ലണ്ടൻ: രണ്ടു വർഷമായി തകർത്താടിയ യുകെ വിസ കച്ചവട ചതിയിൽ യുകെയിൽ എത്തി കുടുങ്ങിക്കിടക്കുന്ന മലയാളികൾ ആയിരക്കണക്കിന് എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ ദിവസവും യുകെയിൽ എത്തിക്കാൻ കാരണക്കാരായ ചതിയരോട് പണം മടക്കി നൽകിയേക്കൂ, നാട്ടിലേക്ക് മടങ്ങിക്കോളാം എന്ന് പറഞ്ഞു വിളിക്കുന്ന നിസഹായരായ മലയാളികളോട് നാളെ ശരിയാകും മറ്റന്നാൾ ശരിയാകും എന്നൊക്കെ പറയുന്ന കച്ചവട രംഗത്തെ വിരുതന്മാരും വില്ലത്തികളും തൊട്ടു പുറകെ വിളിച്ചയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു തൽക്കാലം രക്ഷ തേടുകയാണ്.

സ്വതവേ ഭയത്തിൽ ജീവിക്കുന്ന മലയാളി സ്വഭാവം കൈവശം ഉള്ളതിനാൽ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയിട്ടും ഒരു പരാതിയുമായി മുന്നോട്ടു വരാൻ മടിക്കുകയാണ് നാളെ കയ്യിൽ എത്തുന്ന മനോഹരമായ സുഖ ജീവിതം സ്വപ്നം കണ്ടു മയക്കത്തിലായ യുവതീ യുവാക്കൾ. നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ലെന്നു ബോധ്യപ്പെടുത്തിയാലും സ്വനിർമ്മിത മായാലോകത്തിൽ നിന്നും പുറത്തു കടക്കാൻ ഇവർക്ക് കഴിയുന്നുമില്ല. പരാതി നൽകിയാൽ നാട് കടത്തില്ലേ എന്ന ചോദ്യമാണ് ആദ്യം ഇവർ ഉയർത്തുന്നത്.

പരാതി നൽകാതെ എത്രകാലം മറ്റുള്ളവരുടെ ദയയും ദാക്ഷിണ്യവും പ്രതീക്ഷിച്ചു കഴിയും എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇപ്പോൾ തട്ടിപ്പുകാരുടെ പരാതി പറയാൻ വിളിക്കുന്നവർ ഒരു നേരത്തെ ഭക്ഷണത്തിനു കൂടി കെഞ്ചി ഫോൺ വിളി അവസാനിപ്പിക്കുന്ന ശീലത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. കേരളത്തിൽ വലിയ കുഴപ്പം ഇല്ലാതെ ഇടത്തരം കുടുംബങ്ങളിൽ ജീവിച്ചവരാണ് 20 ലക്ഷം രൂപ തട്ടിപ്പുകാരുടെ കൈയിൽ കൊടുത്തു യുകെയിൽ എത്തി നിലയില്ലാക്കയത്തിൽ കിടന്നു കൈകാലിട്ടടിക്കുന്നത്. സത്യത്തിൽ ഇവരെ രക്ഷിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ എന്ന വാസ്തവവും യുകെയിൽ എത്തികൊണ്ടിരിക്കുന്ന ചെറുപ്പക്കാരായ ഒരു മലയാളിക്ക് പോലും മനസിലാകുന്നുമില്ല.

"ഞങ്ങൾക്ക് കേരളത്തിലേക്ക് മടങ്ങാനാകില്ല, ഇനി ആത്മഹത്യയാണ് മുന്നിലെ വഴി"

ഒട്ടറെ ആളുകൾ പലവിധ കാരണങ്ങളാൽ കേരളത്തിലേക്ക് മടങ്ങാൻ കഴിയില്ല എന്ന് പറയുന്നവരാണ്. അതിൽ കട ബാധ്യത മുതൽ നാട്ടുകാരുടെ ചോദ്യം ഭയപ്പെടുന്നവർ വരെയുണ്ട്. യുകെയിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ രക്ഷപ്പെട്ടല്ലോ എന്ന് പറഞ്ഞവരെ അങ്ങനെ അഭിമുഖീകരിക്കും. ഇതാ കാണൂ ലണ്ടൻ കാഴ്ചകൾ എന്ന് പറഞ്ഞു ഇൻസ്റ്റയിൽ ഫോട്ടോ ഇട്ട ശേഷം വന്നതിലും വേഗത്തിൽ മടങ്ങി ചെല്ലുന്നത് എങ്ങനെ? ഇത്തരത്തിൽ അപമാന ഭാരവും പേറിയാണ് ആയിരങ്ങൾ ഇപ്പോൾ അനധികൃതമായി യുകെയിൽ തങ്ങുന്നത്. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തു നൽകാമോ എന്ന് ചോദിക്കുന്നവർ അത് ശരിയാക്കി തരാം എന്ന് മറുപടി നൽകുമ്പോൾ വീണ്ടും ഒരു വിസ കിട്ടുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ്.

ഇതിനർത്ഥം വ്യാജന്മാർ പറഞ്ഞ വിസ കാര്യങ്ങൾ ഇനിയും ജീവിതത്തിൽ സംഭവിക്കും എന്ന മായാലോകത്തിൽ നിന്നും മറികടക്കാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ്. ഇവർക്കിടയിലാണ് ഇന്നലെ ബിബിസി വഴി തുറന്നു പറയാൻ തയ്യാറായ പാക്കിസ്ഥാൻ പൗരൻ ഹംസ മുഹമ്മദ് വേറിട്ട കാഴ്ച ആകുന്നത്. യുകെയിൽ എത്താൻ 15,000 പൗണ്ട് മുടക്കിയ ഹംസയും മലയാളികളെ പോലെ യുകെയിൽ വന്ന ശേഷം മാത്രമാണ് ചതിക്കപ്പെട്ടെന്നും തങ്ങളോട് പറഞ്ഞ ജീവിതമല്ല യുകെയിൽ കാത്തിരുന്നതെന്നും തിരിച്ചറിഞ്ഞത്.

എന്തുകൊണ്ട് മലയാളികൾക്കിടയിൽ ഹംസമാർ ഉണ്ടാകുന്നില്ല, എന്തിനാണ് മലയാളികൾ ഇങ്ങനെ ഭയക്കുന്നത്?

ഇപ്പോൾ ഹംസ നടത്തിയത് പോലെ ബിബിസിക്ക് മുന്നിൽ എത്തി തുറന്നു പറയാനുള്ള ബിബിസി എഡിറ്റോറിയൽ ടീമിന്റെയും ഗാർഡിയൻ, സ്‌കൈ ന്യൂസ് എന്നിവയുടെയും ഒക്കെ നമ്പറുകളും നൽകുന്നുണ്ട്. എന്നാൽ തങ്ങളുടെ പേരും ചിത്രവും പുറത്തു വരും എന്ന ഭയത്താൽ ഒരു മലയാളി പോലും വാർത്ത മാധ്യമങ്ങൾക്ക് മുൻപിൽ വരാൻ തയ്യാറാകുന്നില്ല. മുഖം നൽകാൻ തയ്യാറാകാത്തതുകൊണ്ട് തന്നെ ദേശീയ മാധ്യമങ്ങൾ ഇപ്പോൾ ഹംസയ്ക്ക് നൽകിയ പരിഗണന മലയാളികൾക്ക് നൽകാനും തയ്യാറല്ല എന്നാണ് മനസിലാക്കേണ്ടത്.

സ്വന്തം പണം ചതിയിലൂടെ കൈക്കലാക്കിയ വിസാ കച്ചവടക്കാരെ സമൂഹത്തിൽ തുറന്നു കാണിക്കാനും നിയമത്തിനു മുന്നിൽ കുരുക്കാനും യുകെയിൽ മികച്ച അവസരം ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത മലയാളി കണ്ണ് തുറന്നു വായിക്കേണ്ടതാണ് ബിബിസിയിൽ തുറന്നു പറച്ചിൽ നടത്തിയ ഹംസയുടെയും ഒപ്പം പാക്കിസ്ഥാനിൽ നിന്നും തന്നെ എത്തിയ ആമിർ വാരിസിന്റെയും വെളിപ്പെടുത്തലുകൾ. ഇരുവർക്കുമായി വിസ കച്ചവടക്കാരുടെ കെണിയിൽ നഷ്ടമായത് 28,000 പൗണ്ടാണ്.

