ബെൽഫാസ്റ്റ്: യുകെയിലെ മലയാളി സമൂഹത്തെ ഞെച്ച് വടക്കൻ അയർലണ്ടിൽ അപകടം. ലണ്ടൻഡെറിയിലെ വെള്ളച്ചാട്ടത്തിൽ പെട്ട് രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചുവെന്ന അതീവ സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലണ്ടനഡെറിയിലെ സെബാസ്റ്റ്യൻ ജോസഫ് എന്ന അജു - വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാർത്ഥികളായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂൾ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികൾ സൈക്ലിംഗിന് ഇറങ്ങിയത്. എന്നാൽ, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാൻ അപകടത്തിൽ പെടുകയും രക്ഷിക്കുവാൻ ശ്രമിച്ച ജോസഫും അതേ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.

അപകടം സംഭവിച്ചയുടൻ എമർജൻസി സർവ്വീസുകൾ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടൻ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയും ആയിരുന്നു. പിന്നീട് ആണ് ഫോയിൽ സെർച്ചും റെസ്‌ക്യൂവും പൊലീസ് ഡൈവേഴ്‌സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തത്. സംഭവ സ്തലത്തു വച്ചു തന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചിരുന്നു. മൃതദേഹങ്ങൾ സമീപത്തെ അൽറ്റ്നാഗെൽവിൻ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും പുരോഹിതരും മലയാളികളും അടക്കം നിരവധി പേർ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു.

അപകടം സംഭവിച്ചതിനെ തുടർന്ന സംഭവം നടന്ന പ്രദേശം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ഓൺലൈൻ മീഡിയകളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് എംഎൽഎ സിയാറ ഫെർഗൂസൺ ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി സർവ്വീസിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭ്യമാകും വരെ കാത്തിരിക്കുവാനാണ് ഫെർഗൂസൺ പറഞ്ഞിരിക്കുന്നത്.

എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കൽ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. കണ്ണൂർ സ്വദേശി ജോഷിയുടെ പുത്രനാണ് അന്തരിച്ച റോഷൻ. അതേസമയം, അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഇരു കുടുംബങ്ങളും തകർന്നിരിക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കളും സഹൃത്തുക്കളും. അതിനേക്കാൾ വേദനയിലാണ് ദുരന്തം ഉറ്റകൂട്ടുകാരുടെ മരണം കൺമുന്നിൽ കണ്ട സുഹൃത്തുക്കൾ. മരിച്ച കുട്ടികളടക്കം എട്ടു പേരാണ് സൈക്ലിംഗിന് ഇറങ്ങിയത്. ഫുട്‌ബോൾ കളിക്കാനും സൈക്ലിംഗിനും എല്ലാം ഒരുമിച്ചിറങ്ങുന്ന ഇവർ തങ്ങളിൽ രണ്ടു പേർക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും.