ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി. യുകെയിൽ നിന്നും ഓസ്ട്രേലിയലിൽ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ ബ്രൈറ്റനിലെ നേഹ ജോർജ് എന്ന യുവതിക്കാണ് ആകസ്മിക മരണം സംഭവിച്ചത്. മറ്റന്നാൾ ശനിയാഴ്ച ഓസ്‌ട്രേലിയയിലേക്കു യാത്ര ചെയ്യാൻ അവസാന ഒരുക്കങ്ങൾ നടത്തി കാത്തിരിക്കവെയാണ് മരണത്തിന്റെ ക്രൂരത കുടുംബത്തെ തേടി എത്തിയിരിക്കുന്നത്.

യുകെയിൽ നിന്നും യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാനും യാത്ര പറയുവാനും കൂട്ടുകാരികൾക്കരികിലേക്ക് പോയ ശേഷം മടങ്ങി എത്തിയതാണ് നേഹ ജോർജ്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ഷോപ്പിങ് തിരക്കിലും ആയിരുന്നു ഇന്നലെ നേഹ.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഫ്രഷാകാൻ കുളിമുറിയിൽ കയറിയ നേഹയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്.

നേഹയുടെ മരണ വാർത്ത പ്രാദേശിക കൂട്ടായ്മകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ എത്തിയതോടെ എന്താണ് സംഭവിച്ചത് എന്ന ആകാംഷയും ആശങ്കയുമാണ് യുകെ മലയാളി ഇപ്പോൾ പങ്കിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അപ്രതീക്ഷിത മരണ വാർത്തകളുടെ ഞെട്ടൽ പങ്കിട്ടു ജീവിക്കുന്ന യുകെ മലയാളികൾക്കിടയിലേക്ക് തികച്ചും ആകസ്മികമായാണ് നേഹയുടെ മരണവും ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയിൽ ജീവിക്കുന്ന ബേബി എബ്രഹാം ലൈസ ബേബി ദമ്പതികളുടെ മകൻ ബിന്നിൽ ബേബിയാണ് നേഹയുടെ ഭർത്താവ്. ഏറെക്കാലമായി ബ്രൈറ്റണിൽ താമസിക്കുന്ന ജോർജ്ജ് - ബീന എന്നിവരാണ് നേഹയുടെ മാതാപിതാക്കൾ. പ്രാദേശികമായി മലയാളി സമൂഹത്തിനു ഏറെ പ്രിയപ്പെട്ട കുടുംബത്തിലേക്ക് എത്തിയ ആകസ്മിക മരണം ബ്രൈറ്റൻ മലയാളികളെ ഏറെ സങ്കടപ്പെടുത്തുകയാണ്.