- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസത്തെ തരികിട ഇംഗ്ലീഷ് കോഴ്‌സിന് 10 ലക്ഷം വീതം വാങ്ങി തൃശൂരിലെ ഏജൻസി യുകെയിലേക്ക് ചവിട്ടിക്കയറ്റിയത് അനേകം ചെറുപ്പക്കാരെ; പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ചെറുപ്പക്കാർ നെഞ്ചിൽ തീയുമായി നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിൽ; കേരളത്തിൽ കേസ് നൽകിയിട്ടും കൈമലർത്തി പൊലീസ്; 'യുകെ മാനിയ' കാട്ടുതീ പോലെ പടരുമ്പോഴും വ്യാജ ഏജൻസികളെ പൂട്ടുന്നില്ല
കവൻട്രി: എങ്ങനെയും യുകെയിൽ എത്തണം, ജീവിതം രക്ഷപ്പെടണം. ഈ മോഹവുമായി ജീവിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഇപ്പോൾ തട്ടിപ്പുകാർ സംസ്ഥാനമാകെ വലവീശുന്നത്. സ്റ്റുഡന്റ് വിസയും കെയർ ഹോം വിസയും എന്ന പേരിൽ പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയകളിലും തട്ടിപ്പുകാർ നിറഞ്ഞു നിൽക്കുമ്പോഴും കേരള സർക്കാരോ കേരള പൊലീസോ അതൊന്നും അറിയുന്നില്ല എന്ന് മാത്രമല്ല പരാതി ലഭിച്ചാൽ അതിനു മുകളിൽ അടയിരിക്കാനുള്ള മിടുക്കും കാട്ടിത്തുടങ്ങിയിരിക്കുകയാണ്. ആവശ്യത്തിലേറെ പരസ്യം ലഭിക്കുന്നു എന്ന കാരണത്താൽ മാധ്യമ ധർമ്മവും കാറ്റിൽ കിടന്നു പറക്കുകയാണ്. ഇക്കാര്യങ്ങളാൽ പരസ്യം മാത്രം കാണുന്ന സാധാരണക്കാർ യുകെ ജീവിതത്തിലെ യാഥാർഥ്യമോ തട്ടിപ്പു പരസ്യങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കെണിയൊ മനസിലാക്കുന്നില്ല.
ഒടുവിൽ ഏറ്റവും ചുരുങ്ങിയത് പത്തു ലക്ഷം രൂപ മുടക്കി യുകെയിൽ കാലുകുത്തിയ ശേഷമാണു തട്ടിപ്പിന്റെ ഒരിക്കലും അഴിക്കാനാകാത്ത കെണിയിലേക്കാണ് തങ്ങൾ വീണതെന്ന് ചതിക്കപ്പെടുന്ന് ചെറുപ്പക്കാർ തിരിച്ചറിയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ചതിക്കപ്പെട്ടവർ നൽകിയ പണത്തിൽ സിംഹ ഭാഗവും കറങ്ങി തിരിഞ്ഞു യുകെയിൽ തന്നെ എത്തിയതോടെ നൂറു കണക്കിന് കോടി രൂപയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.
ഓരോ തട്ടിപ്പിലും ചികഞ്ഞു ചെല്ലുമ്പോൾ ഒരു യുകെ മലയാളി ബന്ധം കണ്ടെത്താനാകുന്നതും തട്ടിപ്പിൽ വീഴുന്ന പണത്തിൽ വലിയൊരു പങ്കു യുകെയിലേക്ക് തന്നെ എത്തുകയാണ് എന്ന സംശയം ബലപ്പെടുത്തുകയാണ്. കെയർ ഹോം, ഡോം കെയർ വിസയ്ക്ക് ശേഷം ഇപ്പോൾ തരികിട ഇംഗ്ലീഷ് കോഴ്‌സുകൾ കൂടി തട്ടിപ്പിനുള്ള വലയൊരുക്കാൻ കാരണമായി മാറുമ്പോൾ കെണിയിൽ പെടുന്നവർക്ക് പറയാനുള്ളത് ഒരു ജോണിന്റെയും വില്യമിന്റെയും റിച്ചാർഡിന്റെയും ഒക്കെ പേരുകളാണ്.
