- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനുള്ള പേരുദോഷങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു; പാസ്സ്പോർട്ട് സർവീസുകൾക്കും വിസ അപേക്ഷകൾക്കും ഒക്കെ സമയം നിശ്ചയിച്ച് കോൺസുലേറ്റ്; ഇനി നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ നിശ്ചിത ദിവസം കിട്ടും
ലണ്ടൻ: ഇന്ത്യാക്കാർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിൽ വരുത്തുന്ന കാലതാമസം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പേരിനു മേൽ കളങ്കം ചാർത്താൻ തുടങ്ങിയിട്ട് ഏറെ നാളുകളായിൽ ഏതായാലും അതിൽ നിന്നുമൊരു മോചനത്തിനു ഒരുങ്ങുകയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ. വിസ, പാസ്സ്പോർട്ട് തുടങ്ങിയ എല്ലാ വിധ കോൺസുലർ സേവനങ്ങൾക്കും വി എഫ് എസ് സേവനങ്ങൾക്കും കൃത്യമായി എത്ര സമയം എടുക്കും എന്ന് പരസ്യമാക്കിയിരിക്കുകയാണ് ഹൈക്കമ്മീഷൻ.
ഹൈക്കമ്മീഷൻ പുറത്തിറക്കിയ കുറിപ്പ് അനുസരിച്ച്, വിവിധ വിസ, പാസ്പ്പോർട്ട്, ഒ സി ഐ സേവനങ്ങളുടെയും മറ്റു കൗൺസലർ സേവനങ്ങളുടെയും പ്രക്രിയകൾ പൂർത്തീകരിക്കാൻ ആവശ്യമായ സമയപരിധി 8 പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. പാസ്സ്പോർട്ട് സേവനങ്ങൾ ആണെങ്കിൽ 10 പ്രവൃത്തി ദിനങ്ങളും തത്ക്കാൽ അല്ലെങ്കിൽ എമർജൻസി പാസ്സ്പോർട്ട് ആണെങ്കിൽ 3 പ്രവൃത്തി ദിനങ്ങളും എടുക്കും.
ഒ സി ഐയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷ നൽകിക്കഴിഞ്ഞാൽ പ്രക്രിയകൾ പൂർത്തിയാക്കുവാൻ 6 ആഴ്‌ച്ചകൾ എടുക്കുമെന്നും കുറിപ്പിൽ പറയുന്നു. വിദേശ ഭാര്യ/ ഭർത്താവ് വിഭാഗത്തിൽ പെട്ട ഒ സി ഐ കാർഡുകളുടെ കാര്യത്തിൽ 12 ആഴ്‌ച്ചകൾ വരെയും ഒ സി ഐ പുതുക്കുന്നതിന് 6 ആഴ്‌ച്ചകൾ വരെയും സമയമെടുക്കും.
ജനന സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ, രേഖകൾ അറ്റസ്റ്റ് ചെയ്യൽ, നോൺ അക്വിസിഷൻ സർട്ടിഫിക്കറ്റ് മുതലായവയ്ക്ക് 5 പ്രവൃത്തി ദിവസങ്ങൾ എടുക്കുമ്പോൾ ഇന്ത്യൻ പാസ്സ്പോർട്ടുള്ളവർക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 5 ആഴ്‌ച്ചകൾ സമയമെടുക്കും. അതേസമയം, പവർ ഓഫ് അറ്റോർണി അറ്റസ്റ്റേഷൻ, സോൺ അഫിഡവിറ്റ്, മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള സർട്ടിഫിക്കറ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷ നൽകിയ അതേ ദിവസം തന്നെ നടത്തിക്കൊടുക്കും.
ചില പുനപരിശോധനകളോ അല്ലെങ്കിൽ ഇന്ത്യൻ അധികൃതരിൽ നിന്നും അംഗീകാരം എടുക്കേണ്ട സാഹചര്യങ്ങളോ ഉണ്ടെങ്കിൽ, ചില കേസുകളിൽ ഈ സമയ പരിധിയിൽ വ്യത്യാസം വരുമെന്നും കുറിപ്പിൽ അറിയിക്കുന്നു. നിങ്ങളുടെ അപേക്ഷകളുടെ നില അറിയുവാൻ 02037938629 എന്ന നമ്പറിൽ ബന്ധപ്പെടുകയോ info.inuk@vfshelpline.com എന്ന ഈമെയിൽ വഴി അന്വേഷിക്കുകയോ ചെയ്യാം. എന്നാൽ, നിശ്ചിത കാലാവധിക്ക് ശേഷം മാത്രമെ ഇത്തരത്തിലുള്ള അന്വേഷണങ്ങൾ സ്വീകരിക്കുകയുള്ളു.
നിങ്ങൾ അപേക്ഷ നൽകി നിശ്ചിത സമയം കഴിഞ്ഞതിനു ശേഷവും നിങ്ങൾ ആവശ്യപ്പെട്ട സേവനം ലഭ്യമായില്ലെങ്കിൽ നിങ്ങളുടെ പാസ്സ്പോർട്ടിൽ ഉള്ള പൂർണ്ണമായ പേര്, പൗരത്വം, പാസ്സ്പോർട്ട് നമ്പർ, അപ്ലിക്കേഷൻ എ ആർ എൻ നമ്പർ, സമർപ്പിച്ച തീയതി അപേഷ സമർപ്പിച്ച വി എഫ് എസ് കേന്ദ്രത്തിന്റെ പേര് എന്നിവ സഹിതം ഈമെയിൽ അയയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ അപേക്ഷയെ ട്രാക്ക് ചെയ്യാൻ എളുപ്പമാക്കുകയും നിങ്ങൾക്ക് പെട്ടെന്ന് മറുപടി ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
എമർജൻസി വിസ, തത്ക്കാൽ പാസ്സ്പോർട്ട് എന്നിവയുടെ കാര്യത്തിൽ ആവശ്യമായ വിവരങ്ങളും രേഖകളും സഹിതം 02076323025 എന്ന നമ്പറിലോ inf.london@mea.gov.in എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഓഫീസ് സമയത്തിനു ശേഷമാണെങ്കിൽ 07768765035 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഏതെങ്കിലും വി എഫ് എസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ inf.london@mea.gov.in എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
മറുനാടന്‍ ഡെസ്‌ക്