ഡെവോണിലും കോൺവാലിലും പൊലീസ് അരിച്ചു പെറുക്കും, മലയാളികളും വെള്ളത്തിലാകും

ഹംസയും ആമിറും ചതിക്കപ്പെട്ട വിവരം ബിബിസി പുറത്തു കൊണ്ടുവന്നതോടെ ഡെവോൺ, കോൺവാൽ മേഖലയിൽ പൊലീസ് കെയർ ഹോമുകൾ, എജൻസികൾ എന്നിവ അരിച്ചു പെറുക്കാൻ എത്തും എന്നുറപ്പ്. രേഖകൾ പരിശോധിച്ചാൽ വ്യാജ രേഖകൾ കണ്ടെത്തുകയും പണം നൽകിയാണ് ജോലിക്ക് കയറിയതെന്നോ ജീവനക്കാർ വെളിപ്പെടുത്തിയാൽ തൊഴിൽ ഉടമകൾ സമാധാനം പറയേണ്ടി വരും.

വിസക്കച്ചവടം നടന്നു എന്നും വ്യാജ ഇടനിലക്കാർ രംഗത്ത് സജീവമായി ഉണ്ട് എന്നും ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി കഴിഞ്ഞ ദിവസവും വെളിപ്പെടുത്തിയതു സർക്കാരിന് ആവശ്യത്തിൽ അധികം വിവരങ്ങൾ കൈയിൽ എത്തി എന്നതിന്റെ സൂചനയാണ്. കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കി സർക്കാരിന്റെ ഇമേജ് തിരിച്ചു പിടിക്കുക എന്ന ശ്രമത്തിൽ വരും നാളുകളിൽ വ്യാപകമായ റെയ്ഡിനുള്ള സാധ്യതകളും നിലനിൽക്കുകയാണ്.

താൻ ആത്മഹത്യയുടെ വക്കിൽ നിന്നുമാണ് സംസാരിക്കുന്നത് എന്ന ഹംസയുടെ വാക്കുകൾ ബ്രിട്ടനിൽ ഏറെക്കാലം അധികൃതരുടെ ഉറക്കം കെടുത്തും. വിസ കച്ചവട രംഗത്തെ തിരിമറികൾ ആയിരങ്ങളെ ബ്രിട്ടനിൽ എത്തിച്ചു കഷ്ടപ്പെടുത്താൻ കാരണമായി എന്ന ചീത്തപ്പേര് മായ്ക്കാൻ ആയില്ലെങ്കിലും കർക്കശമായ നിയമ നടപടികളിലേക്ക് നീങ്ങുക എന്ന അവശേഷിക്കുന്ന മാർഗത്തിൽ എത്താൻ നിർബന്ധിതമാകുകയാണ് ഹോം ഓഫിസും അനുബന്ധ സർക്കാർ ഏജൻസികളും.

ഇതിന്റെ ഭാഗമായി ഹോം ഓഫിസിൽ എത്തിയ അനേകം പരാതികൾ ബിബിസി അടക്കമുള്ള മാധ്യമങ്ങൾക്ക് ചോർന്നതായും സംശയിക്കേണ്ടി വരും. സർക്കാർ നടപടികൾ ശക്തമാക്കുമ്പോൾ അതിനെ സാധൂകരിക്കാൻ ആവശ്യമായ രേഖകൾ മാധ്യമങ്ങൾ വഴി പുറത്തു വിടുക എന്ന തന്ത്രവും ഇക്കാര്യത്തിൽ സർക്കാർ പയറ്റുകയാണോ എന്നും സംശയിക്കാൻ കാരണം ഏറെയുണ്ട്.

വിസ കച്ചവടത്തിന് ഇറങ്ങിയവർക്ക് സമാധാനമില്ലാത്ത രാത്രികളോ?

അടുത്തിടെ ബിബിസി തന്നെയാണ് ആൽഡർഷോട്ടിലെ മലയാളി ഏജന്റ് കോടികൾ സമ്പാദിച്ച ന്യുകാസിൽ കെയർ ഹോമിലേക്ക് നൂറുകണക്കിന് മലയാളികളെ ജോലിക്കെത്തിച്ച സംഭവവും പുറത്തു വിട്ടത്. ഇത്തരം കേസുകളിൽ തുടർ നടപടികൾ ഉണ്ടാകുമ്പോൾ അതിനെ കോടതിയിൽ പോലും ചോദ്യം ചെയ്യാനുള്ള സാധ്യത അടക്കുവാൻ മാധ്യമ റിപ്പോർട്ടുകൾ സഹായിക്കും എന്ന ചിന്തയിൽ കൂടുതൽ വെളിപ്പെടുത്തൽ വിവരങ്ങൾ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. വിസ കച്ചവടത്തിന് ഇറങ്ങി പരാതികൾ കേൾക്കേണ്ടി വന്നവരും പരാതികൾ കേൾപ്പിക്കാത്തവരും ഒന്ന് പോലെ ഉറക്കം നഷ്ടപ്പെടുത്തേണ്ട ദിനരാത്രങ്ങൾ തന്നെയാകും വരാനിരിക്കുന്നത്. ഹംസയും ആമിറും നൽകിയ പണം മുഴുവൻ വിസ രേഖയ്ക്ക് ആണെന്നാണ് ധരിച്ചിരുന്നത്.

