ലണ്ടൻ: ഏപ്രിലിൽ നോവ കൊടുങ്കാറ്റിൽപ്പെട്ട് കടലിൽ മുങ്ങിമരിച്ച ഇന്ത്യൻ വിദ്യാർത്ഥി സ്വയം ജീവനൊടുക്കിയതാണെന്ന് റിപ്പോർട്ട്. മരണം സംഭവിച്ച് ആറു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് തേജസ്വിയുടെ മരണം ആത്മഹത്യയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അസ്ട്രോ നോട്ടിക്സ് ആൻഡ് സ്പേസ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ 24കാരി സായ് തേജസ്വി കുമാരറെഡ്ഡിയാണ് ബ്രൈറ്റണിലെ കടലിലേക്ക് വീണ് മരിച്ചത്.

കാറ്റും മഴയും തീരത്ത് ആഞ്ഞടിക്കുന്ന സമയത്ത് തേജസ്വി കടൽത്തീരത്ത് നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ കോടതിയിൽ വ്യക്തമാക്കി. അങ്ങനെ നടക്കുന്നതിനിടയിലാണ് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ് ആഞ്ഞടിക്കുന്ന തിരമാലകളിലേക്ക് എടുത്തു ചാടിയത്. അരയോളം വെള്ളം കയറിയപ്പോഴേക്കും നിലതെറ്റിവീണ തേജസ്വിയെ പിന്നെ വെള്ളത്തിൽ ഉയർന്നു പൊങ്ങുന്നതാണ് കണ്ടത്. ഏപ്രിൽ 11നാണ് സംഭവം നടന്നത്.

കടൽത്തീരത്തെ അഭിമുഖീകരിക്കുന്ന ഒരു ഫ്‌ളാറ്റിലെ മുകളിലത്തെ നിലയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായത്. 'ഒരു വ്യക്തി കടൽത്തീരത്ത് കൂടി ഇരുണ്ട വസ്ത്രം ധരിച്ച് നടക്കുന്നത് കണ്ടുവെന്നും തിരമാലകൾ വീശിയടിക്കുന്ന ഭയങ്കരമായ കാലാവസ്ഥയായതിനാൽ തന്നെ ഈ കുട്ടി എന്താണ് ചെയ്യുന്നത് എന്നോർത്ത് താൻ ആശങ്കപ്പെടുകയും ചെയ്തുവെന്നാണ് ഒരു പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞത്.

രണ്ടു മിനിറ്റോളം അവരെ നിരീക്ഷിച്ചപ്പോഴാണ് കടലിലെ വെള്ളത്തിലേക്ക് നടന്നടുക്കുന്നത് കണ്ടത്. മുങ്ങിമരിക്കാൻ ശ്രമിക്കുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്. തുടർന്ന് ഉടൻ തന്നെ കോസ്റ്റ്ഗാർഡിനെ വിൽച്ചുവെന്നും രണ്ട് ക്വാഡ് ബൈക്കുകളിലായി അവർ ബീച്ചിൽ എത്തിയപ്പോഴേക്കും യുവതിയെ വെള്ളത്തിൽ മുഖം താഴ്‌ത്തി പൊങ്ങിക്കിടക്കുന്നതായി കണ്ടുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുമുമ്പ് തന്നെ അവർ പ്രാഥമിക ചികിത്സ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവിടെ വച്ചു തന്നെ തേജസ്വി മരിച്ചിരുന്നു.

വെസ്റ്റ് സസെക്സിലെ ചിചെസ്റ്ററിൽ നടന്ന ഇൻക്വസ്റ്റിൽ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. തേജസ്വിയുടെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു പ്രതിനിധിയാണ് വീഡിയോ ലിങ്കിൽ ഇൻക്വസ്റ്റിൽ പങ്കെടുത്തത്.

ബെഡ്‌ഫോർഡിലെ ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ അസ്‌ട്രോനോട്ടിക്‌സിലും സ്‌പേസ് എഞ്ചിനീയറിംഗിലും എംഎസ്സിക്ക് പഠിക്കുന്ന തേജസ്വിയുടെ ഒരു വർഷത്തെ കോഴ്‌സ് 'ഇന്റൻസീവ്' ആയിരുന്നു. പക്ഷേ പഠനവുമായി പൊരുത്തപ്പെട്ട തേജസ്വി വളരെയധികം സന്തോഷവതിയായിരുന്നുവെന്നും സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് മേധാവി ആയ ഫ്രാൻ റാഡ്ക്ലിഫ് പറഞ്ഞു.