- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവസ്ത്രങ്ങൾ അണിഞ്ഞ് അഞ്ജുവും മക്കളും അടുത്താഴ്ച വൈക്കത്തെ വീട്ടിലെത്തും; ബ്രിട്ടനിലെ മലയാളി സമൂഹം കണ്ണീരോടെ അമ്മയ്ക്കും കുരുന്നുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു; ദൈവദശകം മുഴങ്ങിയ ഹാളിൽ അഞ്ജു എത്തിയപ്പോൾ മക്കളെ കാണാൻ മനസ് അനുവദിക്കില്ലെന്ന അഭ്യർത്ഥന ഏറ്റെടുത്തു മലയാളികളും
ലണ്ടൻ: ഡിസംബർ പാതിയിൽ, മഞ്ഞുറഞ്ഞ പ്രഭാതത്തിൽ യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് എത്തിയ സന്ദേശത്തിൽ കെറ്ററിംഗിൽ അമ്മയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തൽ സൃഷ്ടിച്ച ഞടുക്കം ഇനിയും സമൂഹത്തിൽ നിന്നും ഒഴിഞ്ഞിട്ടില്ല. രാജ്യം തന്നെ നടുങ്ങിയ സംഭവത്തിൽ അതിവേഗത്തിൽ മൂന്നു ദിവസം കൊണ്ട് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി, അഞ്ചാം ദിനം പ്രതിയായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കിയ പൊലീസ് കേസ് അന്വേഷണ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫ്യൂണറൽ ഡിറക്ടറേറ്റിന് വിട്ടു കൊടുത്തത് കഴിഞ്ഞ ദിവസമാണ്. തുടർന്ന് പൊതു മലയാളി സമൂഹത്തിന്റെയും കേറ്ററിങ് ജനറൽ ഹോസ്പിറ്റൽ ജീവനക്കാരുടെയും അഭ്യർത്ഥനയിൽ ഇന്നലെ മരിച്ചവർക്കായി അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ അഞ്ജുവിന്റെ മൃതദേഹം മാത്രമാണ് പൊതുദർശനത്തിന് എത്തിച്ചത്.
എന്തിനെന്നു പോലും അറിയാതെ മരണത്തിലേക്ക് ഒരു നിമിഷാർദ്ധ വേഗത്തിൽ മാഞ്ഞുപോയ പിഞ്ചു കുഞ്ഞുങ്ങളുടെ നിശ്ചല ദേഹം കണ്ടുനിൽക്കാൻ ത്രാണിയില്ലെന്നു ബ്രിട്ടീഷുകാരായ പലരും അറിയിച്ചതോടെ അഞ്ജുവിന്റെ മൃതദേഹം മാത്രം പൊതുദർശനത്തിന് എത്തിച്ചാൽ മതിയെന്ന് തീരുമാനിക്കുക ആയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഇന്നലെ കെറ്ററിംഗിൽ എത്തി അന്ത്യാഭിവാദനം അർപ്പിക്കുമ്പോൾ ഭഗവദ് ഗീതയും ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകവും മോക്ഷ പ്രാർത്ഥനയും ഒക്കെയാണ് അന്തരീക്ഷത്തിൽ ഉയർന്നത്.
മരണത്തിൽ എങ്കിലും അഞ്ജുവിനും മക്കൾക്കും ശാന്തിയുടെ നിത്യത ലഭിക്കട്ടെ എന്നാണ് ഓരോ അക്ഷര മന്ത്രവും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നതും. നിലവിളക്കിൽ നിറഞ്ഞു കത്തിയ തിരിനാളങ്ങളും കർപ്പൂരവും ചന്ദനത്തിരിയും പടർത്തിയ സുഗന്ധത്തിലും സർവ്വമത പ്രാർത്ഥനാ സൂക്തങ്ങൾ അലയടിച്ചതും ഏവരുടെയും മനസുകൾ ഏറ്റെടുക്കുക്കുക ആയിരുന്നു.
അതിനിടെ അടുത്താഴ്ച അഞ്ജുവും മക്കളും ജന്മ നാടായ വൈക്കത്തേക്ക് എത്തുക പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞാകും. ഫ്യൂണറൽ ഡിറക്ടറേറ്റിൽ നിന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളികൾ ചേർന്ന് ഇന്ത്യൻ രീതിയിൽ ഉള്ള വസ്ത്രങ്ങൾ എത്തിക്കുക ആയിരുന്നു. ലെസ്റ്ററിൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങി പുത്തൻ വസ്ത്രങ്ങൾ അണിയിച്ചാണ് ഫ്യൂണറൽ ഡിറക്റ്റേഴ്സ് മൂവരും അന്ത്യയാത്രക്കായി ഒരുക്കിയത്. അഞ്ജു ജോലി ചെയ്തിരുന്ന കേറ്ററിങ് ഹോസ്പിറ്റലിൽ നിന്നും വലിയൊരു വിഭാഗം സഹപ്രവർത്തകകർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയതും ശ്രദ്ധേയമായി.
മരണം നടന്നത് മുതൽ പ്രശംസനീയമായ പിന്തുണയാണ് കേറ്ററിങ് ഹോസ്പിറ്റൽ ട്രസ്റ്റ് നൽകുന്നത്. തികച്ചും ആദരണീയമായ വിധത്തിൽ തന്നെ പ്രവർത്തിക്കുന്ന ആശുപത്രി മാനേജ്‌മെന്റ് അഞ്ജുവിനും മക്കൾക്കും നീതി ലഭിക്കണമെന്ന നിലയിൽ നിയമ പരമായും ഇടപെടലുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സമരം ചെയ്ത ആശുപത്രി നഴ്‌സുമാർ അഞ്ജുവിന്റെ ചിത്രത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലി അർപ്പിച്ചതും ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കിയിരുന്നു.
അഞ്ജുവിന്റേയും മക്കളുടെയും നിത്യതയ്ക്കായി നാട്ടുകാരൻ കൂടിയായ സുഗതൻ തെക്കേപ്പുര, കേറ്ററിങ് മലയാളി സമൂഹത്തിനു വേണ്ടി അസോസിയേഷൻ സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, ഫാ. എബിൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾക്ക് വേണ്ടി പുഷ്പ്പച്ചക്രങ്ങൾ അർപ്പിക്കപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ട പൊതുദർശനം സമാപിക്കുമ്പോൾ യുകെ മലയാളികൾക്കിടയിൽ ഇനിയൊരു അഞ്ജു ഉണ്ടാകരുതേ എന്ന് മാത്രമാണ് ഓരോ മനസ്സിൽ നിന്നും മൗനമായി ഉയർന്ന പ്രാർത്ഥനകൾ.
കാരണം തികച്ചും അസ്വസ്ഥമാകാൻ സാധിക്കും വിധമുള്ള പ്രതിസ്ന്ധികൾ നിറഞ്ഞ ഒരു കാലത്തിലൂടെയാണ് ഇപ്പോൾ യുകെ മലയാളികളുടെ സഞ്ചാരം. ഈ പ്രതിസന്ധികൾ വേഗത്തിൽ മറികടക്കാൻ അഞ്ജുവിന്റെയും മക്കളുടെയും ജീവബലി ജീവിച്ചിരിക്കുന്നവർക്കു പാഠമായി, നീറുന്ന വേദനയായി എന്നും കൂടെയുണ്ടാകും.
മറുനാടന് ഡെസ്ക്