- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമര സ്ഥലത്തും അഞ്ജുവിനായി മെഴുകുതിരികൾ കത്തിച്ചു നഴ്സുമാർ; ആകാശത്തേക്ക് ബലൂൺ പറത്തി കുഞ്ഞുങ്ങൾ; കൊല ചെയ്യപ്പെട്ട മലയാളി അമ്മയേയും മക്കളെയും ബ്രിട്ടീഷ് ജനത നെഞ്ചോട് ചേർത്ത് വയ്ക്കുന്നതിങ്ങനെ; കൊലയാളിയായ സാജുവിനുള്ള ശിക്ഷ ജൂലൈ മൂന്നിന്; മക്കളുടെ കാര്യം കേട്ടപ്പോൾ പ്രയാസത്തോടെ എനിക്കറിയില്ലെന്ന് മറുപടിയും
ലണ്ടൻ: കെറ്ററിംഗിൽ നഴ്സിങ് യൂണിയൻ ആഹ്വാനം അനുസരിച്ചു സമരത്തിനിറങ്ങിയ ബ്രിട്ടീഷ് നഴ്സുമാർ അകാലത്തിൽ പൊലിഞ്ഞ തങ്ങളിൽ ഒരുവളായ അഞ്ജു അശോകിനും രണ്ടു മക്കൾക്കും ഹൃദയത്തിൽ ചേർത്ത അനുശോചനം രേഖപ്പെടുത്തിയാണ് ഡിസംബറിൽ നടന്ന സമര ദിനങ്ങൾക്ക് ആവേശജ്ജ്വാലയായി മാറിയത്. ഓരോ നഴ്സിന്റെയും ജീവിതത്തിൽ നിറയുന്ന ആകസ്മികതകളുടെ നൊമ്പരക്കാഴ്ച കൂടിയായിരുന്നു ആ സമരമുഖം.
അതിനേക്കാൾ ഹൃദയഭേദകം ആയിരുന്നു ഇക്കഴിഞ്ഞ മാർച്ച് 16നു ജാൻവിയും ജീവയും പഠിച്ച പ്രൈമറി സ്കൂളിലെ കുരുന്നുകളുടെ വികാര പ്രകടനം. തങ്ങളുടെ കൂട്ടുകാരിക്കും ചേട്ടനും പിങ്കും നീലയും നിറമുള്ള ബലൂണുകളും അവരുടെ അമ്മയ്ക്കായി സിൽവർ ബലൂണുകളും ആകാശത്തേക്ക് പറത്തിയാണ് അവർ ആദരവും സ്നേഹവും കാട്ടിയത്. തങ്ങളുടെ ബലൂണുകൾ ആകാശക്കോണിൽ നിന്നും ജാൻവിയും ജീവയും അവരുടെ അമ്മയും നോക്കുന്നുണ്ടാകാം എന്നാകും ബ്രിട്ടീഷുകാരായ കുഞ്ഞുങ്ങൾ കരുതിയത്.
വെറും ഒരു വർഷത്തിൽ താഴെ മാത്രം പരിചയവും അടുപ്പവുമേയുള്ളൂ എങ്കിലും മരണത്തോടെ ആ അമ്മയും മക്കളും ഏതു വിധത്തിലാണ് ബ്രിട്ടീഷ് ജനതയുടെ ഹൃദയങ്ങളോട് ചേർന്ന് നിന്നതു എന്നതിനുള്ള ഉദാഹരണമാണ് ഈ രണ്ടു സംഭവങ്ങളും. മരണം സംഭവിച്ചു ആഴ്ചകളും മാസങ്ങളും പിന്നിട്ടപ്പോഴും ബ്രിട്ടനിലെ ഒരു പ്രൈമറി സ്കൂൾ കുഞ്ഞുങ്ങൾ ഏതാനും മാസം മാത്രം പരിചയം ഉണ്ടായിരുന്ന കൂട്ടുകാരിക്കും കുടുംബത്തിനും വേണ്ടി കാട്ടിയ സ്നേഹവും ആദരവും അസാധാരണമായിരുന്നു.
മാത്രമല്ല ഇരുവരുടെയും ക്ലാസിലെ കൂട്ടുകാരും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ വർണ ശബളമായ ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും നിറഞ്ഞ ഡയറി കേരളത്തിൽ അഞ്ജുവിന്റെ വീട്ടിൽ എത്തിച്ചും ഞങ്ങളുടെ ഓർമകളിൽ ഇവരെന്നും ഉണ്ടാകും എന്നോർമ്മിപ്പിക്കാനും കേറ്ററിങ് പാർക്ക് ഇൻഫന്റ് അക്കാദമി തയ്യാറായി എന്നതാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. ഇത്രയും ഹൃദ്യമായ ചേർത്ത് പിടിക്കൽ ഒരു പക്ഷെ മലയാളി സമൂഹത്തിനു പോലും സാധിച്ചെന്നു വരില്ല. അതിന്റെ തുടർച്ചയാണ് ഇന്നലെ നോർത്താംപ്ടൺ ക്രൗൺ കോടതി മുറിയിലും ഇതിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളല്ല കാണാനായത്.
