ലണ്ടൻ: പൊതു തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ പരാജയ സാധ്യതകൾ ഉറപ്പിച്ചുള്ള റിപ്പോർട്ടുകൾ വരവേ പ്രധാനമന്ത്രിക്ക് വിജയ പ്രതീക്ഷ നൽകി മൈഗ്രേഷൻ ഉപദേശക സമിതി തലവന്റെ റിപ്പോർട്ട്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിരക്ക് വൻതോതിൽ കുറയുമെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്കടക്കം ഏൽപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം 2019ലെ കണക്കിന് തുല്യമായി കുടിയേറ്റ നിരക്ക് കുറയുമെന്നാണ് റിപ്പോർട്ട്.

വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിരോധനം സർക്കാർ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമാണ് ചെലുത്തുക. ഇത് സെപ്റ്റംബറോടെ നെറ്റ് മൈഗ്രേഷൻ 150,000 നും 200,000 നും ഇടയിൽ കുറയുമെന്ന് മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പ്രൊഫ ബ്രയാൻ ബെൽ പറഞ്ഞു. പ്രതിവർഷം 2,40,000 എന്ന നിലയിൽ നിന്ന് നെറ്റ് മൈഗ്രേഷൻ കുറയ്ക്കുമെന്ന 2019ലെ ബോറിസ് ജോൺസന്റെ പ്രകടനപത്രിയിലെ വാദ്ഗാനം പാലിക്കാൻ തയ്യാറാണെന്ന് അവകാശപ്പെട്ടുകൊണ്ട് സുനകിന് തിരഞ്ഞെടുപ്പിലേക്ക് പോകാം എന്നാണ് ഇതിനർത്ഥം.

2022ൽ നെറ്റ് മൈഗ്രേഷൻ 745,000 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷം ഈ കണക്ക് കുറയ്ക്കുന്നതിന് പ്രധാനമന്ത്രി നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു. സ്റ്റുഡന്റ്, വർക്ക്, ഹ്യുമാനിറ്റേറിയൻ വിസകളിലെ വൻ കുതിച്ചുചാട്ടമായിരുന്നു സംഭവിച്ചത്. ശേഷം 2023 ജൂണിൽ മൊത്തം മൈഗ്രേഷൻ 672,000 ആയിരുന്നു. നെറ്റ് മൈഗ്രേഷൻ കുറയ്ക്കാമെന്ന് വ്യക്തമാക്കുന്ന തരത്തിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. സെപ്റ്റംബറിലും ഒരു വലിയ ഇടിവ് കാണാൻ കഴിയുമെന്ന് പ്രൊഫെൽ ബെൽ പറഞ്ഞു.

വിദേശ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളേയും അവരുടെ ആശ്രിതരേയും നിയന്ത്രിക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ വെട്ടിക്കുറയ്ക്കാമെന്ന് സുനക് തിരിച്ചറിഞ്ഞതാണ് 450,000 ൽ നിന്ന് 200,000ത്തിലേക്ക് എത്തുവാൻ കാരണമായത്. പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരാൻ കഴിയൂ. ബ്രിട്ടനിലേക്ക് വരുന്നതിൽ നിന്നും ഒരു വലിയ ഭാഗം വിദ്യാർത്ഥികളെ അതു തടയുന്നുവെന്ന് പ്രൊഫെൽ ബെൽ പറഞ്ഞു.