ലണ്ടൻ: ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കുറഞ്ഞു വരുന്നതായി അന്താരാാഷ്ട്ര നാണയ നിധി (ഐ എം എഫ്) പറയുന്നു. മാത്രമല്ല, വളർച്ചക്കായി രാജ്യം അധികമായി വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ദീർഘകാലത്തേക്ക് കുറഞ്ഞ വളർച്ച നിരക്ക് അഭിമുഖീകരിക്കേണ്ട സാഹചര്യത്തിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നതെന്നും ഐ എം എഫ് പറയുന്നു. പണപ്പെരുപ്പം തുടരുകയും ചെയ്യും. വർദ്ധിക്കുന്ന ജനസംഖ്യ കൂടി പരിഗണിച്ചാൽ ഈ വർഷം ബ്രിട്ടന്റെ വളർച്ച പൂജ്യമായിരിക്കും എന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ നൽകുന്നുണ്ട്.

2019 മുതൽ തന്നെ, ബ്രിട്ടന്റെ തൊഴിൽ സേനയിലുണ്ടാകുന്ന വർദ്ധനവിന് ഏതാണ്ട് പൂർണ്ണമായും സഹായിക്കുന്നത് വിദേശ തൊഴിലാളികളാണെന്നും ഐ എം എഫ് വിലയിരുത്തുന്നു. ദീർഘകാല രോഗാവസ്ഥ പരാമർശിച്ച് തൊഴിലിൽ നിന്നും വിട്ടു നിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ വിശകലന റിപ്പോർട്ട് പുറത്തു വരുന്നത്. 28 ലക്ഷത്തോളം പേരാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തൊഴിലെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നത്.

അടുത്ത രണ്ട് വർഷത്തേക്ക് യു കെയുടെ വളർച്ച നേരത്തെ പ്രവചിച്ച രീതിയിൽ ഉണ്ടാകില്ലെന്ന് ഐ എം എഫ് ഇപ്പോൾ വിലയിരുത്തുന്നു. അതേസമയം, ആഗോളാടിസ്ഥാനത്തിൽ മികച്ച സമ്പദ് വ്യ്വവസ്ഥയാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥ, നേരത്തെ പ്രവചിച്ചിരുന്ന 3.2 ശതമാനത്തേക്കാൾ വേഗത്തിൽ ഈ വർഷം വളരുമെന്നാണ് ഐ എം എഫിന്റെ വിലയിരുത്തൽ

അതേസമയം, ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ഈ വർഷം വളരുക 0.5 ശതമാനം മാത്രമായിരിക്കും. ഐ എം എഫ് കഴിഞ്ഞ ജനുവരിയിലും കഴിഞ്ഞ വർഷം ഒക്ടോബറിലും പ്രവചിച്ചതിനേക്കാൾ കുറവാണിത്. 2023 - വെറും 0.1 ശതമാനം കൈവരിച്ചതിന് പിന്നാലെയാണ് ഈ വർഷവും വളർച്ചാ നിരക്ക് കുറയുന്നത്. ജർമ്മനിക്ക് പിന്നിലായി ഏറ്റവും സാവധാനം സമ്പദ്ഘടന വളരുന്ന രണ്ടാമത്തെ ജി 7 രാജ്യമായി ഇതോടെ ബ്രിട്ടൻ മാറിയിരിക്കുകയുമാണ്. എന്നാൽ, 2025 ഓടെ ബ്രിട്ടൻ 1.5 ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ 2025 - 1.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നത്. ഒക്ടൊബറിൽ പറഞ്ഞത് 2025 - ൽ 2 ശതമാനം വളർച്ച കൈവരിക്കുമെന്നും.