ആരാണിവരൊക്കെ? മുഖം മൂടി എന്നെങ്കിലും വലിച്ചു കീറാതിരിക്കുമോ?
ആരാണിവർ? സത്യത്തിൽ ഇങ്ങനെ ഇടനിലക്കാരായി ആളുകൾ ഉണ്ടോ? അതോ ഇവരെല്ലാം ഒരേ പേരുകാരാണോ? ഒരു വാട്സാപ്പ് നമ്പർ മാത്രം വച്ച് ആയിരക്കണക്കിന് ആളുകളെ പറ്റിക്കാൻ സാധിക്കുന്ന വമ്പൻ മാഫിയ രൂപമെടുത്തപ്പോൾ അവർക്കായി ആരോ നൽകിയ പേരുകൾ മാത്രമോ ജോണും റിച്ചാർഡും വില്യമും ഒക്കെ?
ഒരു പക്ഷെ ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി മാന്യതയുടെ സഫാരി സ്യുട്ട് അണിഞ്ഞു സംഘടനാ നേതൃത്വത്തിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുന്ന വമ്പന്മാർ ആയിരിക്കുമോ ഇവരൊക്കെ എന്ന സംശയം കൂടി സൃഷ്ടിക്കുകയാണ് ഇപ്പോൾ റിക്രൂട്ടിങ് മാഫിയക്ക് എതിരെ എത്തികൊണ്ടിരിക്കുന്ന നൂറുകണക്കിന് പരാതികൾ. യുകെ മലയാളി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന, ശത കോടികൾ സമ്പാദിച്ചു കൂട്ടിയ വമ്പന്മാരുടെ പേരിൽ വരെ ഹോം ഓഫിസിൽ പരാതി എത്തിയതോടെ ജോണും വില്യമും റിച്ചാർഡും ഒക്കെ മാന്യന്മാരുടെ ഇരട്ട പേരുകൾ ആണോ എന്ന് പോലും സംശയിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പ്ലസ് ടുക്കാർ പോലും കുടുങ്ങുന്ന സാഹചര്യം, പണം നഷ്ടമായിക്കൊണ്ടിരിക്കുന്നത് ആയിരങ്ങൾക്ക്
യുകെയിൽ പോകാൻ മിനിമം വിദ്യാഭ്യസ യോഗ്യതയും പ്രവർത്തി പരിചയവും ഒക്കെ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് ഗൾഫിൽ പോകുന്നതിനു വേണ്ട പ്രയാസം പോലും ഇല്ലാതായതോടെ യുകെയിൽ പോകാൻ കച്ചകെട്ടി ഇറങ്ങിയത് പ്ലസ് ടു പാസായവർ പോലും ആയതോടെ തട്ടിപ്പുകാരുടെ വ്യാപ്തിയും ഏറി. യുകെ റിക്രൂട്ട് തട്ടിപ്പ് കൊണ്ട് മാത്രം കേരളത്തിൽ ശതകോടീശ്വരന്മാരായി ജീവിക്കാം എന്ന് തെളിയിച്ചവർ ഒന്നും രണ്ടുമല്ല, നൂറു കണക്കിനാണ്. എന്നിട്ടും സ്‌പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും ഒക്കെയുള്ള കേരള പൊലീസിന് ഇതേകുറിച്ചൊന്നും ഒരു വിവരവും ഇല്ല എന്ന നാട്യമാണ് കേരളത്തിൽ വീണ്ടും വീണ്ടും വമ്പൻ തട്ടിപ്പുകാരെ എത്തിക്കുന്നത്.
