ലണ്ടൻ: യുകെയിലെ കേറ്ററിംഗിൽ നടന്ന കൂട്ടക്കൊലയിൽ മൃദദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ കുടുംബം 30 ലക്ഷം രൂപയുടെ സഹായം അഭ്യർത്ഥിച്ചതിനു പിന്നാലെ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമായി രംഗത്തെത്തി. സംഭവം നടന്ന ഉടൻ തന്നെ നോർത്താംപ്ടൺ പൊലീസ് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷനുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് മൃതദേഹം നാട്ടിൽ വേഗത്തിൽ എത്തിക്കുന്നത് സംബന്ധിച്ച തീരുമാനവും ഉണ്ടായതാണ്. എന്നാൽ ഇക്കാര്യം കുടുംബം അറിയാൻ വൈകിയതാകും ധനസഹായം ചോദിച്ചുള്ള അഭ്യർത്ഥന മാധ്യമങ്ങൾ വഴി പുറത്തെത്താൻ കാരണം ആയതെന്നു വിലയിരുത്തപ്പെടുന്നു.

അതിനിടെ കൊല്ലപ്പെട്ട അഞ്ജുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ അതിവേഗം പൂർത്തിയാക്കിയ നോർത്താംപ്ടൺ പൊലീസ് കുട്ടികളുടെ പോസ്റ്റുമോർട്ടവും വേഗത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രാജ്യ ശ്രദ്ധ നേടിയ കേസ് എന്ന നിലയിൽ പൊലീസ് വിവിധ വിഭാഗങ്ങളായി തിരിഞ്ഞു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ അതിവേഗം കാര്യങ്ങൾക്കു തീരുമാനമാകും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

വൈക്കത്തുള്ള അഞ്ജുവിന്റെ കുടുംബത്തെ കാര്യങ്ങൾ ബ്രിട്ടീഷ് പൊലീസും ലണ്ടൻ ഹൈ കമ്മീഷൻ ഓഫിസും ധരിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്ന വിവരവും. ഇതോടെ ഈ കേസിൽ ഒരാശങ്കയ്ക്കും കാരണം ഇല്ലാതാവുകയാണ്. കൂട്ടക്കൊലക്കേസിൽ ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായതോടെ കണ്ണൂർ സ്വദേശിയായ സാജു ഏക പ്രതിയായ കേസിൽ ഉടൻ അനന്തര നടപടികളും ആരംഭിക്കും എന്നാണ് ലഭ്യമായ അവസാന സൂചനകൾ.

തിങ്കളാഴ്ച അവസാന വട്ട ചോദ്യം ചെയ്യാൽ പൊലീസ് പൂർത്തിയാകുന്നതോടെ സാജുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. കൊലക്കു മുൻപ് പദ്ധതിയിട്ട കാര്യങ്ങൾ സാജു അക്ഷരം പ്രതി പൊലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. സാധാരണ മട്ടിൽ വളരെ സൗഹാർദ്ദമായി ഇടപടുന്ന ബ്രിട്ടീഷ് പൊലീസിന്റെ ചോദ്യം ചെയ്യൽ രീതിയിൽ ആകൃഷ്ടനായ സാജു കാര്യമായ സമ്മർദ്ദം ഒന്നും കൂടാതെ എല്ലാ വിവരങ്ങളും തുറന്നു പറഞ്ഞതായാണ് അറിയാനാകുന്നത്.

എന്നാൽ പതിവ് പോലെ രാഷ്ട്രീയ സംഘടനകളും കേരളത്തിൽ നിന്നുള്ള നേതാക്കളും നടപടിക്രമങ്ങൾ വൈകുകയാണ് എന്ന മട്ടിൽ പ്രചാരണം ഏറ്റെടുത്തത് കുടുംബത്തെ കൂടുതൽ പ്രയാസപ്പെടുത്തനേ കാരണമാകൂ. നോർക്കയും മുഖ്യമന്ത്രിയുടെ ഓഫിസും കോട്ടയം എംപിയും ഒക്കെ പതിവ് പോലെ ഇന്ത്യൻ എംബസിയോട് ബന്ധപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇത് വെറും ഔപചാരികത മാത്രമാണ്. കാരണം മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ പണം നോർക്കയുടെ കൈവശം ഇല്ല.

അതിനു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും സ്പെഷൽ അനുമതി വേണ്ടിവരും എന്നാണ് നോർക്ക സിഇഓ വക്തമാക്കുന്നത്. ഇതാകട്ടെ നീണ്ട നടപടിക്രമം വരുത്തിവയ്ക്കുന്ന കാര്യവുമാണ്. എന്നാൽ ആരുടേയും അനുമതിക്കായി കാത്തു നില്കാതെ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷനു വെൽഫെയർ ഫണ്ടിൽ നിന്നും ഇന്ത്യൻ പാസ്‌പോര്ട് കൈവശം ഉള്ളയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ പണം അനുവദിക്കാനാകും. ഇതാണ് കാലങ്ങളായി നിലനിൽക്കുന്ന നടപടിക്രമവും.

മുൻകാലങ്ങളിൽ യുകെ മലയാളികൾക്കിടയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ അടക്കമുള്ള സാമൂഹ്യ സംഘടനകളാണ് രംഗത്തെത്തി ആവശ്യമായ പണം കണ്ടെത്താറുള്ളത്. എന്നാൽ അന്തരിച്ച മുൻ ഹൈ കമ്മിഷൻ ഉദ്യോഗസ്ഥൻ ടി ഹരിദാസിന്റെ കൂടി ശ്രമഫലമായി 2015 ൽ ആദ്യമായി ഇത്തരത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചിരുന്നു.

ഈ സംഭാവത്തോടെയാണ് എംബസിയിൽ നിന്നും ഇത്തരം കാര്യങ്ങൾക്ക് പണം അനുവദിക്കാൻ മാർഗം ഉണ്ട് എന്ന് യുകെ മലയാളികൾ തിരിച്ചറിയുന്നത്. തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി അനേകം മലയാളികളുടെ മൃതദേഹമാണ് ഹൈകമ്മീഷൻ നാട്ടിൽ എത്തിച്ചിരിക്കുന്നത്. സർക്കാർ ഓരോ പൗരന്റെയും സംരക്ഷണവും ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറായി മുന്നിൽ നിൽക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം യുകെയിൽ ജീവിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ ആശങ്കപ്പെടേണ്ട എന്ന സന്ദേശം കൂടിയാണ് ഹൈ കമ്മീഷൻ നൽകുന്നത്.