ലണ്ടൻ: ബ്രിട്ടണിലെ വിചിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെ. കെയർ ഹോമിൽ സ്ഥിരം ജോലി ലഭിച്ച സന്തോഷം പങ്കിടാനാണ് ഇന്നലെ വൈകുന്നേരത്തോടെ വിചിന് വർഗീസിന്റെ ആത്മാർത്ഥ സുഹൃത്ത് മുറിയിൽ എത്തുന്നത്. ഫോണിൽ വിളിച്ചപ്പോൾ ഉത്തരം ഇല്ലാതെ വന്നെങ്കിലും തിരക്കിൽ ആയിരിക്കും എന്നാണ് പ്രിയ സുഹൃത്ത് ഓർത്തതും. എന്നാൽ മുറിയിലേക്ക് നോക്കിയപ്പോൾ അനക്കം ഇല്ലാതെ നിലയിൽ കണ്ടെത്തിയ വിചിന് വെറുതെ പറ്റിക്കാൻ നടത്തുന്ന അഭിനയം ആയിരിക്കും എന്നാണ് കരുതിയതും. എങ്കിലും തൊട്ടു താഴെയുള്ള കടയിലെ തമിഴ് വംശജനായ വ്യക്തിയെ കൂടി കൂട്ടിനു വിളിച്ച് അകത്തു നിന്നും പൂട്ടിയിട്ടില്ലായിരുന്ന കതക് തുറന്നു മുറിയിൽ കടന്നതോടെയാണ് വിചിൻ തന്റെ ജീവിതം അവസാനിപ്പിച്ച് എന്ന ഞെട്ടിക്കുന്ന വിവരം സുഹൃത്തിനു മനസിലാകുന്നത്.

വിചിൻ കടന്നു പോയത് കടുത്ത മാനസിക സമ്മർദ്ദത്തിൽ, ആരുമുണ്ടായില്ല സഹായത്തിന്
തുടർന്ന് മറ്റു വിദ്യാർത്ഥികളെയും പരിചയക്കാരായ ഏതാനും മലയാളികളെയും രാത്രിയോടെ വിവരം അറിയിക്കുക ആയിരുന്നു. ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി വൈകി സംഭവ സ്ഥലത്തേക്ക് ലിവർപൂൾ, ബിർക്കിൻഹെഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൂടുതലായി മലയാളികൾ എത്തിയത്. വിചിനെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്തിന് അറിയാമായിരുന്നതിനാൽ ആളെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നില്ല. ബാഹ്യ ഇടപെടലിൽ വിചിൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മരണത്തിലേക്ക് വിചിൻ തള്ളിയിടപ്പെടുക ആയിരുന്നു എന്ന വികാരം ശക്തമായി ഇപ്പോൾ ലിവർപൂൾ മലയാളികൾക്കിടയിൽ പ്രചരിക്കുന്നുമുണ്ട്.

ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ വിചിൻ ജോലി ചെയ്യാനുള്ള സൗകര്യം നിമിത്തമാണ് ബിർക്കിൻഹെഡിൽ താമസമാക്കിയത്. കെയർ ഏജൻസിയിൽ കെയർ അസിസ്റ്റന്റായി ജോലി ലഭിച്ചതിനെ തുടർന്ന് ഇവിടെ താമസിച്ചു കെയർ ഹോമിൽ ജോലി ചെയ്യുക ആയിരുന്നു. ഇതിനിടയിൽ വിചിൻ ജോലിക്കെത്തിയ കെയർ ഹോം യുവാവിന് സ്ഥിരമായി ജോലി ഓഫർ ചെയ്യുക ആയിരുന്നു. ഇതിനായി വിചിൻ പണമൊന്നും ചെലവാക്കേണ്ടി വന്നില്ല എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

