ലണ്ടൻ: ഏതാനും നാളുകൾ മകനും കുടുംബത്തിനും ഒപ്പം ചെലവിടാൻ എത്തിയ ഗൃഹനാഥന് മകന്റെയും കുടുംബ അംഗങ്ങളുടെയും മുന്നിൽ വച്ച് അന്ത്യ നിമിഷങ്ങൾ. കേംബ്രിഡ്ജിൽ താമസിക്കുന്ന മകനും കുടുംബത്തിനും ഒപ്പം ഏതാനും നാളുകൾ ചെലവിടാൻ എത്തിയതാണ് ആലപ്പുഴ നഗരവാസിയായ മണപറമ്പിൽ തോമസ് ജോസഫും ഭാര്യയും. തണുപ്പിന്റെ ആധിക്യം അൽപം കുറഞ്ഞതിനാൽ ക്രിസ്മസ് ലൈറ്റുകളുടെ വർണ വെളിച്ചത്തിൽ മനോഹരമായി തിളങ്ങി ലണ്ടൻ നഗരത്തിലേക്ക് ഒരു രാവ് തങ്ങാൻ എത്തിയ കുടുംബത്തിന് തീരാ വേദന ആയി മാറുക ആയിരുന്നു ആ യാത്ര.

ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന തോമസ് ജോസഫിന് പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞു വീണു മരണം സംഭവിക്കുകയും ആയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും സംഭവ സ്ഥലത്തു തന്നെ മരണം നടന്നതായാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം ഇപ്പോൾ ലണ്ടൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏകദേശം അഞ്ചു മാസം മുൻപ് യുകെയിൽ എത്തിയ 71കാരനായ തോമസ് ജോസഫും ഭാര്യ റോസമ്മ തോമസും നാട്ടിലേക്ക് മടങ്ങാൻ അധിക കാലം ബാക്കി ഇല്ലാത്തതു കൊണ്ട് കൂടിയാണ് ലണ്ടൻ നഗര സന്ദർശനത്തിന് എത്തിയത്. മകനും കുടുംബത്തിനും ഒപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ മനോഹരമായ ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്ന മാതാപിതാക്കൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്രിസ്മസ് വിളക്കുകളുടെ വർണക്കാഴ്ച കാണിച്ചു നൽകാം എന്ന ചിന്തയിലാണ് മകൻ ടോണിയും മരുമകൾ അനുവും മാതാപിതാക്കളെ കൂട്ടി ലണ്ടൻ നഗരക്കാഴ്ചകൾ കാണിക്കാൻ എത്തിയത്. എന്നാൽ തിരികെ മടങ്ങാൻ ഉള്ള ഒരുക്കത്തിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയും വൈകാതെ മരണം സംഭവിക്കുകയും ആയിരുന്നു എന്ന് ടോണിയുടെ സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

മൃതദേഹം വൈകാതെ നാട്ടിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ക്രിസ്മസ് കാഴ്ചകളുടെ മനോഹര ദിവസങ്ങൾ മുന്നിൽ എത്തി നിൽക്കെ കുടുംബത്തിൽ ഉണ്ടായ തീരാ വേദനയിൽ എങ്ങനെ ടോണിയേയും അമ്മ റോസമ്മയെയും ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കൾ. ടോണിയുടെയും അനുവിന്റെയും ഒക്കെ സുഹൃത്തുക്കൾ കേംബ്രിഡ്ജിലെ വീട്ടിലെത്തിയിട്ടുണ്ട്. പ്രവാസിയായ റ്റീനയാണ് തോമസിന്റെയും റോസമ്മയുടെയും ഏക മകൾ.