അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി 2023 ജനുവരി ഒന്നു മുതൽ പ്രബാല്യത്തിൽ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും നിർബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ ഇനിയും ഇൻഷുറൻസ് എടുക്കാത്തവർക്ക് പിഴ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇൻഷുറൻസ് സ്‌കീം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹമായിരിക്കും ഇൻഷുറൻസ് പ്രീമിയമായി അടയ്‌ക്കേണ്ടത്.

രണ്ടാമത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ മാസം 10 ദിർഹം വെച്ച് വർഷത്തിൽ 120 ദിർഹം പ്രീമിയം അടയ്ക്കണം. വാർഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കിൽ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇൻഷുറൻസ് പോളിസിക്ക് മൂല്യവർദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്‌ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേൽ വരില്ല.

രാജ്യത്തെ ഒൻപത് ഇൻഷുറൻസ് കമ്പനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികൾക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾ കൊണ്ട് ജോലി നഷ്ടമായാൽ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാർക്ക് പരമാവധി 10,000 ദിർഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാർക്ക് പരമാവധി 20,000 ദിർഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാൽ ലഭിക്കുക.

ജോലി നഷ്ടമായാൽ ഇൻഷുറൻസ് കമ്പനികളുടെ പൂളിന്റെ പ്രത്യേക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, കോൾ സെന്റർ എന്നിവയിലൂടെ ക്ലെയിം അപേക്ഷ നൽകാം. ജോലി നഷ്ടമായ ദിവസം മുതൽ 30 ദിവസത്തിനകം അപേക്ഷ നൽകിയിരിക്കണം. അപേക്ഷ ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവുകയും അതിന് ശേഷം തുടർച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്ത് കഴിഞ്ഞവർക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയിൽ പ്രവേശിച്ചാലോ അല്ലെങ്കിൽ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവർക്കും ഇൻഷുറൻസ് തുക ലഭിക്കില്ല.

നിക്ഷേപകർ, സ്വന്തം കമ്പനിയിൽ ജോലി ചെയ്യുന്നവർ, ഗാർഹിക തൊഴിലാളികൾ, താത്കാലിക കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ, 18 വയസിന് താഴെയുള്ളവർ, ഒരു ജോലിയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയിൽ പ്രവേശിച്ചവർ എന്നിവരൊന്നും പദ്ധതിയിൽ ചേരാൻ യോഗ്യരല്ല. എന്നാൽ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പദ്ധിതിയിൽ ചേരാനാവും.

ഇൻഷുറൻസ് കമ്പനികളുടെ പൂളിന്റെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ബാങ്ക് എടിഎമ്മുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ച് കമ്പനികൾ, ടെലികോം കമ്പനികളായ ടു, എത്തിസാലാത്ത്, എസ്.എം.എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവാം.