ലണ്ടൻ: എറണാകുളം ജില്ലക്കാരനായ യുവാവ് യുകെയിൽ നിന്നും അടുത്തിടെ നാട്ടിലെത്തി വിവാഹിതനായത് നവവധുവിനെയും വേഗത്തിൽ യുകെയിൽ എത്തിക്കണം എന്ന ആഗ്രഹത്തോടെയാണ്. വിവാഹ ശേഷം യുകെയിൽ മടങ്ങിയ എത്തിയ സ്റ്റുഡന്റ് വിസക്കാരനായ മലയാളി യുവാവ് നാട്ടിലുള്ള വധുവിന് യുകെയിലേക്ക് വരാനുള്ള രേഖകൾ എല്ലാം എത്തിക്കുകയും ചെയ്തു. എന്നാൽ വിവാഹ ചെലവിനും മറ്റും കാര്യമായ തുക ചെലവായ സാഹചര്യത്തിൽ വിസ അപേക്ഷ നൽകുമ്പോൾ കാണിക്കേണ്ട ബാങ്ക് ഡിപ്പോസിറ്റിന് കാര്യമായ പണം കയ്യിൽ ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് സാധാരണ സ്റ്റുഡന്റ് വിസ അപേക്ഷകർക്കും മറ്റും ഷോ മണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡിപ്പോസിറ്റ് സഹായ വാഗ്ദാനം എത്തുന്നത്.

ഇത്തരം വാഗ്ദാനക്കാരിൽ ചിലർ ഒരു ലക്ഷം രൂപയ്ക്ക് പതിനായിരം വരെയും പത്തു ലക്ഷത്തിന് ഡിസ്‌കൗണ്ട് എന്ന പേരിൽ 60,000 - 70,000 രൂപയുമാണ് വാങ്ങുന്നത്. വിസ അപേക്ഷിക്കുന്നതിനു തൊട്ടു മുൻപ് ബാങ്കിൽ അപേക്ഷകന്റെ അക്കൗണ്ടിൽ എത്തുന്ന പണം വിസ സ്റ്റാമ്പ് ചെയ്തു വരുന്നതോടെ മടക്കി ലഭിക്കുകയും ചെയ്യും. കബളിപ്പിക്കൽ നടക്കാതിരിക്കാൻ മുദ്രപത്രത്തിൽ രേഖകൾ അടക്കം തയ്യാറാക്കിയാണ് ഈ പരസ്പര സഹായ ഫോർമുല കേരളമൊട്ടാകെ വിജയകരമായി നടന്നു കൊണ്ടിരിക്കുന്നത്.

ഏജൻസിക്കാരുടെ അമിത വിശ്വാസം പാരയായി

ഇത്രകാലം ചെയ്ത കാര്യം ഒരിക്കലും പിഴച്ചിട്ടില്ല എന്ന ധൈര്യത്തിൽ വിസ അപേക്ഷയ്ക്ക് യുവാവ് ഏൽപ്പിച്ച ഏജൻസിക്കാരുടെ അമിത ആവേശമാണ് പാരയായി മാറിയത്. അപേക്ഷ സമർപ്പിച്ച ഉടൻ ഏജൻസിക്കാർ കടം നൽകിയ ഷോ മണി അക്കൗണ്ടിൽ നിന്നും പിൻവലിച്ചു. ഇതേ പണം മറ്റൊരു അപേക്ഷക്കായി ഉപയോഗിച്ച് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിലാണ് ഈ ഇടപാട് നടന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു.

കാര്യങ്ങൾ കൃത്യമായി മാനേജർ അടക്കമുള്ളവർക്ക് അറിയാവുന്നതും ആയിരുന്നുവെന്നാണ് യുവാവിന്റെ പരാതി ഇതോടെ ഏജൻസിക്കാർക്കൊപ്പം ബാങ്കും തനിക്ക് വരുത്തി വച്ച ഗതികേടിൽ പങ്കാളികൾ ആണെന്ന് സംശയിക്കുകയാണ് യുവാവ്. ഒരു പക്ഷെ ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്ന പണം തന്നെ ഇത്തരത്തിൽ അനേകം പേർക്ക് ഒരേ സമയം ഉപയോഗിക്കാൻ ഏജൻസി ശ്രമിക്കുന്നതുകൊണ്ടാകാം ഇട്ട ഉടൻ പണം പിൻവലിക്കാൻ അവർ തയ്യാറായത് എന്നും സൂചനയുണ്ട്.