അതേസമയം വിചിന്റെ മരണം നടന്നു മിനിട്ടുകൾക്കകം ആ യുവാവിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന സംഭാഷണങ്ങളാണ് പുറത്തു വന്നത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാസ്തവമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന ചോദ്യത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തു വരരുതെന്ന് ആരെക്കെയോ ആഗ്രഹിച്ചിരുന്നു എന്നാണ് കണ്ടെത്താനാകുന്നത്. ഇന്നലെയും വിദ്യാർത്ഥിയുടെ മരണത്തിൽ ആ യുവാവിനെ പേരിൽ കുറ്റം കണ്ടുപിടിക്കാനായുള്ള ചില ശ്രമങ്ങൾ നടന്നത് ചിലരെങ്കിലും പരസ്യമായി ചോദ്യം ചെയ്യാൻ തയ്യാറായതോടെയാണ് ഗൂഢ പ്രചാരകർ കളം വിട്ടിരിക്കുന്നത്. മാധ്യമ വാർത്തകളിൽ പോലും വിദ്യാർത്ഥിയെ മോശക്കാരനാക്കണം എന്ന മട്ടിൽ കാര്യങ്ങൾ പുറത്തു വരുവാൻ തെറ്റായ വിവരവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഇത് ആദ്യ സംഭവമല്ല, ചതിക്കപ്പെട്ടിരിക്കുന്നത് നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ വെറും ഇടനിലക്കാരായി നിൽക്കുന്ന കെയർ ഏജൻസികൾ ലക്ഷക്കണക്കിന് രൂപയാണ് വിദ്യാർത്ഥി വിസക്കാരിൽ നിന്നും കൈക്കൂലി എന്ന മട്ടിൽ തന്നെ ഈടാക്കുന്നത്. സമാനമായ സംഭവങ്ങൾ ഈസ്റ്റ് ഹാം, സ്റ്റോക് ഓൺ ട്രെന്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ ചെയ്തത് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇത്തരം വാർത്തകളോട് സൗമ്യമായി മൗനം പാലിച്ചു പ്രാദേശിക മലയാളി സംഘടനകളും കൂട്ടായ്മകളും മറ്റും സ്പോൺസർഷിപ് എന്ന പേരിൽ കിട്ടുന്ന നക്കാപ്പിച്ച വാങ്ങിക്കാൻ വരി നിൽക്കുന്നതാണ് മാധ്യമ വാർത്തകളെ വെല്ലുവിളിച്ചും നിസഹായരായ വിദ്യാർത്ഥി വിസക്കാരുടെ ചോര കുടിക്കാൻ വ്യാജ റിക്രൂട്‌മെന്റുകാരെയും നഴ്സിങ് ഏജൻസികളെയും പ്രേരിപ്പിക്കുന്നത്.

ഒരു വിദ്യാർത്ഥിക്ക് ആഴ്ചയിൽ രണ്ടു ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാനാകില്ലെന്ന് അറിയുന്ന ഏജൻസി തന്നെയാണ് ആഴ്ചയിൽ ആറു ദിവസം ജോലി നൽകുന്നത്. ഒടുവിൽ കൂലി ചോദിക്കുമ്പോൾ നീ എവിടെപ്പോയി പരാതിപ്പെടും എന്നാണ് ഇപ്പോൾ വിവാദത്തിലായ ലിവർപൂളിലെ ഏജൻസിയെ പോലുള്ള നിഷ്ടൂരന്മാർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഇത്തരം ഏജൻസികളുടെ വാഴ്‌ത്തുപാട്ടുകാർ ആയിരുന്ന പ്രാദേശിക നേതാക്കൾ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു ഇപ്പോൾ ഏജന്‌സിക്കാരന് എതിരെ പേര് പറയാതെ കാടടച്ചു വെടിവയ്ക്കും മട്ടിൽ വാട്‌സാപ്പ് ഗ്രൂപുകളിൽ ശബ്ദിക്കാൻ തുടങ്ങിയതും കൗതുകമാണ്, അതും ഒരു യുവാവിന്റെ ജീവൻ ഇല്ലാതായപ്പോൾ മാത്രം. ആരെ ബോധിപ്പിക്കാനാണ് ഈ ഉണ്ടയില്ലാ വെടിവയ്ക്കാൽ എന്നാണ് വാട്‌സാപ്പ് പ്രതികരണക്കാരോട് വിചിന്റെ ആത്മാവിന് വേണ്ടി ഇപ്പോൾ ചോദിക്കാൻ ബാക്കിയാവുന്ന ഏക കാര്യം.

