- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിൽ അനധികൃത കുടിയേറ്റ തൊഴിലാളികൽക്കെതിരെ നടപടി, മലയാളികൾ ചങ്കിടിപ്പിൽ
ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റ തൊഴിലാളികൽക്കെതിരെ നടപടികൾ ശക്തമാക്കി. ഇന്നലെ രാവിലെ ബിർമിങാമിന് അടുത്ത റ്റിപ്റ്റൻ കിടക്ക ഫാക്ടറിയിലേക്ക് ഇടിച്ചു കയറിയ ഹോം ഓഫിസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഓടിച്ചിട്ടു പിടിച്ചത് ഒരു ഡസനിലേറെ ഇന്ത്യൻ തൊഴിലാളികളെ. ആണുങ്ങളും പെണ്ണുങ്ങളും അടക്കമുള്ള അനധികൃത തൊഴിലാളികളെ ആറു വാനുകളിൽ ആയാണ് ഡിറ്റക്ഷൻ സെന്ററിലേക്ക് മാറ്റിയത്. ഇവരിൽ നാലുപേരെ നാടുകടത്താനുള്ള സാധ്യത തേടുകയാണ് ഹോം ഓഫിസ്.
അറസ്റ്റിലായവരിൽ മലയാളികളും ഉണ്ടന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹോം ഓഫിസുമായി ബന്ധപ്പെടാൻ ഒന്നിലേറെ മലയാളി അഭിഭാഷകരെ തേടി ഫോൺ സന്ദേശം എത്തിയത് ഇതിന്റെ സൂചനയാണ്. കൂടാതെ ഹോം ഓഫിസിൽ നിന്നും മലയാളം തർജ്ജമക്ക് ഒന്നിലേറെ ആളുകളുടെ സേവനം തേടിയതും ഈ റെയ്ഡിനെ തുടർന്നാണ് എന്നതും മലയാളികൾ അറസ്റ്റിൽ ആയവരിൽ ഉൾപ്പെട്ടെന്ന സംശയത്തിന് ആക്കം കൂട്ടുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഹോം ഓഫീസ് ഈ ഫാക്ടറിയിൽ റെയ്ഡ് നടത്തുന്നത്.
റെയ്ഡുകൾ തുടർക്കഥ ആകുമെന്ന് സൂചന
അതിനിടെ ഇലക്ഷൻ തൊട്ടടുത്ത് എത്തി നിൽക്കുന്ന സാഹചര്യത്തിൽ അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ കണ്ടെത്താൻ ഹോം ഓഫീസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡുകൾ ഊർജിതമാക്കും എന്ന സന്ദേശമാണ് കിടക്ക ഫാക്ടറിയിൽ ഇന്നലെ കാണാനിടയായ റെയ്ഡ്. ഹോം ഓഫിസ് ഉദ്ദേശിക്കുന്ന കാര്യം ജനങ്ങളിൽ എത്താൻ മാധ്യമ പ്രതിനിധികളെയും കൂട്ടിയാണ് ഉദ്യോഗസ്ഥർ എത്തിയത്. അനധികൃത തൊഴിലാളികൾ ഓടി രക്ഷപെടാൻ ശ്രമിക്കും എന്ന് മുൻകൂട്ടി മനസിലാക്കി അത് തടയാനുള്ള സകല സജ്ജീകരണവും ഒരുക്കിയാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നിട്ടും കിടക്ക നിർമ്മിക്കാനുള്ള പഞ്ഞിക്കെട്ടിന്റെയും മരപ്പലകളുടെയും ഒക്കെ ഇടയിൽ ഒളിക്കാൻ ശ്രമിച്ചവരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു.
