ലണ്ടൻ: യു കെയിൽ മെഡിക്കൽ, നഴ്സിങ് പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ പത്തിൽ ആറുപേരും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർവ്വേ റിപ്പോർട്ട്. ഒരു സയന്റിഫിക് റിസർച്ച് ഗ്രൂപ്പായ എൽസെവിയർ ഹെൽത്ത് നടത്തിയ സർവ്വേയിൽ പങ്കെടുത്തവരിൽ അഞ്ചിൽ ഒന്നുപേർ വീതം പഠനം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ഈ മേഖലകളോട് വിടപറയാൻ ഒരുങ്ങുകയാണ്.

ആരോഗ്യ സംരക്ഷണ മേഖലയിൽ ഇന്നനുഭവപ്പെടുന്ന ജീവനക്കാരുടെ ക്ഷാമം തങ്ങളുടെ ഭാവി കരിയറിനെ എങ്ങനെ ബാധിക്കും എന്ന് മൂന്നിൽ രണ്ട് ഭാഗം മെഡിക്കൽ-നഴ്സിങ് വിദ്യാർത്ഥികളും ആശങ്കപ്പെടുന്നതായും സർവ്വേയിൽ കണ്ടെത്തി.

പലർക്കും അമിത ജോലിഭാരം ഉണ്ടാകുമോ എന്ന ഭയമാന് ഈ മേഖലയിൽ നിന്നും വിട്ടുപോകാൻ പ്രേരണയാകുന്നത്. മറ്റു ചിലരാകട്ടെ പഠനം പൂർത്തിയായതിന് ശേഷം കാനഡയിലോ ആസ്ട്രേലിയയിലോ ഇതേ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. പഠന ഭാരവും ഒരു കാരണമാണ്. പരിശീലന കാലത്തെ പ്രീ-ക്ലിനിക്കൽ ഭാഗത്ത് മറ്റേതൊരു വിഭാഗത്തിലെ വിദ്യാർത്ഥികളേക്കാളും കൂടുതലായി അദ്ധ്വാനിക്കേണ്ടി വരുന്നു എന്ന് ഒരു വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ജൂണിലെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്, ഹോസ്പിറ്റലുകളിലും ക്ലിനിക്കൽ കെയറുകളിലുമായി 1,25,000 ഒഴിവുകൾ ഉണ്ടെന്നാണ്. ഇംഗ്ലണ്ടിലെമൊത്തം ന്ഴ്സിങ് ജോലികളിൽ 10 ശതമാനം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം, എൻ എച്ച് ട്രീറ്റ്മെന്റിന്റെ വെയ്റ്റിങ് ലിസ്റ്റ് എക്കാലത്തേയും ഉയർന്ന നിലയിലാണ്. ഏകദേശം 7.75മില്യൺ ആളുകളാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്.