വിചിനെ പോലെ അനേകം മലയാളി വിദ്യാർത്ഥി വിസക്കാരെ പറ്റിക്കുന്ന കാശു കൊണ്ട് പരസ്യം നൽകി സംഘടനകളെ വിലയ്ക്കെടുക്കുന്ന തന്ത്രം റിക്രൂയ്റ്റിങ്, ഏജൻസി നടത്തിപ്പുകാർ വിജയകരമായി ആഘോഷിക്കുമ്പോൾ നൂറോ ഇരുന്നൂറോ പൗണ്ടിന് വേണ്ടി ഒരു സമൂഹത്തെ ഒന്നാകെ വഞ്ചിക്കുകയാണ് ഇത്തരം പരസ്യങ്ങളുടെ പിന്നാലെ പോകുന്ന മലയാളി സംഘടനകൾ. വാസ്തവത്തിൽ വിചിന്റെ മരണത്തിനു കഴിഞ്ഞ കുറെ കാലമായി നടക്കുന്ന നെറികേടുകളോട് മൗനം പാലിച്ച ഓരോ യുകെ മലയാളിയും ഉത്തരവാദിയാണ്. ഓരോരുത്തരുടെയും കൈകളിൽ വിചിന്റെ രക്തം പുരണ്ടിരിക്കുകയാണ്.

വിദ്യാർത്ഥി വിസക്കാരുടെ നിസഹായത മുതലെടുക്കുന്ന നീരാളികൾക്ക് സമൂഹത്തിൽ പട്ടും പൊന്നാടയും
വിദ്യാർത്ഥി വിസയിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായി വേതനം കൊടുക്കാറില്ലെന്നും മറ്റു ഏജൻസികൾ ചെയ്യും പോലെ തന്നെ കയ്യിൽ കാശു കൊടുക്കുന്നു എന്ന കാരണത്താൽ മിനിമം കൂലിയിലും വളരെ താഴ്‌ത്തിയാണ് നൽകുന്നത് എന്നും ഇതിനകം പരാതികൾ ഉയർന്നു കഴിഞ്ഞു. അധിക മണിക്കൂർ ജോലി ചെയ്തു എന്ന കാരണത്താൽ വിദ്യാർത്ഥികളിൽ ആരും തന്നെ പരാതിയുമായി മുന്നോട്ടു പോകില്ല എന്നതാണ് പലപ്പോഴും ഏജൻസി നടത്തിപ്പുകാർക്ക് ധൈര്യമായി മാറിയത്.

അധിക മണിക്കൂർ ജോലി ചെയ്തതിനു യൂണിവേഴ്സിറ്റിയിൽ അടക്കം പരാതിയെത്തും. വേറെ എവിടെയും ജോലി ചെയ്യിക്കാൻ അനുവദിക്കില്ല. യൂണിവേഴ്‌സിറ്റിയിലും ഹോം ഓഫിസിലും പരാതിപ്പെടും എന്നുമൊക്കെ പൊതുവിൽ നഴ്സിങ് ഏജൻസിക്കാർ ഭീഷണിയുടെ ശബ്ദത്തിൽ വിദ്യാർത്ഥികളോട് പറയുക. ഇത്തരം സാഹചര്യങ്ങൾ നേരിടാത്ത വിദ്യാർത്ഥികൾ അപൂർവമാണ്. ജീവിക്കാൻ മറ്റു വഴികൾ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അധിക മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകുന്നതും.