ഇത് തന്നെയാണ് ചതിക്കപ്പെട്ട മലയാളികളും കരുതുന്നത്. എന്നാൽ ഇന്നലെയും ബിബിസി നൽകിയ റിപ്പോർട്ടിൽ തുടക്കത്തിലേ ഹൈലൈറ്റ് ചെയ്തു പറയുന്നത് വിസയ്ക്കായി ബ്രിട്ടനിൽ മുടക്കേണ്ടത് കേവലം 284 പൗണ്ട് മാത്രം ആണെന്നാണ്. ഈ തുകയ്ക്ക് വേണ്ടിയാണു 15,000 മുതൽ 20,000 പൗണ്ട് വരെ മലയാളികൾ അടക്കമുള്ള വിസ കച്ചവട രംഗത്തെ കഴുകന്മാർ ഊറ്റിയെടുത്തത്. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും നിയമത്തിനു മുന്നിൽ എത്തിയാൽ തങ്ങൾ നടത്തിയത് വിസ കച്ചവടമെന്ന പേരിലുള്ള മനുഷ്യക്കടത്തു തന്നെ ആയിരുന്നു എന്ന് ഓരോ കച്ചവടക്കാരനും കച്ചവടക്കാരിക്കും സമ്മതിക്കേണ്ടി വരും.

കെയർ ഹോമുകളിലേക്ക് നടന്നതിന്റെ പത്തിരട്ടി വിസ കച്ചവടമാണ് ഡോം കെയർ എന്ന പേരിൽ നടന്നത്. സ്ഥിരം ജോലി സ്ഥലമോ ഓഫീസോ പോലും ഇല്ലാത്ത ഈ കച്ചവടത്തിൽ അണിയറയിൽ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. ഇടനില നിന്ന മലയാളി ഏജന്റുമാർക്കാകട്ടെ ഇപ്പോൾ തങ്ങൾ കൈമറിച്ച പണം സ്വന്തമാക്കിയ ആഫ്രിക്കൻ വംശജർ എവിടെയാണ് എന്ന് പോലും നിശ്ചയം ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ ഡോം കെയർ വിസ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് ജയിൽ ഒഴിവാക്കാൻ എന്താണ് മാർഗം എന്ന് ഇപ്പോൾ തന്നെ ഇടനില ഏജൻസിക്കാർ ചിന്തിച്ചു തുടങ്ങുന്നതും നല്ലതായിരിക്കും.

ഇപ്പോൾ ഹോം ഓഫീസിന്റെ ശ്രദ്ധ മുഴുവൻ പരാതി എത്തിയാൽ ഉടൻ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുക എന്നതാണ്. ഇതോടെ തുടർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത ഏജൻസിയിൽ എത്തപ്പെട്ട മുഴുവൻ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജോലിയും ഇല്ലാതാകും എന്നതാണ് നിലവിലെ സ്ഥിതി. അതിനാൽ ഡോം കെയർ വിസയ്ക്ക് പണം നൽകി എത്തിയ ഓരോ യുകെ മലയാളിക്കും നിലവിൽ ജോലി ഉണ്ടെങ്കിൽ പോലും നാളെ ജോലി ഉണ്ടാകുമോ എന്ന ചോദ്യത്തോടെ മാത്രമേ ഓരോ ദിവസവും യുകെയിൽ ജീവിക്കാനാകൂ. ചുരുക്കത്തിൽ പണം നൽകി ജീവിതത്തിലേക്ക് സമ്മർദ്ദം വിളിച്ചു വരുത്തിയ നിലയിലാണ് അടുത്തിടെയായി യുകെയിൽ എത്തിയ ഭൂരിഭാഗം മലയാളികളും.