പെടാനാകില്ല. ബേസ് ക്യാമ്പിലേക്ക് എത്തുന്ന കപ്പൽ കറ കറ ശബ്ദത്തോടെയാണ് കടലിൽ ഉറച്ചു കിടക്കുന്ന ഐസ് പാളികളെ കീറിമുറിയ്ച്ചു മുന്നോട്ടു നീങ്ങുക. കപ്പലിന് വല്ല അപകടവും മൂർച്ചയുള്ള പാറക്കഷ്ണങ്ങൾ മൂലം സംഭവിച്ചേക്കുമോ എന്ന പേടിയോടെയേ ഡെക്കിൽ നിന്നും ഈ കാഴ്ചകൾ കാണാനാകൂ എന്ന് മനാസ് പറയുന്നത് അതിശയോക്തിയല്ല.

നങ്കൂരമിട്ട കപ്പലിൽ നിന്നും വാട്ടർ പ്രൂഫ് ജാക്കറ്റിൽ ശരീരമാകെ മൂടി ആർട്ടിക് കടലിലേക്ക് എടുത്തു ചാടുന്ന സഞ്ചാരികൾ മനസ്സിൽ നിറയ്ക്കുന്നത് പേടിപ്പെടുത്തുന്ന കാഴ്ചകളാണ്. കടലിൽ മുങ്ങുമ്പോൾ കാണുവാൻ വേണ്ടി ഓറഞ്ചു നിറത്തിൽ ഉള്ള വാട്ടർ പ്രൂഫ് കുപ്പായമാണ് ധരിക്കുക. ചൂണ്ട പോലെ കയ്യിൽ കരുതിയ നീളൻ ദണ്ട് കൊണ്ട് കടലിൽ പൊങ്ങിക്കിടക്കുന്ന സഞ്ചാരികളെ കപ്പലിൽ നിന്നും നിയന്ത്രിക്കുന്ന കാഴ്ച കണ്ടാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആർക്കേടുകളിൽ കുട്ടികൾ ചൂണ്ടയിട്ട് പിടിക്കുന്ന പ്ലാസ്റ്റിക് താറാവിൻ കുഞ്ഞുങ്ങളെയാണ് ഓർമ്മയിൽ എത്തുക. ടൈറ്റാനിക്കിനെ വരെ മുക്കി കളഞ്ഞ കൂറ്റൻ മഞ്ഞുമലകളെ ഓർമ്മപ്പെടുത്തുന്ന ഐസ് മലകളുടെ പാളികളെക്കൊപ്പമാണ് സഞ്ചാരികൾ തണുത്തുറഞ്ഞു കിടക്കുന്ന ആർട്ടിക് കടലിൽ നീന്തുക. നീന്തുക എന്ന് പറഞ്ഞാലും മിക്കവർക്കും വെള്ളത്തിൽ പൊങ്ങികിടക്കാൻ മാത്രമേ കഴിയൂ എന്നതാണ് വാസ്തവം.

യാത്രയ്ക്ക് വേണ്ടത് രണ്ടു ദിവസം

നീണ്ട ഒരുക്കങ്ങൾ ഒന്നും വേണ്ട ഈ യാത്രയ്ക്ക് എന്നതാണ് ഏറ്റവും കൗതുകം. സാഹസികത നിറഞ്ഞ മനസാണ് ഏറ്റവും ആവശ്യമായുള്ളത്. തമാശക്കോ കൗതുകത്തിനോ വേണ്ടി ചെന്നാൽ കുഴപ്പമാകും എന്നുറപ്പാണ്. കാരണം പേടിച്ചു ബോധം കെടാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ചേർന്നാണ് സഞ്ചാരികളെ ആർട്ടിക് പ്രദേശങ്ങൾ സ്വാഗതം ചെയ്യുന്നത്. സൗത്താംപ്ടൺ അഡ്വഞ്ചർ ക്ലബിൽ രജിസ്റ്റർ ചെയുന്ന സഞ്ചാരികൾ ലണ്ടൻ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ നിന്നും നേരെ എത്തുക ഫിൻലാൻഡിലെ റോവനെയിമി വിമാനത്താവളത്തിലാണ്.

