- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ജനിച്ചുവളർന്ന് ഒരിക്കലും വിദേശരാജ്യം സന്ദർശിച്ചിട്ടില്ലാത്ത പോർച്ചുഗീസ് വംശജൻ ഹോം ഓഫീസിന്റെ പുറത്താക്കൽ ഭീഷണിയിൽ; നടപടി നേരിടുന്നത് ജയിൽ ശിക്ഷയനുഭവിച്ച യൂറോപ്യൻ പൗരന്മാരെ നാടുകടത്തുമെന്ന ബ്രെക്സിറ്റ് നിയമമനുസരിച്ച്
ലണ്ടൻ: ബ്രിട്ടനിൽ ജനിച്ച് കഴിഞ്ഞ 28 വർഷമായി ബ്രിട്ടന് പുറത്തേക്ക് യാത്രചെയ്യാതെ രാജ്യത്തിനകത്ത് തന്നെ താംസിക്കുന്ന പോർച്ചുഗീസ് പൗരൻ നാടുകടത്തൽ ഭീഷണിയിൽ. 30 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ എത്തിയവരാണ് ഇയാളുടെ മാതാപിതാക്കൾ. ജനിച്ചതിനു ശേഷം ഇതുവരെ വിദേശയാത്ര പോലും ചെയ്യാത്ത ഇയാൾക്ക് ഇപ്പോൾ ഒരു ബ്രെക്സിറ്റ്നാനന്തര നിയമത്തിന്റെ പേരിലാണ് നാടുകടത്തൽ ഭീഷണി.
ജയിൽശിക്ഷ അനുഭവിച്ച യൂറോപ്യൻ യൂണിയൻ പൗരന്മാരെ തിരികെ അവരുടെ രാജ്യങ്ങളിലേക്ക് പറഞ്ഞയയ്ക്കും എന്ന നിയമമാണ് ഇപ്പോൾ ഇയാൾക്ക് എതിരെ പ്രയോഗിച്ചിരിക്കുന്നത്. തെക്കൻ ലണ്ടനിലെ ലാംബെത്തിൽ ജനിച്ച ഡിമിത്രി ലിമ എന്ന ഈ 28 കാരന് പോർച്ചുഗീസ് ഭാഷ സംസാരിക്കാൻ പോലും അറിയില്ല എന്നതാണ് വസ്തുത. ഒരു ടേസർ കൈവശം വച്ചതിനും, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ഇയാളോടാണ് നാടുവിടാൻ ഹോം ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിനു മുൻപ് മറ്റ് കുറ്റകൃത്യങ്ങളിലൊന്നും പ്രതിയാകാത്ത ഇയാൾ ഇപ്പോൾ ഇതിനെതിരെ അപ്പീലിന് പോവുകയാണ്. താൻ ബ്രിട്ടീഷ് പൗരനാണെന്നും, താൻ ഇതുവരെ രാജ്യം വിട്ട് പുറത്തുപോയിട്ടില്ലെന്നും, മതിയായ പണമില്ലാഞ്ഞിട്ടാണ് ബ്രിട്ടീഷ് പാസ്സ്പോർട്ടിന് അപേക്ഷിക്കാതിരുന്നതെന്നുമാണ് ഇയാൾ പറയുന്നു. ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന പുതിയിയ നിയമമനുസരിച്ച് 12 മാസക്കാലത്തിൽ അധികം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിൽ, ബ്രിട്ടന്റെയും ബ്രിട്ടീഷ് പൗരന്മാരുടെയും നന്മയ്ക്കായി മറ്റേത് രാജ്യത്തെ പൗരന്മാരെയും പോലെ ഇ യു പൗരന്മാരെയും നാടുകടത്താം.
നേരത്തെ, കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചിട്ടുള്ള ഇ യു പൗരന്മാർ കുറ്റകൃത്യങ്ങൾക്ക് ജയിലിൽ ആയാൽ, അവരുടെ കുറ്റകൃത്യത്തിന്റെ ഗൗരവം അടിസ്ഥാനമാക്കി മാത്രമെ നാടുകടത്തുമായിരുന്നുള്ളു. അത്തരക്കാർ രാജ്യത്ത് തുടരുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമായിരുന്നു നാടുകടത്തൽ. വിൽക്കുന്നതിനായി ക്ലാസ്സ് എ മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു, എന്നതിനും നിരോധിക്കപ്പെട്ട ആയുധം സൂക്ഷിച്ചു എന്നീ രണ്ട് കുറ്റങ്ങൾക്ക് 2020 ആഗസ്റ്റിലായിരുന്നു ഇയാൾ ശിക്ഷിക്കപ്പെട്ടത്.
നാല് വർഷവും ആറ് മാസവുമായിരുന്നു ശിക്ഷ വിധിച്ചത്. അതിൽ രണ്ട് വർഷക്കാലത്തിലധികം ശിക്ഷ ഇയാൾ അനുഭവിച്ചു കഴിഞ്ഞു. പിന്നീട് 2022 ഒക്ടോബറിൽ ജയിലിൽ നിന്നും ഇയാളെ ബ്രൂക്ക് ഹൗസ് ഇമിഗ്രേഷൻ റിമൂവൽ സെന്ററിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു നാടുകടത്തൽ ഉത്തരവ് നൽകിയത്. അതേസമയം, ബ്രിട്ടനിൽ ജനിച്ച ലിമയ്ക്ക് ജന്മനാൽ തന്നെ ബ്രിട്ടീഷ് പൗരത്വം ലഭിച്ചിട്ടുണ്ട് എന്നാണ് ഇയാളുടെ അഭിഭാഷകൻ വാദിക്കുന്നത്. എന്നാൽ, ലിമയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ ഹോം ഓഫീസിന്റെ കൈവശം ഇല്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
മറുനാടന് ഡെസ്ക്