ലണ്ടൻ: യുകെ പഴയ യുകെയല്ല. ലോകം അടക്കി വാണിരുന്ന ഒരു സാമ്രാജ്യത്തെ കുറിച്ച് മാത്രം കേട്ടിട്ടുള്ള മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർ ഇതൊരു സ്വർഗ്ഗ ഭൂമി ആണെന്ന സങ്കൽപത്തിലാണ് ദശലക്ഷങ്ങൾ വാരി വിതറി ബ്രിട്ടനിലേക്ക് കുടിയേറാൻ കേരളത്തിലെ വ്യാജ വിസ കച്ചവട ലോബിക്ക് മുൻപിൽ ക്യൂ നിന്ന് വഞ്ചിതരാകുന്നത്.

മികച്ച ജോലിക്കായി എത്തുന്ന പ്രൊഫഷനലുകൾക്ക് വേണ്ടി തുറന്നിട്ട വാതിൽ ഉപയോഗിച്ച് പ്രത്യേക യോഗ്യത ഒന്നും വേണ്ടാത്ത കെയർ വിസ റൂട്ടിൽ എത്തിയ പതിനായിരക്കണക്കിന് മനുഷ്യർക്ക് ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ വേതനത്തിൽ രാജ്യത്തിന്റെ നിലവാരം അനുസരിച്ചുള്ള ക്വാളിറ്റി ലൈഫ് കിട്ടുന്നില്ല എന്ന ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് മുതലായ മുൻ നിര യൂണിവേഴ്‌സിറ്റികൾ അടക്കം ഉള്ളവയുടെ പഠന റിപ്പോർട്ട് കൂടി കണക്കിൽ എടുത്താണ് ഇപ്പോൾ വിസ റൂട്ട് കുടിയേറ്റത്തിനായി ദുരുപയോഗം ചെയ്തു എന്ന വിലയിരുത്തലിൽ കെയർ വിസക്കാർക്കു കുടുംബത്തെ കൊണ്ടുവരാനാകില്ല എന്ന നിയമം ബ്രിട്ടൻ നടപ്പാക്കിയത്.

കൂടാതെ മലയാളികൾ ഉൾപ്പെടെയുള്ളവർ വിസ കച്ചവടം തകൃതിയാക്കിയതും അത് വഴി വഞ്ചിക്കപെട്ടവർ ആരംഭിച്ച പരാതികളും ചേർന്നപ്പോൾ മനുഷ്യക്കടത്തായി മാറി തുടങ്ങിയ കെയർ വിസയെക്കുറിച്ചു ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാധ്യമങ്ങൾ ഏറ്റെടുത്ത കാമ്പയിന് ദേശീയ മാധ്യമങ്ങളിൽ എത്തിയതോടെ കുടിയേറ്റത്തിന് അറുതി വന്നേ പറ്റൂ എന്ന കർക്കശ നിലയിലേക്ക് കാര്യങ്ങൾ നീങ്ങുക ആയിരുന്നു.

എന്തിനാണ് വിസാ നിയന്ത്രണം, സർക്കാരിന് നേട്ടമെന്ത്?

ഒരർത്ഥത്തിൽ നോക്കുമ്പോൾ മലയാളി കുടിയേറ്റ സങ്കൽപത്തിന് കടയ്ക്കൽ കിട്ടിയ കടുംവെട്ടാണ് കെയർ വിസ, സ്റ്റുഡന്റ് വിസാ ആശ്രിത നിയന്ത്രണം എന്ന് തോന്നുമെങ്കിലും ബ്രിട്ടിഷ് സർക്കാരിനെ സംബന്ധിച്ച് നേട്ടങ്ങൾ പലതാണ്. അനിയന്ത്രിതമായി തള്ളിക്കയറി ഒരു വർഷം കൊണ്ട് ഏഴര ലക്ഷം പേർ ഒഴുകി എത്തിയപ്പോൾ ആശുപത്രികളും സ്‌കൂളുകളും അടക്കം നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ കുടിയേറ്റ നിയന്ത്രണം ചിന്തിക്കുന്നത്. സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ ഉള്ള വേതനമുള്ള തൊഴൽ ചെയ്യാൻ എത്തുന്നവർ ഭാവിയിൽ രാജ്യത്തിന് ബാധ്യതയാകും എന്ന ചിന്തയാണ് കുടിയേറ്റ നിയന്ത്രണ ബിൽ തയ്യാറാക്കുമ്പോൾ സർക്കാർ പങ്കിട്ടത്.

