ലണ്ടൻ: യുകെയിൽ രണ്ട് മലയാളികൾ അടുത്തടുത്ത മണിക്കൂറുകളിൽ മരിച്ചു, അതും സമപ്രായക്കാരായവർ. രണ്ടു പേരും ക്യാൻസർ ബാധിതർ ആയിരുന്നു എന്നതും മരണത്തിൽ നിഴലിടുന്ന മറ്റൊരു സമാനതയായി മാറി. ആദ്യമെത്തിയത് ചിചെസ്റ്ററിലെ റെജിയുടെ മരണ വാർത്തയാണ് . തൊട്ടു പിന്നാലെ വെക്ഫീൽഡിലെ മഞ്ജുഷിന്റെ മരണവാർത്തയും എത്തി. രണ്ടു പേർ അടുത്തടുത്ത മണിക്കൂറുകളിൽ വിട പറയുന്ന അപൂർവതയിൽ ഞെട്ടിത്തരിച്ചു പോയ യുകെ മലയാളികൾ ഇരുവരുടെയും വേർപാടിനോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മണിക്കൂറുകളാണ് കടന്നു പോകുന്നത്. മരിച്ച രണ്ടു പേരും തങ്ങളുടെ കുടുംബങ്ങളുടെ അത്താണിയും നട്ടെല്ലും ആയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. റെജി സ്റ്റാഫ് നേഴ്സും മഞ്ജുഷ് ഹെഡ് ഷെഫും ആയി ജോലി ചെയ്യുക ആയിരുന്നു മരണത്തിനു അധികം അകലെയല്ലാത്ത കാലത്തുപോലും .

രോഗവും മരണവും വന്നത് അതിവേഗതയിൽ, പതറാതെ മഞ്ജുഷ്

രോഗവും മരണവും മഞ്ജുഷിനെ തേടി വന്നത് അതിവേഗതയിലാണ്. രണ്ടു വര്ഷം മുൻപ് മാത്രം രോഗം കണ്ടെത്തുകയും തുടർന്ന് അതിവേഗതയിൽ മരണത്തിലേക്ക് വഴുതി വീഴുകയുമായിരുന്നു മഞ്ജുഷ് , എന്നാൽ ഇത് തിരിച്ചറിയും വിധം ആയിരുന്നു രോഗ നിർണയത്തിന് ശേഷമുള്ള മഞ്ജുഷിന്റെ പ്രവർത്തികൾ എന്നും സുഹൃത്തുക്കളും മറ്റും വിശദീകരിക്കുന്നു . വർഷങ്ങൾക്കു മുൻപ് ലിവർപൂളിൽ മലയാളി ഹോട്ടലിൽ ഷെഫ് ആയിരുന്ന മഞ്ജുഷ് വെക്ഫീൽഡിൽ എത്തിയതോടെ മോറിസണിൽ ഷെഫ് ആയി ജോലി കണ്ടെത്തുക ആയിരുന്നു . രോഗവിവരം എല്ലാവരിൽ നിന്നും മറച്ചു വച്ചിരുന്നതിനാൽ പൊടുന്നനെയുള്ള മരണം ഏവർക്കും ഉൾക്കൊളനായിട്ടില്ല എന്നതാണ് സത്യം .

ആർക്കും വേഗത്തിൽ സൗഹൃദം കണ്ടെത്താനാകുമായിരുന്ന പ്രകൃതക്കാരൻ ആയതിനാൽ ഒട്ടേറെ സുഹൃത്തുക്കളുടെ വലയവും മഞ്ജുഷിനു ഒപ്പമുണ്ട്. ഇന്നലെ ഫാ ജോസ് അന്ത്യാകുളം നൽകിയ അന്ത്യ ശുശ്രൂഷ പ്രാർത്ഥനകൾ ഏറ്റെടുത്താണ് മഞ്ജുഷ് അന്ത്യനിദ്ര കൈവരിച്ചത് . ഭാര്യ ബിന്ദുവും ആൻ മേരി , അന്ന എന്നിവരും ചേർന്നതാണ് മഞ്ജുഷിന്റെ കുടുംബം .നാട്ടിൽ പിറവം സ്വദേശിയാണ് മഞ്ജുഷ്

സംസാരപ്രിയയായിരുന്ന  റെജിയുടെ മരണം ദുഃഖത്തിലാഴ്‌ത്തിയത് അനേകരെ

കൂട്ടുകാർക്കു ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ഇന്നലെ ചിചെസ്റ്ററിൽ മരിച്ച റെജി ജോണി . നിർത്താതെ സംസാരിച്ചിരുന്ന റെജിക്ക് അതിനായി കാര്യമായ വിഷയങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല. അതിനാൽ പ്രയാസം വരുമ്പോളൊക്കെ അതിനെ മറികടക്കാൻ ആരോടെങ്കിലും സംസാരിക്കുക എന്ന സൂത്രമാണ് റെജി ഉപയോഗിച്ചിരുന്നത് . ഇപ്പോൾ മരണശേഷം റെജിയുടെ സുഹൃത്തുക്കൾ ഫേസ്‌ബുക്കിലും മറ്റും എഴുതി സങ്കടം പറയുന്നതും ഇക്കാര്യം സൂചിപ്പിച്ചു തന്നെയാണ് .

ചിസെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യ തൊടുപുഴ മറിക പാറത്തട്ടേൽ കുടുംബാംഗം ചിസെസ്റ്റർ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്സ് റെജി ജോണിയാണ് (49 വയസ്സ്) ക്യാൻസർ ചികിത്സയിലിരിക്കെ ഇന്നലെ നിര്യാതയായത്.
യു കെ യിൽ എത്തുന്നതിന് മുൻപ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സയായിരുന്നു. കഴിഞ്ഞ വർഷം 2022 മെയ് മാസം ഹോസ്പിറ്റിലിൽ വച്ച് ജോലി ചെയ്യവേ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടിയിരുന്നു. പിന്നീട് തുടർ പരിശോധനകൾ നടത്തവെ ക്യാൻസർ രോഗം സ്ഥിരീകരിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം തികയും മുൻപുള്ള റെജി ജോണിയുടെ മരണം ചിസെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്‌ത്തിയിരിക്കുകയാണ്.

ഏക മകൾ അമ്മു ജോണി. സഹോദരങ്ങൾ : പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. സംസ്‌കാര ശുശ്രൂഷ യു കെ യിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് തൊടുപുഴക്കടുത്ത് മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും.