- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനെ പിടിച്ചു കുലുക്കി നഴ്സുമാരുടെ ഐതിഹാസിക സമരം; ഇംഗ്ലണ്ടിലും വെയ്ൽസിലും നോർത്തേൺ അയർലൻഡിലും പതിനായിരക്കണക്കിന് നഴ്സുമാർ പണിമുടക്കി; പ്രതിസന്ധിയെങ്കിലും വൻ ജനപിന്തുണ; ആവശ്യത്തിന് നഴ്സുമാരും ഇല്ല.. ശമ്പളം പരിതാപകരം; സമരം നടത്തിയിട്ടും വഴങ്ങാതെ സർക്കാർ; യു കെയുടെ ചരിത്രത്തിലെ ആദ്യ നഴ്സിങ് സമരത്തിന്റെ കഥ
ലണ്ടൻ: ഇംഗ്ലണ്ടിലും വെയ്ൽസിലും നോർത്തേൺ അയർലൻഡിലും പതിനായിരക്കണക്കിന് നഴ്സുമാർ പണിമുടക്കിയതോടെ എൻ എച്ച് എസ് ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലായി. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമായി റോയൽ കോളേജ് ഓഫ് നഴ്സിങ് (ആർ സി എൻ) പ്രഖ്യാപിച്ച സമര പരമ്പരയുടെ ഒന്നാം ദിവസത്തെ കാഴ്‌ച്ച ഇതായിരുന്നു. സർക്കാർ നഴ്സുമാർക്ക് വാഗ്ദാനം നൽകുന്നത് 4 ശതമാനം ശമ്പള വർദ്ധനവാണ് എന്നാൽ, ആർ സി എൻ ആവശ്യപ്പെടുന്നത് 19 ശതമാനം വർദ്ധനവാണ്.
നഴ്സുമാർക്ക് 7.5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് ഈയാഴ്‌ച്ചത്തെ സമരം സ്‌കോട്ട്ലാൻഡിൽ മാറ്റിവപ്പിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ അനുകൂലിക്കണമോ എന്ന് തീരുമാനിക്കാൻ വോട്ടു ചെയ്യാനുള്ള അവകാശം നഴ്സുമാർക്ക് ഡിസംബർ 19 വരെയുണ്ട്. അതിനു ശേഷം മാത്രമായിരിക്കും സ്‌കോട്ട്ലാൻഡിലെ സമരക്കാര്യം തീരുമാനിക്കുക.
ഇക്കഴിഞ്ഞ മാർച്ചിൽ നഴ്സുമാരുടെ ശരാശരി ശമ്പളം 37,000 പൗണ്ടായി വർദ്ധിപ്പിച്ചിരുന്നു. അതേസമയം പുതിയതായി ജോലിയിൽ കയറിയ നഴ്സുമാരുടെ ശമ്പളം 27,055 പൗണ്ടായും വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം, കോവിഡ് പ്രതിസന്ധിയുടെ പേരിൽ പൊതുമേഖലയിലെ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാതിരുന്ന ഘട്ടത്തിലും നഴ്സുമാർക്ക് പ്രഖ്യാപിച്ച 3 ശതമാനം ശമ്പള വർദ്ധനവിന് പുറമെയാണിത്.
എന്നാൽ, ഇൻസ്റ്റിറ്റിയുട്ട് ഫോർ ഫിസ്‌കൽ സ്റ്റഡീസ് (ഐ എഫ് എസ്) നടത്തിയ പഠനത്തിൽ തെളിഞ്ഞത് യഥാർത്ഥത്തിൽ നഴ്സുമാരുടെ ശമ്പളത്തിൽ വന്നിരിക്കുന്നത് വർദ്ധനവല്ല, കുറവാണ് എന്നായിരുന്നു. നിലവിലെ പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, നഴ്സുമാർക്ക് ശമ്പളം കുറഞ്ഞിരിക്കുകയാണെന്ന് പഠനം വെളിപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണം മാനദണ്ഡമാക്കിയാൽ നഴ്സുമാരുടെ ശമ്പളത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ, നിത്യോപയാഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ വന്നിരിക്കുന്നത് 32 ശതമാനത്തിന്റെ വർദ്ധനവാണ്.
ഇതേ കാലയളവിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ 41 ശതമാനത്തിന്റെ ശമ്പള വർദ്ധനവ് ലഭിച്ചു. പൊതുമേഖലയിലെ മറ്റു ജീവനക്കാർക്ക് 28 ശതമാനത്തിന്റെ വർദ്ധനവും ലഭിച്ചു. അതായത് ഒരു ശരാശരി നഴ്സിന്റെ സമ്പാദ്യത്തിൽ 9.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് നഴ്സുമാർക്ക് 19 ശതമാനം ശമ്പള വർദ്ധനവ് വേണമെന്ന് ആർ സി എൻ ആവശ്യപ്പെടുന്നത്. ഒന്നു കൂടി വ്യക്തമാക്കിയാൽ, നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ 5 ശതമാനം കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്നാണ് ആർ സി എൻ ആവശ്യപ്പെടുന്നത്.
അതേസമയം, അത്തരത്തിൽ ഒരു ശമ്പള വർദ്ധനവ് നടപ്പിലാക്കിയാൽ സർക്കാർ ഖജനാവിന്10 ബില്യൺ പൗണ്ടിന്റെ അധിക ബാദ്ധ്യതയുണ്ടാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എൻ എച്ച് എസിലെ മുടങ്ങിക്കിടക്കുന്ന ചികിത്സകൾ പൂർത്തിയാക്കാനുള്ള ചെലവ് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഈ അധിക ബാദ്ധ്യതയും വരുന്നതെന്ന് മന്ത്രിമാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ 10 ബില്യൺ പൗണ്ട് എന്നത് തികഞ്ഞ അതിശയോക്തിയാണെന്നും ചിലർ പറയുന്നുണ്ട്. നഴ്സുമാർ, തിരികെ സർക്കാരിന് നൽകുന്ന നികുതി ഈ കണക്കിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് അവർ പറയുന്നു.
നിലവിൽ എൻ എച്ച് എസിൽ റെക്കോർഡ് എണ്ണം നഴ്സുമാർ ജോലി ചെയ്യുന്നു എന്ന് എടുത്തു കാണിക്കുകയാണ് മന്ത്രിമാർ. എൻ എച്ച് എസിന്റെ കണക്കുകൾ കാണിക്കുന്നത് ഈ വർഷം ഓഗസ്റ്റ് അവസാനത്തിൽ ഇംഗ്ലണ്ടിൽ 3,20,000 ൽ താഴെ നഴ്സുമാരും ഹെൽത്ത് വിസറ്റർമാരും ജോലി ചെയ്തിരുന്നു എന്നാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10,000 കൂറ്റുതലാണ്. മാത്രമല്ല, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നത് പോലെ 50,000 നഴ്സുമാരെ തെരഞ്ഞെടുപ്പിനു മുൻപായി പുതിയതായി നിയമിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ, എണ്ണങ്ങളുടെ കണക്കുകൾ ഭാഗികമായ സത്യം മാത്രമെ വെളിപ്പെടുത്തുന്നുള്ളു എന്നതാണ് വാസ്തവം. എൻ എച്ച് എസിലെ ഒഴിവുകളുടെ കണക്കുകൾ പറയുന്നത് പത്തിൽ ഒന്ന് നഴ്സിങ് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നാണ്. സെപ്റ്റംബർ അവസാനത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 47,496 നഴ്സുമാരുടെ ഒഴിവുണ്ട് എന്നാണ്. മൊത്തം നഴ്സുമാരുടെ 11.9 ശതമാനം വരും ഇത്. മാത്രമല്ല, സർക്കാർ അവകാശപ്പെടുന്നതുപോലെ കൂടുതൽ നഴ്സുമാരെ നിയമിച്ചിട്ടും നഴ്സ്-രോഗി അനുപാതം ഒട്ടും മെച്ചപ്പെടുത്താനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇന്ന് മിക്കയിടങ്ങളിലും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കോണ്ടു പോകാൻ എൻ എച്ച് എസ് ആശ്രയിക്കുന്നത് ഏജൻസി നഴ്സുമാരെയാണ്. ഇതിനായി മാത്രം ഏകദേശം 1 ബില്യൺ പൗണ്ടാണ് പ്രതിവർഷം ചെലവാക്കുന്നതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം പുറമെ കഴിഞ്ഞ വർഷം 40,000 നഴ്സുമാർ എൻ എച്ച് എസ് വിട്ടുപോയതായും കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ ഭൂരിഭാഗവും ദീർഘകാലത്തെ അനുഭവ പരിചയമുള്ളവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. ഇത് എൻ എച്ച് എസിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സിങ് സമരത്തിന് പിന്തുണയുമായി ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസർ ഡേയിം റൂത്ത് മെയ് രംഗത്തെത്തിയത് സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മൈനസ് 8 ഡിഗ്രി തണുപ്പിനെ വകവെയ്ക്കാതെ ഇംഗ്ലണ്ടിലെയും വെയ്സിലെയും നോർത്തേൺ അയർലൻഡിലേയും ആശുപത്രികൾക്ക് മുൻപിൽ നഴ്സുമാർ പിക്കറ്റിംഗിന് അണിനിരന്നു. എന്നാൽ, നഴ്സുമാരുടെ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന വാശിയിലാണ് സർക്കാർ.
മറുനാടന് ഡെസ്ക്