പ്രതീക്ഷിച്ചതു പോലെ സാജു കുറ്റസമ്മതം നടത്തിയതിനാൽ വിചാരണക്കായി കേസ് തുറക്കുന്ന നടപടി വേണ്ടാതായതോടെ ഏറ്റവും വേഗത്തിലാണ് ഇന്നലെ കോടതി നടപടികൾ പൂർത്തിയായത്. വെറും 12 മിനിറ്റ് മാത്രമാണ് ജഡ്ജി ഡേവിഡ് ഹെർബെർട് കെ സി ചേമ്പറിൽ സന്നിഹിതനായത്. നടപടി ക്രമങ്ങളുടെ ഭാഗമായി കുട്ടികളുടെ ഭാഗം പരാമർശിച്ചിടത്തു കൊലക്കുറ്റം ഏൽക്കുകയാണോ എന്ന ചോദ്യത്തിന് എനിക്കൊന്നുമറിയില്ല എന്ന മട്ടിൽ സാജു മറുപടി നൽകിയെങ്കിലും വാക്കുകളിൽ വിറയൽ വ്യക്തമായിരുന്നു. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന സാജുവിനെ ഇതിനകം പലവട്ടം കേറ്ററിങ് മലയാളികൾക്ക് ഫോണിൽ സംസാരിക്കേണ്ടി വന്നപ്പോഴും ഇതേവിധം തന്നെ ആയിരുന്നു സാജുവിന്റെ മറുപടി.
ശ്വാസം മുട്ടിയാണ് അഞ്ജു കൊല്ലപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടതാണ് എന്ന് കൊറോണരും വിധി എഴുതിയിരുന്നു. ഈ സാഹചര്യത്തിൽ കൊലക്കുറ്റം ഏൽക്കുകയാണ് ഉചിതമായ മാർഗമെന്ന നിയമോപദേശം സാജുവിന് ലഭിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഇതിനു സാധൂകരണം നൽകും വിധമായിരുന്നു സാജുവിന് വേണ്ടി ഹാജരായ സർക്കാർ നിയോഗിച്ച അഭിഭാഷകരുടെ പ്രതികരണവും.
മലയാളത്തിൽ തർജ്ജമ ലഭിക്കാൻ വേണ്ട സൗകര്യവും കോടതിയിൽ സാജുവിന് വേണ്ടി ഏർപ്പെടുത്തിയിരുന്നു. കാര്യമായ സങ്കീർണതകൾ ഇല്ലാതെ പ്രോസിക്യൂഷന് തെളിയിക്കാനാകുന്ന സാഹചര്യം ഉണ്ടായിരുന്നതും സാജു കുറ്റം ഏൽക്കാൻ കാരണമായതിൽ പ്രധാനമാണ്. ഈ സാഹചര്യത്തിൽ ജീവിതകാലം ഇനി ഇയാൾ ജയിലിൽ ആയിരിക്കും എന്ന സൂചനയാണ് ലഭ്യമാകുന്നത്. ജൂലൈ മൂന്നിന് ഈ കേസിൽ കോടതി വിധി പറയുമ്പോൾ ഭാര്യയെയും മക്കളെയും കൊന്നതിനുള്ള ശിക്ഷ നേടുന്ന ആദ്യ യുകെ മലയാളി എന്ന ലേബലും സാജുവിന് ലഭിക്കും.
ഏതാനും വർഷം മുൻപ് ലണ്ടനിലെ ഇൽഫോർഡിൽ സമാന സാഹചര്യത്തിൽ അമ്മയും മക്കളും കൊല്ലപ്പെട്ടിരുന്നെങ്കിലും ആ സംഭവത്തിൽ കൊലയാളി എന്ന് സംശയിക്കപ്പെട്ട ഭർത്താവ് കൊലയ്ക്ക് ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ ആരെയും ശിക്ഷിക്കാൻ ഇല്ലാതെ കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കുക ആയിരുന്നു. നിരവധി മലയാളികൾ മറ്റു പല ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുമ്പോഴും കൊലപാതക കേസിൽ പ്രതിയായി ശിക്ഷിക്കപ്പെടുന്ന ആദ്യ മലയാളി എന്നതാകും സാജുവിനെ ഇനിയുള്ള കാലം ഓർമ്മിക്കാനുള്ള വിലാസം.
ലണ്ടനിൽ തന്നെ മകൾ ഉൾപ്പെടെയുള്ളവരെ തടവിലാക്കിയ സഖാവ് ബാല എന്ന അരവിന്ദൻ ബാലകൃഷ്ണൻ 23 വർഷത്തെ ശിക്ഷ നേടി ജയിലിൽ എത്തിയെങ്കിലും ആറു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കുമ്പോഴേക്കും 81 വയസിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണത്തിനു കീഴടങ്ങുക ആയിരുന്നു. കൊലപാതക കുറ്റം ബാലയുടെ പേരിൽ ഇല്ലാതിരുന്നിട്ടും കനത്ത ശിക്ഷ ലഭിച്ചത് വലിയ വാർത്ത പ്രാധാന്യവും നേടിയിരുന്നു. ദശകങ്ങളോളം മകൾ ഉൾപ്പെടെയുള്ള സ്ത്രീകളെ വിപ്ലവം വരുമെന്ന് വിശ്വസിപ്പിച്ചു വീടിന്റെ താഴെ ഉള്ള അറയിൽ ഏകാന്ത ജീവിതം നയിക്കാൻ പ്രേരിപ്പിച്ചത് ആയിരുന്നു ബാലയ്ക്ക് നേരെയുള്ള കുറ്റാരോപണം. കൊല്ലത്തെ മയ്യനാട് സ്വദേശിയായ ബാല ആദ്യകാല കുടിയേറ്റ മലയാളി ആയാണ് യുകെയിൽ എത്തിയത്.