ലോകത്ത് ഏറ്റവും ചിലവേറിയ രാജ്യം എന്ന നിലയിൽ ഒരു കെയർക്ക് കിട്ടുന്ന ശമ്പളത്തിൽ കുടുംബ ചെലവ് കഴിഞ്ഞാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്ന വിധം പണം ചെലവിടാൻ പ്രാപ്തിയുള്ള ഒരു സമൂഹമല്ല ഈ വിസ നേടി എത്തുന്നത് എന്ന സർവകലാശാല പഠന റിപ്പോർട്ടും സർക്കാരിന്റെ മുന്നിൽ വിസ നിയത്രണം വേഗത്തിൽ നടപ്പാക്കാൻ ഉള്ള ചിന്തയ്ക്ക് കരുത്തേകുക ആയിരുന്നു. ഇങ്ങനെ എത്തുന്ന കുടിയേറ്റക്കാരിൽ ചെറിയൊരു ശതമാനം പോലും സർക്കാരിന്റെ ആനുകൂല്യം തേടി എത്തിയാൽ അതും ബാധ്യതയാകും എന്ന മുന്നറിയിപ്പും നിയന്ത്രണം കടുപ്പിക്കാൻ കാരണമായി.

ഒറ്റപ്പെട്ട നിലയിൽ ആണെങ്കിൽ പോലും അടുത്തിടെ എത്തിയ കുടിയേറ്റക്കാരിൽ നിന്നും അഭയാർത്ഥി വിസ പ്രവാഹം ഉണ്ടായതും നിയന്ത്രണം വേഗത്തിൽ ഉണ്ടാകണം എന്ന അഭിപ്രായത്തിനു കരുത്തു നൽകിയ ഘടകമാണ്. മലയാളികൾ പോലും ഇക്കാര്യത്തിൽ പിന്നിൽ അല്ലായിരുന്നു എന്നാണ് ഈ രംഗത്തുള്ള അഭിഭാഷകർ നൽകുന്ന വിവരങ്ങൾ.

ആടുജീവിതം മതിയെന്ന് മലയാളികൾ, ഇത് എന്തിനുള്ള പുറപ്പാട്

അതേസമയം യുകെയിലെ കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തതാണ് മലയാളികൾ യുകെയിലേക്ക് വരുന്നത് എന്ന ധാരണ അപ്പാടെ മാറ്റുന്നത് ആയിരുന്നു അടുത്ത കാലത്തായി എത്തിക്കൊണ്ടിരുന്ന മലയാളികളുടെ വെളിപ്പെടുത്തലുകൾ. യുകെയിൽ താമസ സൗകര്യം കുറയുന്നു എന്ന് പറയുമ്പോൾ അതിന് കുഴപ്പമെന്ത് ഒരു മുറിയിൽ സഹകരിച്ച് ഒന്നിലേറെ പേർക്ക് കഴിയാമല്ലോ എന്ന മറുചോദ്യമാണ് ഇപ്പോൾ കുടിയേറ്റക്കാർ ഉയർത്തുക.

ഉദാഹരണമായി ഗൾഫ് ജീവിതം ചൂണ്ടിക്കാട്ടുകയും ചെയ്യും. ഗൾഫിൽ ഒക്കെ ഒരേ മുറിയിൽ പത്തോ പതിനഞ്ചോ പേർക്ക് കഴിയുമല്ലോ എന്ന ന്യായമാണ് യുകെയിലെ പ്രയാസം നിറഞ്ഞ ജീവിത സാഹചര്യം വിവരിക്കുമ്പോൾ പല മലയാളികൾക്കും മറുപടി പറയാനുണ്ടാവുക. ദുര നിറഞ്ഞ ഏജൻസികൾ നൽകുന്ന തൊടുന്യായങ്ങളാണ് ഇത്തരം മറുപടികൾക്ക് പിന്നിൽ എന്നും വ്യക്തം. അത്തരം കഷ്ടപ്പാടുകൾ അറിയാൻ യുകെയിൽ വരുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഏക ഉത്തരമാണ് ഇപ്പോൾ സംഭവിച്ച കുടിയേറ്റ നിയന്ത്രണം.

ഇപ്പോൾ വീണ്ടും വിസ കച്ചവടക്കാർ ഇപ്പോൾ ബ്രിട്ടൻ സഹികെട്ടു വരുത്തിയ കുടിയേറ്റ നിയന്ത്രണത്തെയും വിൽക്കാനുള്ള ഒരുക്കത്തിലാണ്. ഇസ്രേയേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആളുകൾ ഒറ്റയ്ക്കല്ലേ പോകുന്നത് അതുപോലെ ബ്രിട്ടനിലും പോകാമല്ലോ എന്ന ന്യായമാണ് വിസ വിപണിയിലെ പുത്തൻ കച്ചവട പരസ്യം. കുടുംബമായി പൗരത്വവും നേടാം എന്ന ആനുകൂല്യം ഇല്ലാതായത് മറച്ചു വച്ച് നല്ല ശമ്പളം കിട്ടുമല്ലോ എന്ന ഉടക്ക് ന്യായത്തിൽ മുതലിറക്കുകയാണ് വിസ ലോബി.

