- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ കർഷകൻ ആയിരം കിലോ കോളിഫ്ളവർ നശിപ്പിച്ചപ്പോൾ കരഞ്ഞുപോയ മനസ്; ശരീരം തളർന്ന ശബരി എന്ന യുവാവിനെ പെറ്റമ്മയെ പോലെ പരിചരിച്ച് വീട്ടുകാരെ പോലും ഞെട്ടിച്ചു; നാട്ടിലേക്ക് ശബരി പറക്കുമ്പോഴും കാവൽമാലാഖയായി ഒപ്പം; യുകെ മലയാളികൾക്ക് അഭിമാനിക്കാം ഈ നഴ്സിനെ കരുതി
കവൻട്രി : കാവൽ മാലാഖയെപ്പോലെ ഒരു പോരാളിയായിട്ടാകും യുകെ മലയാളികൾക്കിടയിൽ ഇനി ബെൽഫാസ്റ്റിലെ മലയാളി നഴ്‌സ് ബിജി തോമസ് അറിയപ്പെടുക. വിദ്യാർത്ഥി വിസയിൽ എത്തി ജോലി ലഭിക്കാതെ ശരീരം തളർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരമറിഞ്ഞു ഒരമ്മയുടെ സ്‌നേഹവും തണലും കാരുണ്യവും കരുതലും എല്ലാം നൽകിയാണ് ബിജി അവനൊപ്പം നിന്നത്. മകൻ കടന്നു പോയ വേദനയുടെയും നിസ്സഹായതയുടെയും കനൽ വഴികളിൽ അവൻ ഒറ്റയ്ക്കായി പോയപ്പോഴും അതിന്റെ തീവ്രത ശരിയായ തരത്തിൽ ശബരിയുടെ 'അമ്മ ഒരിക്കലും അറിഞ്ഞിരിക്കില്ല. എന്നാൽ ശബരിയെ എന്നും സന്ദർശിച്ച് ഒരു പെറ്റമ്മയുടെ സ്‌നേഹം നൽകിയാണ് ബിജി അവന്റെ കുടുംബത്തിനും അവനും ഇടയിൽ നിന്നത്. ഇതിനിടയിൽ ശബരിയുടെ വേദന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ എത്തിക്കുകയും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായത്തോടെ സ്വരൂപിച്ച 17 ലക്ഷത്തോളം രൂപ സമാഹരിക്കുന്നതിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി എന്ന നിലയിലും ബിജി വാക്കുകൾക്ക് വിവരിക്കാനാകാത്ത വിധത്തിലുള്ള സഹനം കൂടിയാണ് ഏറ്റെടുത്തത് .
അനവധി ആളുകളെ നേരിട്ട് ബന്ധപ്പെട്ടും പ്രാർത്ഥന സഹായ സംഘങ്ങളെ ബന്ധപ്പെട്ടും ഒക്കെ ഇത്രയും വലിയ തുക സമാഹരിക്കുന്നതിൽ ബിജിയുടെ വിശ്രമമില്ലാത്ത പ്രവർത്തനം കൂടിയാണ് നിറഞ്ഞു നിന്നതു. എന്നാൽ അവിടെയും തീർന്നില്ല ബിജിയുടെ ശബരിയോടുള്ള സ്‌നേഹവും കരുതലും. സ്വന്തം മകന്റെ പ്രായമുള്ള ശബരിയിപ്പോൾ ചികിത്സയുടെയും സ്വാന്തനത്തിന്റെയും ഒക്കെ ഫലത്തിൽ സാവധാനം ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയതോടെ നാട്ടിലേക്ക് പറക്കാൻ ഡോക്ടർമാർ അനുവാദം നൽകിയതോടെ ഈ വ്യാഴ്ചച്ച അവൻ പറക്കുമ്പോൾ ബിജിയും ഒപ്പമുണ്ടാകും. ഒരു നേഴ്സിന്റെ ശമ്പളത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനത്തിൽ നിന്നും മിച്ചം പിടിച്ച തുകയുമായാണ് തനിക്കാരുമല്ലാത്ത , ഏതാനും നാളത്തെ പരിചയം മാത്രമുള്ള ഒരു യുവാവിനെ സുരക്ഷിതമായി അവന്റെ കുടുംബത്തെ ഏൽപ്പിക്കാൻ നാട്ടിലേക്ക് യാത്രയാകുന്നത് .
ശബരി തന്റെ ജീവിത സ്വപ്നങ്ങൾ എല്ലാം തകർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത് എങ്കിലും ജീവിതത്തിൽ വലിയ തിരിച്ചറിവ് നേടിയാണ് അവൻ നാട്ടിലേക്ക് എത്തു. പഠിക്കാൻ വന്ന ശബരി അസുഖത്തെ തുടർന്ന് ഏറെ നാൾ കിടപ്പിലായതോടെയാണ് വിസ ക്യാൻസലാക്കി നാട്ടിലേക്ക് മടങ്ങാൻ യൂണിവേഴ്സിറ്റി ആവശ്യപെട്ടത്. ഇതോടെ മറ്റു വഴികൾ ഇല്ലാതെ, ആദ്യം രോഗത്തെ മറികടക്കുക , ഒപ്പം ആരോഗ്യവും വീണ്ടെടുക്കുക എന്ന ഇരട്ട ദൗത്യമാണ് ഇപ്പോൾ ശബരിക്ക് മുന്നിലുള്ളത്. എന്നാൽ തന്നെ ഇങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കാൻ കാരണമായ ബ്രിട്ടനിലെ മലയാളികൾ നൽകിയ സ്‌നേഹം തിരിച്ചറിഞ്ഞ മനസോടെ കൂടിയാണ് അവൻ വീട്ടിലേക്ക് മടങ്ങുന്നത് എന്നത് ഒരു യൂണിവേഴ്സിറ്റിയിലെ പഠനത്തിനും സാധിച്ചു നല്കാൻ പറ്റാത്ത കാര്യവുമാണ്. ഈ സ്‌നേഹത്തിനും കരുതലിനും കവലിനും ഒക്കെ സമർപ്പിക്കപ്പെട്ട മനസോടെയാണ് ശബരി ഓരോ യുകെ മലയാളികളൊടും യാത്ര പറയാൻ ഒരുങ്ങുന്നതും. തന്റെ മകനെ ജീവനോടെ തിരികെ നൽകിയതിന് വാക്കുകളേക്കാൾ ഹൃദയം കൊണ്ടാണ് അവന്റെ അമ്മ മറുപടി നൽകുന്നതും .
