- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസക്ക് അപേക്ഷിച്ച് ആഴ്ച്ചകൾ കാത്തിരിക്കേണ്ടി വരില്ല; 47,000 രൂപ കൂടുതൽ കൊടുത്ത് പ്രയോരിറ്റി വിസക്ക് അപേക്ഷിച്ചാൽ തീരുമാനം അഞ്ചു ദിവസത്തിനകം; 75000 രൂപ കൂടുതൽ കൊടുത്താൽ പിറ്റേന്ന് വിവരമറിയാം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഉദാരമാക്കി
ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വിസകൾക്കുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിക്കുകയും, കാത്തിരിപ്പ് സമയം വർദ്ധിക്കുകയും ചെയ്തതോടെ അപേക്ഷകൾ പരിഗണിക്കുന്നതിനു മുൻഗണന ലഭിക്കുന്ന പ്രയോറിറ്റി, സൂപ്പർ പ്രയോറിറ്റി വിസകൾ ആവിഷ്‌കരിച്ചിരിക്കുന്നു. എന്നാൽ, അല്പം ചെലവേറിയതാണ് ഈ പ്രയോറിറ്റി, സൂപ്പർ പ്രയോറിറ്റി വിസകൾ.
പ്രയോറിറ്റി വിസകൾക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫീസിനൊപ്പം 500 പൗണ്ട് (നിലവിലെ വിനിമയ നിരക്കനുസരിച്ച് 47,000 രൂപ) അധികമായി നൽകണം. ഇത് നൽകിയാൽ, നിങ്ങളുടെ വിസ അപേക്ഷയിന്മേൽ അഞ്ചു ദിവസത്തിനകം തീരുമാനം ഉണ്ടാകും. സൂപ്പർ പ്രയോറിറ്റി വിസയാണെങ്കിൽ അധികമായി നൽകേണ്ടത് 800 പൗണ്ട് ( 75,000 രൂപ) ആണ്. സൂപ്പർ പ്രയോറിറ്റി വിസയ്ക്കാണ്അപേക്ഷിച്ചതെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകും.
സാധാരണ വിസ 15 ദിവസത്തിനുള്ളിൽ പ്രൊസസ്സ് ചെയ്യുമെന്ന് സർക്കാർ വെബ്സൈറ്റുകളിൽ പറയുന്നുണ്ടെങ്കിലും, അതിലേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പലരും കാത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആവശ്യക്കാർ അധികമായതിനാൽ പ്രയോറിറ്റി, സൂപ്പർ പ്രയോറിറ്റി വിസകൾ ഇനി മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ലഭ്യമാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു.
സ്വന്തം റെക്കോർഡുകൾ തന്നെ ഭേദിക്കുന്ന അത്ര എണ്ണം സ്റ്റുഡന്റ് വിസ അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിൽ നിന്നാണ് ഇപ്പോൾ ഏറ്റവുമധികം വിദ്യാർത്ഥികൾ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. അടുത്ത വർഷം പഠനത്തിന് ബ്രിട്ടനിലെത്താൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ഈ വർഷം തന്നെ വിസയ്ക്കുള്ള നടപടികൾ ആരംഭിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു.
സർവ്വകലാശാലയിൽനിന്നുള്ള ഓഫർ ലെറ്റർ, സി എ എസ്, ടി ബി സർട്ടിഫിക്കറ്റുകൾ പിന്നെ നിങ്ങളുടെ ഫണ്ടിങ് സംബന്ധിച്ച രേഖകൾ എന്നു തുടങ്ങി ആവശ്യമായ എല്ലാ രേഖകളും അപേക്ഷയോടൊപ്പം വയ്ക്കാൻ മറക്കരുത്. അതുപോലെ, പെട്ടെന്ന് വിസ ആവശ്യമാണെങ്കിൽ പ്രയോറിറ്റി, സൂപ്പർ പ്രയോറിറ്റി അവസരങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്