ഇപ്പോൾ പുറത്തു വരുന്ന തട്ടിപ്പ് ഏജൻസിക്ക് വേരുകൾ ഉള്ളത് ശ്രീലങ്കയിൽ ആണെന്ന് അവരുടെ ഇൻസ്റ്റ ഗ്രാം പേജ് തെളിയിക്കുന്നു. ഒരു പക്ഷെ വീണ്ടും തപ്പി ചെന്നാൽ തട്ടിപ്പുകളുടെ ജന്മഗേഹമായ ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തു നിന്നുമാകാം മലയാളികളുടെ യുകെ മോഹത്തിനുള്ള കെണിയൊരുക്കുന്നവർ വല വിരിക്കുന്നത് എന്ന് പോലുമാകാം. തൃശൂർ പാട്ടുരായ്ക്കലിൽ ഒരു എജൻസി തുറന്നു പ്ലസ് ടു യോഗ്യത ഉള്ളവർക്ക് യുകെയിൽ പോയി ആറു മാസം കാലാവധിയുള്ള ഇംഗ്ലീഷ് സ്‌കിൽ കോഴ്സ് പഠിക്കാം എന്നതാണ് മോഹം നൽകുന്ന പരസ്യത്തിന്റെ ഉള്ളടക്കം. സ്പിനാക്കാർ ഇംഗ്ലീഷ് കോളേജ് എന്ന് പേര് വച്ച സ്ഥാപനത്തിന് തരം പോലെ പോർട്സ്മൗത്ത്, സൗത്താംപ്ടൺ എന്നൊക്കെ അഡ്രെസും നൽകും. കേരളത്തിൽ എവിടെയെങ്കിലും ജീവിക്കുന്നവർക്കു യുകെയിൽ ഇത്തരം സ്ഥാപനങ്ങൾ നിസാരമായി കണ്ടെത്താനാകില്ല എന്ന് തട്ടിപ്പുക്കാർക്കും വ്യക്തമായി അറിയാം.
ആറു മാസം കാലാവധിയുള്ള കോഴ്‌സിന് അഞ്ചു മാസമാണ് സ്റ്റേ ബാക്ക് കാലാവധിയായി എജൻസിക്കാർ പറയുന്നത്. ഇതിനിടയിൽ നിങ്ങൾക്ക് മോഹ തുല്യ ജോലി കണ്ടെത്താനാകും എന്ന മധുരം പുരട്ടിയ വാക്കുകളും കൂടെയുണ്ടാകും. ഇതിനായി ആറു ലക്ഷം രൂപ ഫീസായി വാങ്ങിയ ഏജൻസി 600 പൗണ്ട് മാത്രമാണ് കോളേജിന്റെ അഡ്രസിലേക്ക് അയച്ചതായി വ്യക്തമാകുന്നത്. കോഴ്സ് ഫീ അടക്കാതെ കോളേജിൽ എത്താനാകില്ല എന്നാണ് യുകെയിൽ എത്തിയ സ്റ്റുഡന്റ് വിസക്കാരോട് കോളേജുകാർ ഫോണിലൂടെ അറിയിച്ചത്.
അന്വേഷണത്തിൽ കേരളത്തിലെ ഒരു പാരലൽ കോളേജ് നൽകുന്ന ഇന്റേർണൽ അസസ്മെന്റ് സർട്ടിഫിക്കറ്റിന്റെ മുഖവില പോലും ഇല്ലാത്തതാണ് ഈ കോഴ്‌സും അതിനു ലഭിക്കുന്ന സർട്ടിഫിക്കറ്റും എന്നാണ് യുകെയിൽ എത്തിയ തട്ടിപ്പിന് ഇരയായവർ പറയുന്നത്. മാത്രമല്ല ഇവർക്ക് ലഭിച്ച ബി ആർ പി കാർഡുകളിൽ ജോലി ചെയ്യാനോ ബിസിനസ് ചെയ്യാൻ അനുവാദമില്ല എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു ചോദിച്ചാൽ അതൊന്നും തങ്ങൾക്കറിയില്ല, യുകെയിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾ ഉദ്യോഗാർത്ഥി സ്വയം പ്രതിവിധി കണ്ടെത്തണം എന്ന മട്ടിലേക്ക് സ്വരം മാറ്റുകയാണ് ഏജൻസി നടത്തിപ്പുകാർ.
ഏറ്റവും ചുരുങ്ങിയത് നാൽപതു പേരെങ്കിലും പത്തു ലക്ഷം വീതം അടച്ചു യുകെയിൽ എത്തിയിട്ടുണ്ടാകാം എന്നാണ് സൂചന. ഇതിൽ അഞ്ചു പേർ യുകെയിൽ തന്നെ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ഹെൻസ്ലോ, ഹീത്രോ, സ്ലോ എന്നിവിടങ്ങളിൽ ഒക്കെയാണ് തട്ടിപ്പിന് ഇരയായ തൃശൂർ, വയനാട് സ്വദേശികൾ താൽക്കാലിക താമസ സൗകര്യം ഒരുക്കിയത്. ഇവർ ജനുവരിയിൽ എത്തിയപ്പോൾ തട്ടിപ്പുകാരുടെ ഇടനിലക്കാരായി ഒന്നു രണ്ടു പേര് ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ അവരുടെ വിവരവുമില്ല.
ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചെറുപ്പക്കാർ വിസ കാലാവധി കഴിയും മുൻപ് കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. സാഹചര്യങ്ങൾ വ്യക്തമാക്കി ചതിക്കപ്പെട്ടവർ തൃശൂർ ജില്ലാ പൊലീസിന് പരാതി നൽകിയെങ്കിലും കഴിഞ്ഞ നാല് മാസമായി പൊലീസ് ഈ പരാതിയിൽ അടയിരിക്കുകയാണ്. പേരിനു ഒരു അന്വേഷണം നടത്തി ഏജൻസിക്കാർ നൽകിയ ഇമെയിൽ പരാതിക്കാർക്കു ഫോർവേർഡ് ചെയ്തു തങ്ങളുടെ ജോലി പൂർത്തിയായി എന്ന മട്ടിൽ കേസ് അവസാനിപ്പിച്ചിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. കേസിന്റെ വിവരങ്ങൾ കോടതിയിലേക്ക് കൈമാറി എന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം.
വ്യാജ ഏജൻസിക്കാരെ പൂട്ടാൻ എന്താണ് കേരള സർക്കാരിന് തടസം?
പരാതിക്കാർ വിദേശ രാജ്യത്തു കെണിയിൽ പെട്ടെന്ന് പൊലീസിന് മനസ്സിലായിട്ടും ഏജൻസിയുടെ തുടർ പ്രവർത്തനം അവസാനിപ്പിക്കാനോ ഏജൻസി നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യാനോ പൊലീസ് ശ്രമിക്കാത്തതും കൂടുതൽ സംശയത്തിന് ഇട നൽകുകയാണ്. ഇതോടെ ഏജൻസി നടത്തിപ്പുകാർക്ക് ഭരണ കേന്ദ്രങ്ങളുമായി പോലും അവിഹിത ബന്ധം ഉണ്ടായേക്കാമെന്നാണ് ഉയരുന്ന സംശയം.
ഇതിനൊക്കെ മറുപടി നൽകേണ്ടത് പരാതി ലഭിച്ച പൊലീസ് സംവിധാനമാണ്. സാധാരണ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആരും പരാതി നൽകുന്നില്ലല്ലോ എന്ന് പറഞ്ഞു കൈമലർത്തുന്ന നോർക്ക ഇപ്പോൾ പരാതി ലഭിച്ച കേസിൽ നാലു മാസമായി ഏജൻസിക്കു സർവ സ്വതന്ത്രമായി തുടർന്നും പ്രവർത്തിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് എങ്കിലും മറുപടി തരാൻ കഴിയേണ്ടതാണ്.
എന്നാൽ ആ മറുപടി നോർക്ക എന്ന സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയും വിദേശ റിക്രൂട്ടിങ് തട്ടിപ്പു വെറുതെ കണ്ടു നിൽക്കാൻ അല്ലാതെ പരാതികളിൽ ഫലപ്രദമായ നടപടിക്ക് ഇടപെടുന്ന ഭരണ വകുപ്പ് ആയി മാറാനും സാധിക്കില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകൾ. യുകെയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാരിന്റെ കൂടി എൻഒസി അടക്കമുള്ള മാർഗ്ഗരേഖങ്ങൾ നിർബന്ധം ആക്കണമെന്ന് കഴിഞ്ഞ യൂറോപ്പ് മേഖല ലോക കേരള സഭയിൽ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് രേഖാമൂലം പരാതി കിട്ടിയതാണ് എങ്കിലും ലോക കേരള സഭ നടത്തിപ്പൊക്കെ അത്തരം കാര്യങ്ങൾക്ക് വേണ്ടിയല്ലെന്നു ഒരിക്കൽ കൂടി തെളിയിക്കുകയാണ് അതിന്റെ സംഘാടകരും പ്രതിനിധികളും.