- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധം നഷ്ടമായത് നജ്‌റാനിലെ നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ; ആശുപത്രിയിലെത്തിച്ചിട്ടും ആബോധാവസ്ഥയിൽ കിടന്നത് മൂന്നരമാസം; ബോധം വീണ്ടെടുക്കാത്ത സാഹചര്യത്തിൽ ആറ്റിങ്ങൽ സ്വദേശിയെ നാട്ടിലെത്തിച്ചു; നടപടിയിൽ കൈത്താങ്ങായി പ്രവാസി സമൂഹവും സുമനസ്സുകളും
അബഹ: മൂന്നര മാസം സൗദി അറേബ്യയിലെ നജ്‌റാനിലെ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെ (42)യാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം നജ്‌റാനിൽനിന്ന് സൗദി അറേബ്യൻ വിമാനത്തിൽ റിയാദിലും അവിടെ നിന്നും കൊച്ചിയിലേയ്ക്കും കൊണ്ടുപോയി. തുടർന്ന് നോർക്കയുടെ ആബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നജ്‌റാനിലെ നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നരമാസം അവിടെ തുടർന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെ നാട്ടിലെ ബന്ധുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് നജിറാനിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൊളന്റിയറും നജ്‌റാൻ പ്രതിഭ കലാസാംസ്‌കാരിക വേദി സേവനവിഭാഗം കൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.അബോധാവസ്ഥയിലുള്ള രോഗിയെ നാട്ടിൽ എത്തിക്കുന്നതിന് വരുന്ന ഭീമമായ ചെലവും ആശുപത്രിയിൽ അടയ്‌ക്കേണ്ട മുന്നര ലക്ഷം റിയാലും പ്രതിസന്ധിയായി.
തുടർന്നു ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി സമൂഹത്തിന്റെയും സഹായം തേടി. മൂന്നരലക്ഷം റിയാലിന്റെ ബില്ല് ഇൻഷുറൻസ് കമ്പനി നിരസിച്ചതിനെ തുടർന്ന് കോൺസുലേറ്റ് അധികൃതർ ആശുപത്രി മേധാവിക്കും നജ്‌റാൻ ആരോഗ്യവകുപ്പ് മേധാവിക്കും കത്തു നൽകി.
തുടർന്ന് ബിൽ തുക 2,30,000 റിയാലാക്കി കുറച്ചുനൽകി. ഇൻഷുറൻസ് കമ്പനി അത് വഹിക്കാൻ തയാറായി. ഇതോടെ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ ചെലവ് വരുന്ന 41,000 റിയാൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുറച്ച് തുക ജിദ്ദ കോൺസുലേറ്റ് സഹായിക്കാമെന്നു അറിയിച്ചു. ആ തുക വായ്പയായി കണ്ടെത്തുകയും ബാക്കി നജ്‌റാനിലെ പ്രവാസി സമൂഹം നൽകുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