അഞ്ചു മണിക്കൂർ നേരം കൊണ്ടാണ് യുകെയിൽ നിന്നും ഫിൻലാൻഡിൽ എത്തുക. വിമാനത്താവളത്തിൽ നിന്നും നേരെ എത്തുക ലാപ്ലാന്റിലാണ്. മഞ്ഞുറഞ്ഞു കിടക്കുന്ന ഫിൻലാൻഡിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് ഇവിടം. പകൽ മുഴുവൻ അവിടെ ചുറ്റിക്കറങ്ങി രാത്രി താമസ സ്ഥലത്ത് എത്താം. ഈ സമയം ഏറെ പ്രസിദ്ധമായ നോർത്തേൺ ലൈറ്റ് കാണുവാനുള്ള അവസരവും കൂട്ടിനെത്തും.

രണ്ടാം ദിവസമാണ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കപ്പൽ യാത്ര. തണുത്തുറഞ്ഞു, ചുറ്റിനും ഐസ് പാളികൾ നിറഞ്ഞ കടൽ. മുകൽപ്പരപ്പിൽ ഐസും താഴെ ജലവും. രാവിലെ എട്ടരയ്ക്ക് കപ്പലിൽ കയറുന്ന സഞ്ചാരികളെയും കൊണ്ട് ഒൻപതു മണിയോടെ കപ്പൽ പതുക്കെ യാത്ര തുടങ്ങും. നിരന്തരം നടത്തുന്ന യാത്രകൾ കൊണ്ട് സാധ്യമാകുന്ന കപ്പൽ ചാലിൽ കൂടെ മാത്രമേ കപ്പൽ നീങ്ങൂ. കപ്പലിനെ ചുറ്റിപ്പിണഞ്ഞു കടലിൽ നിറയെ മഞ്ഞുപാളികൾ ആയിരിക്കും.

നാലുമണിക്കൂർ കൊണ്ടാണ് ഐസ് ബ്രെക്കിങ് എന്നറിയപ്പെടുന്ന് കപ്പൽ യാത്ര അവസാനിക്കുക. തുടർന്ന് ഐസ് വീണു കിടക്കുന്ന മലകളിൽ സ്‌കീയിങ്. മഞ്ഞുവാരിക്കളിച്ചു ആവോളം ആസ്വദിക്കാനുള്ള സ്ഥലങ്ങളിലാണ് ഓരോ സഞ്ചാരിയും എത്തുക. രാത്രി ഏഴുമണിയോടെ താമസ സ്ഥലത്തു മടങ്ങി എത്തുന്ന ബ്രിട്ടീഷ് സഞ്ചാരികൾ അർദ്ധ രാത്രി പിന്നിടുന്നതോടെ യുകെയിൽ മടങ്ങി എത്തും. മഞ്ഞു നിറഞ്ഞു കിടക്കുന്ന റോവേനിയമി എയർപോർട്ടിലെ വിമാനങ്ങളുടെ ലാൻഡിങ്ങും ടേക് ഓഫും ഒക്കെ പേടിപ്പെടുത്തുന്ന അനുഭവം കൂടിയാണ്.

മനസ്സിൽ ഇന്നാകട്ടെ നാളെയാകട്ടെ തുടങ്ങിയ ആഗ്രഹങ്ങളുമായി കാത്തിരിക്കുന്ന ഓരോരുത്തർക്കുമുള്ള ഇൻവിറ്റേഷൻ കൂടിയാണ് ഇന്നത്തെ ബ്രിട്ടീഷ് മലയാളിയുടെ സൗത്താംപ്ടൺ ത്രിമൂർത്തികൾ സമ്മാനിക്കുന്നത്. സാഹസികതയ്ക്കുള്ള ഭാഗം മാറ്റിവച്ചാൽ പോലും ആർട്ടിക്കിലേക്കുള്ള യാത്ര ഒരു മറക്കാനാകാത്ത ജീവിതാനുഭവം തന്നെയാണെന്ന് മൂവരും ഒരേ സ്വരത്തിൽ പറയുന്നത്. കടുത്ത ആരോഗ്യ പ്രശനം ഇല്ലാത്ത ആർക്കും ഈ സാഹസിക യാത്ര അനുഭവിക്കാൻ നിയമപരമായ ഒരു തടസ്സവുമില്ല എന്നതും പ്രത്യേകതയാണ്.

ഒരൽപം ചൂടോ തണുപ്പോ എത്തുമ്പോഴേക്കും അസഹ്യത അനുഭവപ്പെടുന്ന ഓരോരുത്തർക്കും ഭൂമിയുടെ ഓരോ കോണിലും ജീവിതം എത്ര കഠിനമാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടി നൽകിയാകും ആർട്ടിക് യാത്ര അവസാനിക്കുക എന്നതാണ് ഈ ട്രിപ്പിന്റെ ക്ലൈമാക്സ്.