ലണ്ടൻ: കുടിയേറ്റ നയം കൂടുതൽ കർശനമാക്കുന്നതിനെ ശക്തമായി എതിർത്തത് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളായിരുന്നു. വിദേശ വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന കൂടിയ ഫീസിലായിരുന്നു പല യൂണിവെഴ്സിറ്റികളും പ്രവർത്തന ചെലവ് കണ്ടെത്തിയിരുന്നത് എന്നതായിരുന്നു അതിന്റെ പ്രധാന കാരണവും. യൂണിവേഴ്സിറ്റികളുടെ ആശങ്കകൾ യാഥാർത്ഥ്യമാകുന്നതാണ് ഇപ്പോൾ കാണുന്നത്. വരുന്ന അക്കാദമിക വർഷത്തിൽ പല കോഴ്സുകളും നിർത്തലാക്കാൻ ബ്രിട്ടനിലെ 15 ഓളം യൂണിവേഴ്സിറ്റികൾ തീരുമാനിച്ചതായി വാർത്ത വരുന്നു. ഇതോടൊപ്പം നിരവധിപേർക്ക് തൊഴിൽ നഷ്ടവും ഉണ്ടാകും.

കൂടുതൽ യൂണിവേഴ്സിറ്റികൾ ഈ പാത പിന്തുടരുമെന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വരുമാനത്തിൽ വരാവുന്ന കുറവ് മുൻകൂട്ടി കണ്ടുകൊണ്ടാണത്രെ ഇത്തരമൊരു നടപടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്‌കാരങ്ങളും, അതുപോലെ സ്റ്റുഡന്റ് വിസക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇങ്ങനെയൊരു അവസ്ഥക്ക് കാരണമായിട്ടില്ല എന്ന് കരുതാൻ ആകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

റിസർച്ചുമായി ബന്ധപ്പെട്ടല്ലാതുള്ള പഠനങ്ങൾക്ക് എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരുന്നതിൽ വിലക്കുണ്ട്. അതുപോലെ പഠന ശേഷം വിദ്യാർത്ഥികൾക്ക് രണ്ടോ മൂന്നോ വർഷം ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യുവാനും അനുവാദം നൽകുന്ന വിസ നിർത്തലാക്കുവാൻ അടുത്തിടെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

അധിക ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ പല യൂണിവേഴ്സിറ്റികളിലും കുറച്ച് അദ്ധ്യാപകർ മാത്രമെയുള്ളു എന്നും പഠന നിലവാരം കുറയുകയാണെന്നും റിപ്പോർട്ടുകൾ വരുന്നു. അതുകൊണ്ടു തന്നെ പല കോഴ്സുകളും പൂർണ്ണമായും നിർത്തലാക്കുന്നതിനും ജീവനക്കാരെ പിരിച്ചു വിടുന്നതിനും നിർബന്ധിതമായേക്കും എന്ന് യൂണിവേഴ്സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

നൈജീരിയയിലെ സാമ്പത്തിക പ്രതിസന്ധി അവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറച്ചപ്പോൾ, ബ്രിട്ടീഷ് സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയും ഓസ്ട്രേലിയയും പോലുള്ള രാജ്യങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരു പക്ഷെ യൂണിവേഴ്സിറ്റികൾ പാപ്പരാകുന്ന സാഹചര്യമുണ്ടായാൽ കൂടി അദ്ഭുതപ്പെടേണ്ടതില്ല എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി ട്യുഷൻ ഫീസ് വർദ്ധിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ തദ്ദേശീയരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികൾക്ക് അക്ഷരാർത്ഥത്തിൽ സാമ്പത്തിക ബാദ്ധ്യതയാവുകയാണ്. വിദേശ വിദ്യാർത്ഥികളുടെ ഫീസിൽ നിന്നായിരുന്നു ഇത് വലിയൊരു അളവ് വരെ പരിഹരിച്ചിരുന്നത്. അതാണ് ഇപ്പോൾ ക്രമേണ കുറഞ്ഞു വരുന്നത്. വരുന്ന സാമ്പത്തിക വർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 37 ശതമാനം കുറവുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.