പാരായായത് ഹോം ഓഫിസിന്റെ റാൻഡം ചെക്കിങ്

സ്റ്റുഡന്റ് വിസയിലും ഡിപെൻഡഡ് വിസയിലും ഒക്കെ എത്തുന്ന പലരും വിസ നിയമ മാനദണ്ഡം തെറ്റിച്ചു സർക്കാരിന്റെ വിവിധ സഹായങ്ങൾക്ക് ബന്ധപെട്ടു തുടങ്ങിയതോടെയാണ് യുകെയിൽ എത്തുന്ന പലരും കയ്യിൽ നയാപൈസ എടുക്കാൻ ഇല്ലാത്തവർ ആണെന്ന സംശയം ഹോം ഓഫിസിനു ബലപ്പെടുന്നത്. യുകെയിൽ എത്തി ഒരു വർഷം എങ്കിലും ആരെയും ആശ്രയിക്കാതെ കഴിയാൻ ആവശ്യമായ പണം ബാങ്കിൽ ഉണ്ടാകണം എന്നാണ് തൊഴിൽ അപേക്ഷകർ അല്ലാത്ത മുഴുവൻ പേരോടും ഉള്ള ഹോം ഓഫിസിന്റെ നിലപാട്. ഇപ്പോൾ ബ്രിട്ടനിൽ ജീവിത ചെലവ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഷോ മണിയുടെ തുകയും ഉയർന്നിട്ടുണ്ട്. നേരത്തെ എട്ടുമുതൽ പത്തു ലക്ഷം വരെയായിരുന്നു ഷോ മണി കാണിച്ചിരുന്നതെങ്കിൽ അതിപ്പോൾ പന്ത്രണ്ട് മുതൽ 15 ലക്ഷം വരെ ആയിരിക്കുകയാണ്.

ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ വല്ലപ്പോഴും നടത്തുന്ന റാൻഡം ചെക്കിങ് എന്നറിയപ്പെടുന്ന അന്വേഷണത്തിലാണ് എറണാകുളം സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ അപേക്ഷ ഹോം ഓഫിസിന്റെ ശ്രദ്ധയിൽ പെടുന്നത്. അപേക്ഷക കാണിച്ചിരിക്കുന്ന തുക ബാങ്കിൽ സുരക്ഷിതം ആണോ എന്ന ഹോം ഓഫിസ് അന്വേഷണത്തിൽ തുക ബാങ്കിൽ നിന്നും പിൻവലിക്കപെട്ടുവെന്നാണ് ബാങ്ക് മാനേജർ അറിയിച്ചത്. ഇതോടെ ആവശ്യമായ രേഖകൾ ഇല്ലാതെ സമർപ്പിച്ച വിസ അപേക്ഷ എന്ന നിലയിൽ യുകെയിലേക്ക് വരാൻ അർഹത ഇല്ലെന്നു കാട്ടി ഹോം ഓഫിസ് തള്ളുക ആയിരുന്നു.

മാത്രമല്ല ഈ അപേക്ഷക ഇനിയും അതിനായി ശ്രമിക്കുന്നത് പത്തു വർഷത്തേക്ക് തടഞ്ഞതാണ് കൂടുതൽ വിനയായി മാറിയിരിക്കുന്നത്. ഹോം ഓഫിസ് തീരുമാനത്തോട് എതിർപ്പുണ്ടെങ്കിൽ അതിനായി അപ്പീൽ നൽകാം എന്ന ഒരു ഓപ്ഷൻ മാത്രമാണ് ഇപ്പോൾ യുവാവിനും കുടുംബത്തിനും തെല്ലു ആശ്വാസം നൽകുന്നത്. എന്നാൽ ഇത്തരം അപ്പീലുകളിൽ സാധാരണ നിലയിൽ മറുത്തൊരു തീരുമാനം ഉണ്ടാകാറില്ല എന്നതാണ് ഹോം ഓഫിസിന്റെ സ്വാഭാവിക ചരിത്രവും.