വരവിനൊപ്പം ചിലവുള്ള രാജ്യത്തേക്ക് ഓടിക്കയറുന്നത് കേരളം മടുത്തിട്ടോ?

കേരളത്തിൽ ന്യായമായ വേതനം ഉണ്ടെന്നു പുറമെ തോന്നാമെങ്കിലും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പോലും പ്രതിമാസം പരമാവധി 20,000 രൂപയ്ക്ക് മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന നാടാണ് കേരളം എന്നതാണ് വസ്തുത. മധ്യ വർഗ ജീവിതത്തിന്റെ മുഴുവൻ സുഖങ്ങളും ആസ്വദിക്കുന്ന ഒരു ജനതയ്ക്ക് ഈ ചെറിയ വരുമാനത്തിൽ മുന്നോട്ട് പോകാനാകില്ല. ആ സാഹചര്യത്തിൽ നാടിനൊപ്പം ജനങ്ങളും കടക്കെണിയിൽ അകപെടുകയാണ്. കൈയിൽ ഒന്നും ബാക്കി വയ്കാനാകാത്ത അവസ്ഥയിൽ അകാരണമായി എത്തുന്ന ആശുപത്രി ചെലവ്, പഠന ആവശ്യങ്ങൾ, വീടിന്റെയും കാറിന്റെയും ലോണുകൾ ചേർന്ന വമ്പൻ കടങ്ങൾ, ആഡംബര മത്സരമായി മാറുന്ന വിവാഹങ്ങൾ എന്നിവയൊക്കെ നിത്യ കടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇപ്പോൾ മലയാളിക്ക് കേരളത്തിലെ ജീവിതം.

അതിനാൽ കേരളത്തിൽ എങ്ങനെ ജീവിക്കും എന്നാണ് ഓരോ ചെറുപ്പക്കാരും യുകെ അടക്കമുള്ള വിദേശ ജീവിത സ്വപ്നത്തിൽ സ്വയം ചോദിക്കുന്നത്. കൃഷിപ്പണി കടബാധ്യത നൽകുന്ന നാട്ടിൽ ജോലി കണ്ടെത്തുക എന്നതും സാധിക്കാത്ത സാഹചര്യത്തിൽ നാട് വിടുക എന്നത് നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമായി മാറുകയാണ്.

ഈ സാഹചര്യത്തിലാണ് മിനിമം ശമ്പളം മാത്രം ഓഫർ ചെയ്യുന്ന വലിയ വരുമാനം ഉള്ളവർക്ക് മാത്രം സുഖ ജീവിതം നൽകുന്ന ബ്രിട്ടനെ പോലെയുള്ള മുതലാളിത്ത നാടുകളിലേക്ക് മലയാളികൾ ഓടിക്കയറുന്നത്. ശരാശരി ഒരു കെയറർക്ക് ലഭിക്കുന്ന ശമ്പളം 1500 മുതൽ 1700 പൗണ്ട് വരെ ആയതിനാൽ കുതിച്ചുയർന്ന വാടകയും ബില്ലുകളും ചേരുമ്പോൾ കയ്യിൽ ബാക്കിയായി അധികം പണമൊന്നും ശേഷിക്കില്ല എന്നതാണ് വാസ്തവം, അതിനു വേണ്ടി ദശലക്ഷങ്ങൾ വായ്പ എടുത്തു പോലും യുകെയിൽ വരുന്നതിലും മികച്ച ജീവിതം കേരളത്തിൽ സാധ്യമാകും എന്ന് ഓർമ്മപ്പെടുത്തുന്നത് പുതുതായി കുടിയേറുന്ന കുടുംബങ്ങളിൽ സംഭവിക്കുന്ന പൊരുത്തക്കേടുകൾ തന്നെയാണ്. ഒരു നെരിപ്പോട് കണക്കെ നീറുകയാണ് പല ചെറു കുടുംബങ്ങളും.

കാരണം ഇത്രയും സഹനശക്തി വേണ്ടി വരുന്ന ജീവിത സാഹചര്യം അനുഭവ പരിചയം ഇല്ലാത്ത യുവത്വത്തിന് കഠിനാധ്വാനവും സമ്മർദ്ദവും നൽകുന്ന യുകെ ജീവിതത്തിൽ ഒടുവിൽ സ്വപ്നം കണ്ടു വന്ന ജീവിതം കൈവിടുകയാണ് എന്ന തിരിച്ചറിവ് നൽകുന്ന ഞെട്ടൽ തരണം ചെയ്യക നിഷ്പ്രയാസമായിരിക്കില്ല. അതിനാൽ ബ്രിട്ടനെ കുറിച്ച് പറഞ്ഞു കേട്ട നിറമുള്ള കഥകൾക്ക് പകരം ജീവിതത്തിൽ ഇപ്പോൾ മിക്കവർക്കും ബ്രിട്ടൻ നൽകുന്ന ബ്ലാക് ആൻഡ് വൈറ്റ് ജീവിതം.