പക്ഷെ ബിജിയുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണ സംഭവങ്ങൾ മാത്രമാണ് എന്നതാണ് ഈ ജീവിതകഥയിലെ ത്രസിപ്പിക്കുന്ന ത്രെഡ് . തന്റെ ജീവിതത്തിൽ സ്വന്തം കാലിൽ നില്ക്കാൻ പ്രായമായ കാലം മുതലേ സഹജീവി സ്‌നേഹം കാട്ടുന്ന ബിജി അവിടെ ജാതിയോ മതമോ ഒന്നും നോക്കാതെയുള്ള നിസ്വാർത്ഥമായ സ്‌നേഹമാണ് പങ്കിടുന്നത്. ഇത് അതിന്റെ പൂർണ അർത്ഥത്തിൽ തിരിച്ചറിയുന്നവരാണ് ബിജിയെ അടുത്തറിയുന്നവർ . ഒരാളെ സഹായിക്കേണ്ടി വരുമ്പോൾ സംഭവിക്കുന്ന നഷ്ടങ്ങളെ കുറിച്ച് ബിജി ഓർക്കാറില്ല . കയ്യിൽ പണം തികയാതെ വരുമ്പോൾ പലപ്പോഴും ഓവർ ടൈം ജോലി ചെയ്താണ് ആ കടം സ്വയം ഏറ്റെടുക്കുന്നതും. കയ്യിൽ ആവശ്യത്തിലേറെ പണം ഉള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽ പോലും തോന്നാത്ത, സാധിക്കാത്ത കാര്യമാണ് ബിജിയുടെ ജീവിതത്തിൽ എന്നും സംഭവിക്കുന്നത് .
ബിജിയെ അടുത്തറിയുവർക്ക് അവർ ചെയുന്ന നന്മകൾ ഒരു പുതുമയുള്ള കാര്യമേയല്ല . ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വിലത്തകർച്ചയെ തുടർന്ന് 2021 ഫെബ്രുവരിയിൽ കർഷകൻ തന്റെ മൂപ്പെത്തിയ ആയിരം കിലോ കോളിഫ്ളവർ നശിപ്പിച്ചെന്ന വാർത്തയെ തുടർന്ന് കർഷക കുടുംബത്തിൽ ജനിച്ച ബിജി അദ്ദേഹത്തെ സഹായിക്കാൻ നടത്തിയ ശ്രമമാണ് അവരെ യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയത്. ആ ശ്രമത്തിൽ കൃഷി നഷ്ടമായ കർഷകനെ കണ്ടെത്താനായില്ലെങ്കിലും ഒട്ടേറെപ്പേരുടെ ശ്രദ്ധയിലേക്ക് ബിജിയെന്ന രണ്ടക്ഷരത്തിന് സുന്ദരിയായ ഒരു മലയാളി നേഴ്സിന്റെ മുഖഭാവം കൂടിയാണ് കടന്നു വന്നത് .
തുടർന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തക ആയതോടെ ബിജിയുടെ പ്രവർത്തന മേഖലയും വിപുലമായി . ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ കോവിഡ് അപ്പീലിൽ അയർലണ്ടിലെ കരിമല കയറിയയാണ് ബിജി എല്ലാം തകർന്ന കുടുംബങ്ങളിലേക്ക് തന്റെ സഹായം കൂടി എത്തട്ടെ എന്ന് കരുതി ധനസമാഹരണം നടത്തിയത്. പിന്നീട് കൂട്ടിക്കലിൽ ഉരുൾ പൊട്ടൽ സംഭവിച്ചപ്പോഴും സ്വന്തം നിലയിൽ അനേകരെ സഹായിച്ചു. സ്വന്തം ഗ്രാമമായ ചെമ്പേരിയിലും പരിസരത്തും ഒക്കെ ബിജിയുടെ സഹായം കൈപ്പറ്റാത്തവർ ചുരുക്കമാണ്. ജീവിത മാർഗം തേടി എത്തുന്നവർക്ക് ഓട്ടോ റിക്ഷ വാങ്ങിച്ചു നൽകിയത് അടക്കമുള്ള സേവന പ്രവർത്തനം ഈ സാധു സ്ത്രീ ഒറ്റയ്ക്കാണ് നടത്തുന്നത് എന്നറിഞ്ഞാൽ യുകെ മലയാളികൾ അന്ധാളിച്ചേക്കും. ഈ സാഹചര്യത്തിലാണ് ശബരിയുടെ ഒപ്പം യാത്ര ചെയ്യാനുള്ള ബിജിയെ അടുത്തറിയുന്നവർക്ക് വലിയ അത്ഭുതമാകാത്തതും മറ്റുള്ളവർക്ക് അവിശ്വസനീയമായി മാറുന്നതും .