യുവാവിനും കുടുംബത്തിനും സംഭവിച്ചത് മാനഹാനിയും ധനനഷ്ടവും

യുകെയിൽ ഉള്ള വരനൊപ്പം ഉടൻ താമസിക്കാനാകും എന്നതാണ് വിവാഹ നിശ്ചയ വേളയിൽ പോലും ആകർഷകമായി വധുവിനും കുടുംബത്തിനും തോന്നിയത്. ഉടൻ യുകെയിലേക്ക് പോകും എന്ന് പരിചയക്കാരായവർ ഒക്കെ അറിഞ്ഞ നിലയ്ക്ക് ഇനി അത് നടക്കില്ല എന്നതിന് എന്ത് കാരണം പറയും എന്നതാണ് കുടുംബം നേരിടുന്ന വലിയ ധർമ്മ സങ്കടം. വിവാഹത്തിന് ലഭിച്ച സ്വർണം വിറ്റെങ്കിലും പണം കണ്ടെത്തിയിരുന്നെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസം ഉണ്ടാകുമായിരുന്നില്ല എന്നാണ് യുവാവ് തിരിച്ചറിയുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ എങ്ങനെ സ്വർണം എടുത്തു വിൽക്കും എന്ന ചിന്തയാണ് കുറുക്ക് വഴിയിൽ പണം കണ്ടെത്താം എന്ന് ഏജൻസിക്കാരുടെ മോഹ വാഗ്ദാനത്തിൽ കുടുക്കിയത്. ഭാര്യ വീട്ടുകാരുടെ മുന്നിൽ ചെറുതായി പോകുമോ എന്ന സ്വാഭാവിക ആശങ്കയും ഒരു പരിധി വരെ കാരണമായി. സംഭവിച്ചതിനൊന്നിനും ഇനി ന്യായം പറയുന്നതിൽ കാര്യം ഇല്ല എന്നും തിരിച്ചറിയുകയാണ് യുവാവും കുടുംബവും. ഇപ്പോൾ പ്രതീക്ഷയോടെ നൽകിയിരിക്കുന്ന അപ്പീൽ ഹോം ഓഫിസ് സ്വീകരിക്കണമേയെന്ന ഉള്ളുരുകിയുള്ള പ്രാർത്ഥനയിലാണ് നവദമ്പതികൾ.

വിസ അപേക്ഷകർക്കുള്ള കൃത്യമായ മുന്നറിയിപ്പ്

ഇപ്പോൾ യുകെയിൽ എത്തിയിട്ടുള്ള അനേകം പേർ ഇത്തരത്തിൽ തന്നെയാണ് ഡെപ്പോസിറ്റ് പണം ബാങ്കിൽ കാണിച്ചത് എന്ന് വ്യക്തമാണ്. ആരുടെയോ ഭാഗ്യം കൊണ്ട് പണത്തിൽ തിരിമറി നടക്കാതിരുന്നതും ഹോം ഓഫിസ് അന്വേഷിച്ചു ചെല്ലാതിരുന്നതുമാണ് ഇത്തരത്തിൽ വിസ നേടിയവർക്ക് അനുകൂലം ആയ ഘടകം. ഇപ്പോൾ സംഭവിച്ചത് പോലെ മുൻപും പല ഏജൻസികൾ ചെയ്തിരിക്കാൻ ഇടയുണ്ട് എന്നതിനാൽ ഇത്തരം കുറുക്ക് വഴി തേടാതിരിക്കുക എന്നത് പുതിയ അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇത്തരം ഷോ മണി വിസ അപേക്ഷക്ക് തൊട്ടു മുൻപ് ആയല്ലാതെ പരമാവധി നേരത്തെ അപേക്ഷകരുടെ അക്കൗണ്ടിൽ എത്തുന്നതും ഹോം ഓഫിസിനു സംശയം തോന്നാതിരിക്കാനുള്ള ഘടകമായി മാറും എന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിസ അപേക്ഷ നിരസിച്ചാൽ പോലും നൽകേണ്ട അപ്പീൽ വിജയം കണ്ടെത്താൻ ഇത്തരം കാര്യങ്ങൾ പ്രധാനമാണ്. തുടർച്ചയായി ഇത്തരം നിരസിക്കൽ സംഭവിച്ചാൽ കൂടുതൽ അപേക്ഷകളിൽ അന്വേഷണം ഉണ്ടാകും എന്നുറപ്പാണ്. ഇത് വിസ അപേക്ഷകളിൽ തീരുമാനം ഉണ്ടാകാൻ കാലതാമസത്തിനും കാരണമായി മാറും.