പിടിക്കപ്പെടും എന്ന് മനസിലാക്കിയപ്പോൾ ഓടി രക്ഷപെടാൻ നോക്കിയവരെ പിന്നാലെയെത്തി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു പൊലീസും ഉദ്യോഗസ്ഥരും. കാര്യങ്ങൾ ഇത്തരത്തിൽ നീങ്ങുക ആണെങ്കിൽ അനേകം മലയാളി ചെറുപ്പക്കാരുടെയും ഭാവി അവതാളത്തിലാകും. ഡൊമൈസിലറി കെയർ വിസയിലും മറ്റും എത്തി ജോലി കണ്ടെത്താനാകാതെ നൂറുകണക്കിന് ആളുകളാണ് എന്ത് ചെയ്യണം എന്നറിയാതെ നാളുകൾ തള്ളി നീക്കുന്നത്. ഇത്തരക്കാർക്ക് ഒക്കെ പേടി സ്വപ്നമായി മാറുകയാണ് ഹോം ഓഫിസ് ഉദ്യോഗസ്ഥർ നടത്തുന്ന റെയ്ഡുകൾ. എപ്പോൾ വേണമെങ്കിലും എവിടെയും റെയ്ഡ് നടക്കാം എന്നതാണ് സാഹചര്യം. ഇതിനു വേണ്ടി മാത്രമായി നൂറുകണക്കിന് ഉദ്യോഗസ്ഥരെയാണ് ഹോംണ് ഓഫീസ് അടുത്തിടെ നിയോഗിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന റെയ്ഡിൽ 12 കുടിയേറ്റക്കാരെ പിടികൂടാൻ 30 ഉദ്യോഗസ്ഥരാണ് എത്തിയത്. ആറു വാനുകളും ഇവർ സജീകരിച്ചിരുന്നു. ജിയോമനി ഡിസൈൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ബെഡുകളും ഔട്ട് ഡോർ ഫർണിച്ചറുകളും ആണ് ഇവർ നിർമ്മിച്ചിരുന്നത്. ഉപയോക്താക്കൾക്ക് ഓൺലൈൻ ഓർഡർ വഴി നേരിട്ട് വിൽപന നടത്തുന്ന നിലയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അനധികൃത കുടിയേറ്റ തൊഴിലാളികൾ ആയതിനാൽ കൂലി കുറച്ചു നൽകിയാൽ മതി എന്നതായിരുന്നു സ്ഥാപനത്തിന്റെ നേട്ടം.
അതേസമയം സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യാൻ കഴിയുന്നവരെ ചോദ്യം ചെയ്ത ശേഷം ജോലി തുടരാൻ അനുവദിക്കുക ആയിരുന്നു. ഇപ്പോൾ മൂന്നാം വട്ടം നടക്കുന്ന റെയ്ഡ് ആയതിനാൽ പിടിയിലായ ഓരോ തൊഴിലാളിയുടെയും പേരിൽ കമ്പനി ഉടമ 60,000 പൗണ്ട് വീതം പിഴ അടക്കണം എന്നതാണ് അവസ്ഥ. മുൻപൊരിക്കൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെ ഇന്നലെ വീണ്ടും ഹോം ഓഫിസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇന്ത്യയിലേക്ക് പോയാൽ 3000 പൗണ്ട് നൽകാമെന്ന ഓഫർ നൽകിയെങ്കിലും യുവാവ് അത് നിരസിക്കുക ആയിരുന്നു. എന്തുകൊണ്ടാണ് ഹോം ഓഫീസ് ഇങ്ങനെ ഒരു ഓഫർ നൽകിയത് എന്ന് വ്യക്തമല്ല. ഇപ്പോൾ അറസ്റ്റിൽ ആയവരെ നിയമ നടപടി പൂർത്തിയാക്കി നാട്ടിലേക്കു മടക്കി അയക്കാനുള്ള സാധ്യതയാണ് ഹോം ഓഫീസ് നൽകുന്നത്.
ഒക്ടോബറിലും നവംബറിലും ഇതേ കിടക്ക ഫാക്ടറിയിൽ നിന്നും 30 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നതാണ്. ഇത്തരം തൊഴിലാളികളെ യുകെയിൽ ചെന്നാൽ നിയമാനുസൃതം ജോലി ചെയ്യാം എന്ന് പറഞ്ഞു വഞ്ചിച്ചാണ് യുകെയിൽ എത്തിക്കുന്നത് എന്ന് ഹോം ഓഫിസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഏറെ വൈദഗ്ധ്യം വേണ്ട ജോലിക്ക് ബ്രിട്ടീഷുകാരെ ലഭിക്കാതെ വന്നപ്പോഴാണ് കുടിയേറ്റക്കാരെ ആശ്രയിയിച്ചത് എന്നായിരുന്നു ജിയോമനി ഡിസൈൻസ് നൽകിയ വിശദീകരണം. തൊട്ടടുത്ത ഒരു കേക്ക് ഫാക്ടറിയിൽ നടന്ന റെയ്ഡിലും നാല് ഇന്ത്യൻ യുവാക്കൾ അനധികൃതമായി ജോലി ചെയ്യുന്നത് കണ്ടെത്തിയിരുന്നു. പ്രദേശത്തെ ഒരു വീട്ടിൽ നിന്നും ഒരു ഇന്ത്യൻ വനിതയെയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.