ലണ്ടൻ: യു കെയിലേക്ക് പ്രവേശിക്കുന്നതിനുള്ള പിൻവാതിൽ ആയിട്ടാണ് പല വിദേശ വിദ്യാർത്ഥികളും ഗ്രാജ്വേറ്റ് വിസ റൂട്ടിനെ കാണുന്നത്. അതുകൊണ്ടു തന്നെ, ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നവരും ഏറെയാണ്. അങ്ങനെ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുവാനായി ഗ്രാജ്വേറ്റ് വിസകൾ മുൻനിര കോഴ്സുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ആലോചിക്കുകയാണ് സർക്കാർ.

വരുന്ന തെരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു പ്രധാന ചർച്ചാ വിഷയമാകും എന്നത് ഉറപ്പാണ്. ആ സാഹചര്യത്തിൽ നില കൂടുതൽ സുരക്ഷിതമാക്കാൻ, കുടിയേറ്റം കുറയ്ക്കുന്നതിനായി ഫലപവത്തായ മാർഗ്ഗങ്ങൾ ഋഷി സുനകിന് സ്വീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി നിലവാരം കുറഞ്ഞ പല പി ജി കോഴ്സുകളും പഠിക്കുന്നതിനായി വിദേശ വിദ്യാർത്ഥികൾ ബ്രിട്ടനിലെത്തുന്നത് തടയുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സ്റ്റുഡന്റ് വിസകളുടെ എണ്ണം നേരിട്ട് കുറയ്ക്കുന്നത് പല യൂണിവേഴ്സിറ്റികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കും എന്ന ആശങ്ക ഉണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് മറ്റ് ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നത്. നിലവാരം കുറഞ്ഞ കോഴ്സുകൾ പഠിക്കാൻ വിദേശ വിദ്യാർത്ഥികൾ എത്തുന്നത് തടഞ്ഞു കൊണ്ട്, ഇമിഗ്രേഷൻ വലിയൊരു പരിധിവരെ തടയാം എന്നാണ് സർക്കാർ കരുതുന്നത്.

അതുപോലെ, കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി യൂണിവേഴ്സിറ്റികൾ ഏജന്റുമാരെ നിയമിക്കുന്നത് നിയന്ത്രിക്കാനും നീക്കമുണ്ട്. ഈയാഴ്ച നെറ്റ് ഇമിഗ്രേഷൻ കണക്കുകൾ പുറത്തു വരാൻ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന. കഴിഞ്ഞ തവണത്തേക്കാൾ നെറ്റ് ഇമിഗ്രേഷൻ താഴുമെങ്കിലും 2019 - ലെ തെരഞ്ഞെടുപ്പിൽ ടോറികൾ വാഗ്ദാനം ചെയ്ത നിരക്കിലേക്ക് എത്താൻ ഇനിയും ഏറെ ക്ലേശിക്കേണ്ടി വരും.

ഡിഗ്രി പഠനത്തിനെത്തുന്നവർക്ക്, പഠനം കഴിഞ്ഞും രണ്ടു വർഷക്കാലം യു കെയിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും സൗകര്യം നൽകുന്ന ഗ്രാജ്വേറ്റ് റൂട്ട് സ്റ്റുഡന്റ് വിസ പൂർണ്ണമായും നിർത്തലാക്കുന്നതിനും സർക്കാർ ആലോചിച്ചിരുന്നെങ്കിലും മന്ത്രി സഭയ്ക്കുള്ളിൽ നിന്നു തന്നെ ഇതിനെതിരെ സ്വരം ഉയർന്നിരുന്നു. അത്തരമൊരു നീക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.